കോഴിക്കോട്:ഗോസായി കടൽത്തീരത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള 28 ചിത്രങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് എം.കെ ജയകൃഷ്ണന്‍റെ ചിത്രപ്രദർശനം ആരംഭിച്ചു. കടലിന്‍റെ സൂക്ഷ്മമായ ഭാവമാറ്റങ്ങൾ വളരെ നിയന്ത്രിതമായ വർണ വിന്യാസങ്ങളിലൂടെയാണ് ജയകൃഷ്ണൻ ആവിഷ്കരിച്ചിരിക്കുന്നത്. വിദേശ വാസത്തിന് ശേഷം കേരളത്തിൽ എത്തിയ ജയകൃഷ്ണൻ പ്രകൃതി ദൃശ്യങ്ങളെ കൂടുതലായും തന്‍റെ ക്യാൻവാസിലേക്ക് പകർത്തുകയായിരുന്നു. ഗോസായി കുന്നുകളും കടൽത്തീരവും ചുറ്റുപാടുമെല്ലാം ജയകൃഷ്ണന്‍റെ വരകളിൽ നിറഞ്ഞു. കടൽ തീരത്തിന്‍റെയും അതിന്‍റെ ചുറ്റുപാടിന്‍റെയും വിവിധ ഭാവമാറ്റങ്ങൾ തന്‍റെ രചനയിൽ ഉൾപ്പെടുത്തിയത് വളരെ ശ്രമകരമായിട്ടാണെന്ന് ജയകൃഷ്ണൻ പറഞ്ഞു.
കടലിന്‍റെ വിവിധ ഭാവങ്ങളുമായി എം.കെ ജയകൃഷ്ണന്‍റെ ചിത്രപ്രദർശനം ആരംഭിച്ചു
കടൽ തീരത്തിന്‍റെയും അതിന്‍റെ ചുറ്റുപാടിന്‍റെയും വിവിധ ഭാവമാറ്റങ്ങൾ തന്‍റെ രചനയിൽ ഉൾപ്പെടുത്തിയത് വളരെ ശ്രമകരമായിട്ടാണെന്ന് ജയകൃഷ്ണൻ പറഞ്ഞു.
കലാലയ ജീവിതമാണ് ജയകൃഷ്ണനെ ചിത്രകാരനാക്കിയത്. 1975 - 1980 കാലയളവിൽ മടപ്പള്ളി കോളജിൽ പഠിച്ച ജയകൃഷ്ണൻ സോണൽ യുവജനോത്സവങ്ങളിലും സർവകലാശാല കലോത്സവത്തിലും പെയിന്‍റിങിലും പെൻസിൽ ഡ്രോയിങിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. പി.വി നാരായണൻ ആചാരി ഗുരുവാണ് ജയകൃഷ്ണന് ചിത്രരചനയുടെ ബാലപാഠങ്ങൾ പകർന്നു നൽകിയത്. തുടർന്ന് ജയകൃഷ്ണൻ കെജിടിഇ പഠനം പൂർത്തിയാക്കി. ചെന്നൈയിലെ പരസ്യചിത്ര നിർമാണ മേഖലകളിലെ സജീവ സാന്നിധ്യം കൂടിയാണ് ജയകൃഷ്ണൻ.
1990 മുതൽ 96 വരെ ചെന്നൈയിലെ പല പ്രശസ്‌ത ആർട്ട് ഗാലറികളിലും ചിത്രപ്രദർശനം നടത്തിയിട്ടുണ്ട്. പ്രവാസകാലത്ത് സൗദി അറേബ്യയിലും ചിത്രപ്രദർശനം നടത്തിയിരുന്നു. ഏറ്റവും കൂടുതൽ ആളുകൾ പ്രദർശനത്തിൽ എത്തിയതും ചിത്രങ്ങൾ വാങ്ങിയിട്ടുള്ളതും സൗദി അറേബ്യയിൽ നിന്നായിരുന്നവെന്ന് ജയകൃഷ്ണൻ പറഞ്ഞു. കേരളത്തിൽ ആദ്യമായിട്ടാണ് ജയകൃഷ്ണൻ ചിത്ര പ്രദർശനം നടത്തുന്നത്. ചിത്രപ്രദർശനം 13ന് സമാപിക്കും.