കോഴിക്കോട്:നാദാപുരം മേഖലയിൽ അഞ്ചാംപനി വ്യാപിക്കുന്നു. രണ്ടുപേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 35 ആയി ഉയർന്നു. എട്ട് പഞ്ചായത്തുകളിലാണ് രോഗം റിപ്പോർട്ട് ചെയ്‌തത്.
തിങ്കളാഴ്‌ച (16-1-2023) മാത്രം നാദാപുരം പഞ്ചായത്തിൽ ആറുപേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ചൊവ്വാഴ്‌ച (17-1-2023) രണ്ട് പേർക്കും രോഗബാധ റിപ്പോർട്ട് ചെയ്‌തിരുന്നു. നാദാപുരം 25, പുറമേരി 2, വളയം 1, നരിപ്പറ്റ 2, കാവിലുംപാറ 1, മരുതോങ്കര 2, കുറ്റ്യാടി 1, വാണിമേൽ 1 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. മരുതോങ്കരയിൽ 10 മാസം പ്രായമായ കുട്ടിക്കാണ് അസുഖം ബാധിച്ചത്.
നാദാപുരം പഞ്ചായത്തിലെ 6, 7, 19 വാർഡുകളിലാണ് ആദ്യദിനങ്ങളിൽ രോഗം സ്ഥിരീകരിച്ചത്. പിന്നീട് മറ്റ് വാർഡുകളിലേക്ക് രോഗം വ്യാപിക്കുകയായിരുന്നു. പ്രതിരോധ പ്രവർത്തനം ഊർജിതമായി നടക്കുന്നതിനിടെയാണ് രോഗബാധിതരുടെ വർധന.
വാക്‌സിനെടുക്കാതെ കുടുംബങ്ങൾ:345 പേർ നാദാപുരത്ത് വാക്‌സിൻ സ്വീകരിക്കാനുണ്ടെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണക്ക്. ഇതിൽ 70 പേർ മാത്രമാണ് കുത്തിവെയ്‌പ് എടുത്തിരിക്കുന്നത്. ജനസാന്ദ്രതയേറിയ പ്രദേശത്ത് പല കുടുംബങ്ങളും അഞ്ചാംപനി വാക്‌സിനോട് മുഖം തിരിക്കുന്നതാണ് വിഷയം സങ്കീർണ്ണമാക്കിയതെന്ന് നാദാപുരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ എം ജമീല ഇടിവി ഭാരതിനോട് വ്യക്തമാക്കിയിരുന്നു.
ഡോർ ടു ഡോർ കാമ്പയിനിന്‍റെ ഭാഗമായി അഞ്ചാം പനിക്കെതിരെ തിങ്കളാഴ്‌ച നാല് കുട്ടികൾക്ക് മത്രമാണ് വാക്‌സിൻ നൽകാൻ കഴിഞ്ഞത്. സൂപ്രണ്ടിൻ്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ 350 ലേറെ വീടുകളിൽ ബോധവൽക്കണം നടത്തിയിരുന്നു. ഒരു മണിക്കൂറിലേറെ സംസാരിച്ചതിന് ശേഷമാണ് ചിലർ വാക്‌സിനേഷന് തയാറാവുന്നത്. അതും ആരോഗ്യ പ്രവർത്തകർ ഉത്തരവാദിത്വം ഏറ്റെടുത്ത് ചെയ്യേണ്ട അവസ്ഥയാണെന്നും സൂപ്രണ്ട് പറഞ്ഞു.
ചൊവ്വാഴ്‌ച ചിയ്യൂരിലും ചേലക്കാട് പൗർണമിയിലും വാക്‌സിനേഷനായി ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. നാദാപുരം പഞ്ചായത്തിലെ ഖതീബുമാർ, മഹല്ല് പ്രതിനിധികൾ, അമ്പലക്കമ്മിറ്റി പ്രതിനിധികൾ എന്നിവരുടെ യോഗം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പഞ്ചായത്ത് ഹാളിൽ ചേരും. മതണ്ഡിതർ, മഹല്ല് കമ്മറ്റി എന്നിവരുടെ സഹായത്തോടെ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനാണ് യോഗം ചേരുന്നത്.