കേരളം

kerala

ETV Bharat / state

നാദാപുരത്ത് അഞ്ചാംപനി പടരുന്നു; 33 പേർക്ക് രോഗബാധ, ജനസാന്ദ്രതയേറിയ പ്രദേശത്തെ കുടുംബങ്ങള്‍ വാക്‌സിനോട് മുഖംതിരിക്കുന്നതായി പരാതി - മരുതോങ്കര

പല കുടുംബങ്ങളും അഞ്ചാംപനി വാക്‌സിനോട് മുഖം തിരിക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങൾ സങ്കീർണമാക്കുകയാണെന്ന് നാദാപുരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ എം ജമീല പറഞ്ഞു.

measles nadapuram  nadapuram  kozhikode  Measles outbreak in nadapuram  നാദാപുരം  നാദാപുരം താലൂക്ക് ആശുപത്രി  നാദാപുരത്ത് അഞ്ചാംപനി പടരുന്നു  പുറമേരി  നരിപ്പറ്റ  മരുതോങ്കര
നാദാപുരത്ത് അഞ്ചാംപനി

By

Published : Jan 17, 2023, 12:22 PM IST

കോഴിക്കോട്:നാദാപുരം മേഖലയിൽ അഞ്ചാംപനി പടരുന്നു. ഇതുവരെ 33 പേർക്കാണ് ഇവിടെ രോഗം ബാധിച്ചത്. എട്ട്‌ പഞ്ചായത്തുകളിലാണ് രോഗം റിപ്പോർട്ട് ചെയ്‌തത്. തിങ്കളാഴ്‌ച(16.01.2023) മാത്രം നാദാപുരം പഞ്ചായത്തിൽ ആറുപേർക്ക് രോഗം സ്ഥിരീകരിച്ചു.

നാദാപുരം 23, പുറമേരി രണ്ട്, വളയം ഒന്ന്, നരിപ്പറ്റ രണ്ട്, കാവിലുംപാറ ഒന്ന്, മരുതോങ്കര രണ്ട്, കുറ്റ്യാടി ഒന്ന്, വാണിമേൽ ഒന്ന് എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. മരുതോങ്കരയിൽ 10 മാസം പ്രായമായ കുട്ടിക്കാണ് അസുഖം ബാധിച്ചത്. 22 വയസുള്ള ഒരു യുവതിക്കും അഞ്ചാം പനി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

നാദാപുരത്ത് 6, 7, 19 വാർഡുകളിലാണ് ആദ്യദിനങ്ങളിൽ രോഗം സ്ഥിരീകരിച്ചത്. പിന്നീട് മറ്റ് വാർഡുകളിലേക്ക് രോഗം വ്യാപിക്കുകയായിരുന്നു. പ്രതിരോധ പ്രവർത്തനം ഊർജിതമായി നടക്കുന്നതിനിടെയാണ് രോഗബാധിതരുടെ വർധന.

പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കാതെ 345 പേർ: നാദാപുരത്ത് 345 പേർ വാക്‌സിൻ സ്വീകരിക്കാനുണ്ടെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണക്ക്. ഇതിൽ 70 പേർ മാത്രമാണ് കുത്തിവയ്‌പ്പ് എടുത്തിരിക്കുന്നത്. ജനസാന്ദ്രതയേറിയ പ്രദേശത്ത് പല കുടുംബങ്ങളും അഞ്ചാംപനി വാക്‌സിനോട് മുഖം തിരിക്കുന്നതാണ് വിഷയം സങ്കീർണമാക്കിയതെന്ന് നാദാപുരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ എം ജമീല ഇടിവി ഭാരതിനോട് പറഞ്ഞു.

ഡോർ ടു ഡോർ കാമ്പയിനിന്‍റെ ഭാഗമായി അഞ്ചാം പനിക്കെതിരെ തിങ്കളാഴ്‌ച നാല്‌ ‌കുട്ടികൾക്ക്‌ മാത്രമാണ് വാക്‌സിൻ നൽകാൻ കഴിഞ്ഞത്. സൂപ്രണ്ടിൻ്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ 350 ലേറെ വീടുകളിൽ ബോധവത്‌കരണം നടത്തി. ഒരു മണിക്കൂറിലേറെ സംസാരിച്ചതിന് ശേഷമാണ് ചിലർ വാക്‌സിനേഷന് തയാറാവുന്നത്. അതും ആരോഗ്യ പ്രവർത്തകർ ഉത്തരവാദിത്തം ഏറ്റെടുത്ത് ചെയ്യേണ്ട അവസ്ഥയാണെന്നും സൂപ്രണ്ട് പറഞ്ഞു.

