കോഴിക്കോട് : ജെൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ വീണ്ടും വിവാദ പരാമർശവുമായി മുസ്ലിം ലീഗ് നേതാവ് ഡോ. എം.കെ മുനീർ എംഎൽഎ. മതങ്ങളുടെ പ്രാഥമിക മൂല്യത്തെ തകർക്കുന്നതാണ് ജെൻഡർ ന്യൂട്രാലിറ്റി. അരാജകത്വം ഉണ്ടാക്കുന്ന സാഹചര്യത്തിലേക്ക് ഇത് നയിക്കുന്നു. ലിംഗ നീതിയും ജെൻഡര്‍ സെൻസിറ്റൈസേഷനും ആണ് വേണ്ടത്. ജെൻസർ ന്യൂട്രാലിറ്റിയല്ലെന്നും എം.കെ മുനീർ പറഞ്ഞു.
ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളെ കണ്ട് യുവജന പ്രസ്ഥാനങ്ങളും പുതിയ പാഠ്യപദ്ധതി ചർച്ച ചെയ്യരുത് എന്ന നിലപാട് സ്വീകരിക്കുകയാണ്. ഇത് വിദ്യാർഥികളുടെ ഭാവിയെയാണ് ബാധിക്കുന്നത്. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ്റെ നേതൃത്വത്തിൽ 'കേരള പാഠ്യപദ്ധതി ചട്ടക്കൂട് കാണാപ്പുറങ്ങൾ' എന്ന വിഷയത്തിൽ കോഴിക്കോട് കെ.പി കേശവമേനോൻ ഹാളിൽ നടന്ന സെമിനാറിലായിരുന്നു എം.കെ മുനീറിന്‍റെ വാദങ്ങള്‍.
ലിംഗസമത്വം എന്ന പേരില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മതനിരാസം പ്രോത്സാഹിപ്പിക്കുന്നെന്ന് എം.കെ. മുനീര്‍ മുൻപും വിമർശനം ഉന്നയിച്ചിരുന്നു. ലിംഗസമത്വമാണെങ്കില്‍ പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാല്‍ എന്താണ് കുഴപ്പെന്നും എംഎസ്എഫ് സംഘടിപ്പിച്ച പരിപാടിയിൽ മുനീര്‍ ചോദിച്ചിരുന്നു.
'പുതിയ പാഠ്യപദ്ധതിയുടെ കരട് ചര്‍ച്ച ചെയ്യാന്‍വച്ചിരിക്കുകയാണ്. സ്ത്രീയ്ക്കും പുരുഷനും തുല്യത ഉണ്ടാകണമെന്നാണ് അതില്‍ പറയുന്നത്. ഇനിമുതല്‍ സ്ത്രീയ്ക്കും പുരുഷനും ഒരു ബാത്ത് റൂം മാത്രമേ സ്‌കൂളുകളില്‍ ഉണ്ടാകൂ. മതമില്ലാത്ത ജീവന്‍ എന്നുപറഞ്ഞ് മതനിഷേധത്തെ കടത്തിയതുപോലെ ഇപ്പോള്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന പേരില്‍ വീണ്ടും മതനിഷേധത്തെ സ്‌കൂളുകളിലേക്ക് കൊണ്ടുവരാനുള്ള പാഠ്യപദ്ധതി തയാറായിക്കഴിഞ്ഞിരിക്കുന്നു. ആണ്‍കുട്ടികള്‍ക്കെന്താ ചുരിദാര്‍ ചേരില്ലേ? പിണറായി വിജയനും ഭാര്യയും യാത്രചെയ്യുമ്പോള്‍ എന്തിനാണ് ഭാര്യയെക്കൊണ്ട് പാന്‍റ് ഇടീക്കുന്നത്? പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാല്‍ എന്താണ് കുഴപ്പം?', മുനീര്‍ ചോദിക്കുന്നു.