കോഴിക്കോട്: ട്രാൻസ്ജെൻഡർ പ്രസവത്തിൽ വിവാദ പരാമർശവുമായി മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എംകെ മുനീർ എംഎൽഎ. പുരുഷൻ പ്രസവിച്ചുവെന്ന് പ്രചരിപ്പിക്കുന്നവർ മൂഢരുടെ സ്വർഗത്തിലാണ്. ട്രാൻസ്‌മാന് ഒരിക്കലും പ്രസവിക്കാനാവില്ല. പുരുഷൻ പ്രസവിച്ചുവെന്ന പ്രചാരണമാണ് മാധ്യമങ്ങൾ പോലും നടത്തുന്നതെന്നും എംകെ മുനീർ പറഞ്ഞു.
'പുരുഷൻ പ്രസവിച്ചുവെന്ന് പ്രചരിപ്പിക്കുന്നവർ മൂഢരുടെ സ്വർഗത്തില്‍': എംകെ മുനീർ - transman kozhikode
സഹദിന് കുഞ്ഞ് പിറന്നതോടുകൂടി രാജ്യത്തെ ആദ്യ ട്രാന്‍സ്‌മാന്‍ പ്രസവമെന്ന റെക്കോഡ് അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഈ വിഷയത്തിലാണ് എംകെ മുനീറിന്‍റെ വിവാദ പരാമര്‍ശം
പുറംതോടിൽ പുരുഷനായി മാറിയപ്പോഴും യഥാർഥത്തിൽ സ്ത്രീയായതുകൊണ്ടാണ് പ്രസവിക്കാൻ കഴിഞ്ഞത്. പുരുഷൻ പ്രസവിച്ചുവെന്ന തരത്തിലുള്ള പ്രചാരണം അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്നും എംകെ മുനീർ പറഞ്ഞു. കോഴിക്കോട് വിസ്‌ഡം ഇസ്‌ലാമിക് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രാൻസ്‌ജെന്‍ഡര്‍ ദമ്പതികളായ സഹദിനും സിയയ്ക്കുമാണ് കുഞ്ഞുപിറന്നത്. ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌മാന്‍ ഡെലിവറിയാണ് സഹദിന്‍റേത്.
സഹദ് ഗര്‍ഭപാത്രം നീക്കം ചെയ്യാതിരുന്നതും സിയ ലിംഗമാറ്റ ശസ്‌ത്രക്രിയ ചെയ്യാതിരുന്നതുമാണ് ഇവരുടെ സ്വപ്‌നം സഫലമാവാന്‍ സഹായകരമായത്. സഹദ് നേരത്തേ ഹോർമോൺ തെറാപ്പിയ്‌ക്കും ബ്രസ്റ്റ് റിമൂവലിനും വിധേയമായിരുന്നു. ഗർഭപാത്രം നീക്കാനുള്ള ഘട്ടമെത്തിയപ്പോഴാണ് കുഞ്ഞെന്ന ആഗ്രഹം പിറന്നത്. ഇതോടെ ഇവര്‍ താത്‌കാലികമായി ഹോര്‍മോണ്‍ തെറാപ്പി നിര്‍ത്തിവയ്‌ക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജില്‍ ഫെബ്രുവരി എട്ടിനാണ് പ്രസവം നടന്നത്.