ഇന്ന് ചിയ്യൂരിലും ചേലക്കാട് പൗർണമിയിലും വാക്‌സിനേഷനായി ക്യാമ്പ് നടത്തുന്നുണ്ട്. നാദാപുരം പഞ്ചായത്തിലെ ഖതീബുമാർ, മഹല്ല്‌ പ്രതിനിധികൾ, അമ്പലക്കമ്മിറ്റി പ്രതിനിധികൾ എന്നിവരുടെ യോഗം നാളെ (18.01.2023) പകൽ മൂന്നിന്‌ പഞ്ചായത്ത് ഹാളിൽ ചേരും. മതപണ്ഡിതർ, മഹല്ല് കമ്മറ്റി എന്നിവരുടെ സഹായത്തോടെയാണ് ജനങ്ങളെ ബോധവത്‌കരിക്കുന്നത്.

എന്താണ് അഞ്ചാം പനി അഥവാ മീസൽസ്: മിക്സോ വൈറസ് വിഭാഗത്തിൽ പെടുന്ന മോർബിലി വൈറസ് ഉണ്ടാക്കുന്ന അസുഖമാണ് അഞ്ചാം പനി. നമ്മുടെ നാട്ടിൽ ആറു മാസം മുതൽ മൂന്നു വയസ് വരെയുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതലായും കണ്ടു വരുന്നത്. അമ്മയിൽ നിന്ന് പകർന്നുകിട്ടിയ ആന്‍റിബോഡീസ് ശരീരത്തിൽ ഉള്ളത് കൊണ്ടാണ് ആറു മാസം വരെയുള്ള കുട്ടികളിൽ അധികം കാണപ്പെടാത്തത്. എങ്കിലും കൗമാരപ്രായത്തിലും മുതിർന്നവരിലും അഞ്ചാം പനി ഉണ്ടാവാറുണ്ട്.

രോഗലക്ഷണങ്ങൾ:പനിയാണ് ആദ്യത്തെ ലക്ഷണം. കൂടെ ചുമ, കണ്ണ് ചുവക്കൽ, ജലദോഷം എന്നിവയും ഉണ്ടാകും. അതു കഴിഞ്ഞു നാലു ദിവസം പിന്നിടുമ്പോഴേക്കും ചെവിയുടെ പുറകിൽ നിന്നു തുടങ്ങി മുഖത്തേക്ക് പടർന്ന് ശേഷം ദേഹമാസകലം ചുവന്ന പൊടുപ്പുകൾ കാണപ്പെടും.

അപ്പോഴേക്കും പനി പൂർണമായും ഭേദമാകും. കൂടാതെ വയറിളക്കം, ഛർദി, ശക്തമായ വയറുവേദന, അപ്പെൻഡിക്‌സ് പഴുപ്പ് ഒക്കെയുണ്ടാകാം. വയറിളക്കം കൃത്യ സമയത്ത് ചികിത്സിച്ചില്ലെങ്കിൽ നിർജലീകരണം മൂലം മരണം വരെ സംഭവിക്കാം.

എങ്ങനെയാണ് രോഗം പകരുന്നത്: അസുഖമുള്ള ഒരാളുടെ കണ്ണിൽ നിന്നുള്ള സ്രവത്തിൽ നിന്നോ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന കണങ്ങൾ വഴിയോ രോഗപ്പകർച്ചയുണ്ടാകാം. മുഖാമുഖം സമ്പർക്കം വേണമെന്നില്ല. ഒരു രോഗിയുടെ സ്രവങ്ങളുമായി സമ്പർക്കമുണ്ടായ 90 ശതമാനം ആൾക്കാർക്കും അഞ്ചാം പനി പിടിപെടാം.

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം പ്രതിരോധ കുത്തിവയ്‌പ്പുകൾ ലഭ്യമാവുന്നതിന് മുൻപ് അഞ്ചാം പനി പിടിപെടുന്ന കുട്ടികളുടെ എണ്ണവും അതു കാരണം മരണം സംഭവിക്കുന്ന എണ്ണവും ഒരുപാട് കൂടുതലായിരുന്നു. കുത്തിവയ്‌പ്പ് കണ്ടുപിടിച്ചതിന് ശേഷവും അത് സ്വീകരിക്കുന്നവരുടെ എണ്ണം കുറവായതിനാൽ ലോകത്ത് തന്നെ 1.4 ലക്ഷം കുട്ടികൾ അഞ്ചാം പനി മൂലം ഓരോ വർഷവും മരണപ്പെട്ടിരുന്നു.

