കോഴിക്കോട് : വെള്ളിമാടുകുന്ന് ഗവൺമെന്‍റ് ബോയ്‌സ് ഹോമിലെ അന്തേവാസിയെ കാണാതായി (Missing From Government Boys Home). ഉത്തർപ്രദേശ് സ്വദേശി ശിവയെ (16) ആണ് കാണാതായത്. ഹോമിൽ നിന്ന് പുറത്തേക്ക് ഓടി പോയതാണെന്നാണ് വിവരം. പോകുമ്പോൾ വെള്ള കള്ളി ഷർട്ടും, വെളുത്ത ട്രൗസറുമാണ് ധരിച്ചിരുന്നത്. കയ്യിൽ ശിവ എന്ന് പച്ച കുത്തിയിട്ടുണ്ട്. സംസാരശേഷിയില്ലാത്ത കുട്ടിയാണ്. എരഞ്ഞിപ്പാലം മലാപ്പറമ്പ് ഭാഗത്തേക്ക് പോയതായാണ് വിവരം. ചേവായൂർ പൊലീസ് അന്വേഷണം തുടങ്ങി.
ഇതിന് മുന്‍പ് ഇത്തരത്തില്‍ ചിൽഡ്രൻസ് ഹോമിൽ നിന്ന് 15 നും 17 നും ഇടയിൽ പ്രായമുള്ള ആറ് പെൺകുട്ടികളെ കാണാതായിരുന്നു. ചിൽഡ്രൻസ് ഹോമിലെ അടുക്കള ഭാഗത്തെ മതിലില്‍ ഏണിവച്ച് കയറിയാണ് പെൺകുട്ടികള്‍ രക്ഷപ്പെട്ടത്. ഇതിൽ രണ്ട് പേർ സഹോദരികളാണ്. കാണാതായ ആറുപേരിൽ രണ്ടുകുട്ടികളെ ബെംഗളൂരുവിൽ നിന്നും നാലുപേരെ മലപ്പുറം എടക്കരയിൽ നിന്നുമാണ് കണ്ടെത്തിയത്. സ്വകാര്യ ബസില്‍ നാട്ടിലേക്ക് വരുമ്പോള്‍ മാണ്ഡ്യയില്‍ വച്ച് മഡിവാള പൊലീസ് പെണ്‍കുട്ടികളെ കണ്ടെത്തിയിരുന്നു.
പെൺകുട്ടികൾ രക്ഷപ്പെട്ടത് രണ്ട് യുവാക്കളുടെ സഹായത്തോടെയാണെന്ന് പൊലീസ് അറിയിച്ചിരുന്നു. ട്രെയിൻ മാർഗമാണ് പെൺകുട്ടികൾ ബെംഗളൂരുവിൽ എത്തിയത്. മഡിവാളയിലെ ഹോട്ടലിൽ നിന്ന് പെൺകുട്ടിയെയും ഒപ്പം രണ്ട് യുവാക്കളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കാണാതായ മറ്റ് നാല് പെൺകുട്ടികളെ മലപ്പുറം എടക്കരയിൽ നിന്ന് കണ്ടെത്തിയിരുന്നു. ബെംഗളൂരുവിൽ നിന്ന് ട്രെയിൻ മാർഗം പാലക്കാടും പിന്നീട് ഇവർ ബസിൽ എടക്കരയിലുമെത്തി.
ബെംഗളൂരു യാത്രക്കിടെ ഒപ്പമുണ്ടായിരുന്ന യുവാക്കൾക്കെതിരെ പെൺകുട്ടികള്‍ പോലീസില്‍ മൊഴി നല്‍കുകയും ചെയ്‌തിരുന്നു. യുവാക്കൾ മദ്യം കുടിപ്പിച്ചെന്നും പീഡനത്തിന് ശ്രമിച്ചെന്നും പെൺകുട്ടികൾ പൊലീസിന് മൊഴി നൽകി. ഗോവയിലേക്ക് കടക്കാനായിരുന്നു പദ്ധതിയിട്ടത്. എന്നാൽ വാർത്ത പടർന്നതോടെ നാട്ടിലേക്ക് തിരിച്ചു.