കോഴിക്കോട് : ബാലുശേരിയിലെ റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരന്‍റെ തിരോധാന കേസില്‍ ഒരു മാസമായിട്ടും തുമ്പില്ലാതെ പൊലീസ്. എരമംഗലം സ്വദേശിയായ ആട്ടൂര്‍ മുഹമ്മദ് എന്ന മാമിക്കയെയാണ് (56) കഴിഞ്ഞ ഒരു മാസമായി കാണാനില്ലാത്തത് (Man Missing Case in Kozhikode). കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് ഉദ്യോഗസ്ഥരില്‍ നിന്നും ലഭിക്കുന്ന വിവരം (Missing Real Estate Businessman Not Found).
കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ രാജ്‌പാൽ മീണയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കഴിഞ്ഞ 20 ദിവസമായി ഈ കേസിൻ്റെ പിന്നിലുണ്ട്. പലരുമായും മുഹമ്മദ് കോടികളുടെ ബിസിനസ് നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. ബന്ധുക്കളുടെയും മുഹമ്മദുമായി പണമിടപാട് നടത്തിയവരുടെയും അടക്കം 150 തോളം പേരുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചു. കേരളത്തിന് പുറത്തേക്ക് മുഹമ്മദ് (Real Estate Businessman Went Missing) യാത്ര ചെയ്യാൻ സാധ്യതയുള്ള കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ പല ഓഫിസുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി.
വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് വിമാന താവളങ്ങളിൽ മുന്നറിയിപ്പും നൽകി. മുഹമ്മദുമായി നേരത്തെ സാമ്പത്തിക ഇടപാടുകൾ നടത്തിയവരടക്കമുള്ളവരെ ചുറ്റിപ്പറ്റിയും പൊലീസ് അന്വേഷണം നടത്തിയിരുന്നു. ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യത കാരണം ഒളിവില്‍ കഴിയുകയോ അല്ലെങ്കില്‍ മറ്റാരെങ്കിലും ഒളിവില്‍ പാര്‍പ്പിക്കുകയോ ചെയ്‌തതാകാമെന്ന വിലയിരുത്തലിലാണ് പൊലീസ്.