സങ്കീർണതകൾ: അഞ്ചാം പനി കാരണം എറ്റവും കൂടുതൽ ഉണ്ടാകുന്ന പ്രശ്‌നം വയറിളക്കത്തിന്‍റെ ഭാഗമായുള്ള നിർജലീകരണവും ചെവിയിലെ പഴുപ്പുമാണ് (otitis media). ഈ പഴുപ്പ് യഥാവിധം ചികിത്സിച്ചില്ലെങ്കിൽ മെനിഞ്ചിറ്റീസ് പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാകാം. വിറ്റാമിൻ എ യുടെ കുറവും വ്യത്യസ്‌ത തരത്തിലുള്ള ശ്വാസകോശ രോഗങ്ങളും ഈയസുഖത്തിന്‍റെ ഭവിഷ്യത്തുകളാണ്.

എന്നിരുന്നാലും അഞ്ചാം പനി കാരണമുള്ള മരണങ്ങൾ സംഭവിക്കുന്നതിന്‍റെ പ്രധാന വില്ലൻ ന്യുമോണിയ തന്നെയാണ്. തത്‌കാലം വലിയ കുഴപ്പങ്ങളില്ലാതെ ഭേദമായാലും അഞ്ചാം പനി അസുഖം വന്ന് 7-10 വർഷങ്ങൾ കഴിഞ്ഞാലും തലച്ചോറിനെ ബാധിക്കുന്ന സബ് അക്യൂട്ട് സ്ക്ലിറോസിങ് എൻസെഫലെെറ്റിസ് (subacute sclerosing encephalitis) എന്ന അവസ്ഥ മരണത്തിന് വരെ കാരണമായേക്കാം.

ആളുടെ സ്വഭാവത്തിൽ ക്രമേണയുണ്ടാകുന്ന വ്യതിയാനങ്ങൾ, പഠനത്തിൽ പെട്ടെന്ന് പിറകോട്ടു പോകുക, ദേഷ്യവും വാശിയും കൂടുതലുണ്ടാവുക എന്നിവയിൽ തുടങ്ങി ശരീരം മുഴുവൻ ബലം പിടിക്കുന്ന അവസ്ഥയിലേക്ക് പോയി അബോധാവസ്ഥയും ശ്വാസമെടുക്കാൻ വെന്‍റിലേറ്റർ സഹായവും ഒക്കെയായി മിക്കവാറും മരണത്തിലേക്ക് വഴുതിവീഴാൻ സാധ്യതയേറെയാണ്. അതായത്, നമ്മൾ പ്രതീക്ഷിക്കുന്ന പോലെ അത്ര നിരുപദ്രവകാരിയല്ല ഈ വൈറസും അഞ്ചാം പനി എന്ന അസുഖവും.

പ്രതിരോധ മാർഗങ്ങൾ:അഞ്ചാം പനി വരാതിരിക്കാൻ പ്രധാനമായും ചെയ്യേണ്ടത് പ്രതിരോധ കുത്തിവയ്‌പ്പുകൾ എടുക്കുക എന്നതാണ്. കുത്തിവയ്‌പ്പ് പട്ടിക പ്രകാരം കുട്ടിക്ക് ഒമ്പത് മാസം തികയുമ്പോൾ ആദ്യ ഡോസ് എംആറും കൂടെ വിറ്റാമിൻ എ തുള്ളികളും നൽകണം. രണ്ടാമത്തെ ഡോസ് ഒന്നര വയസ് മുതൽ രണ്ടുവയസാവുന്നത് വരെയുള്ള പ്രായത്തിൽ ചെയ്യാം.

വലതു കൈയിലാണ് ഈ കുത്തിവയ്‌പ്പ്. ഒരു ഉറുമ്പരിക്കുന്ന വേദനമാത്രമേ കുത്തിവയ്‌പ്പിനുള്ളു. വളരെ അപൂർവമായി കുത്തിവയ്‌പ്പിന് ശേഷം കുട്ടികളിൽ ചെറിയ പനിയോ ദേഹത്ത് തടിപ്പോ ഉണ്ടാകാം. തീർത്തും പേടിക്കേണ്ടാത്തവയുമാണ്.

ABOUT THE AUTHOR

...view details