നഗരത്തിന്‍റെ ഏറെക്കാലത്തെ കാത്തിരിപ്പിനു വിരാമമിട്ട്മാവൂർ റോഡ് ശ്മശാന നവീകരണം യാഥാർത്ഥ്യമാകുന്നു. എ. പ്രദീപ് കുമാർ എംഎൽഎ യുടെയും കോർപ്പറേഷന്‍റെയും ഫണ്ട് ഉപയോഗിച്ചാണ് പദ്ധതിയുടെ നിർമ്മാണം. യുഎൽസിസിഎസ്സാണ് റോഡ് നിർമ്മാണ കരാറുകൾ ഏറ്റെടുത്തിരിക്കുന്നത്. ശ്മശാനനവീകരണത്തിനായി 4.5 കോടിയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ 2.25 കോടി രൂപ പ്രദീപ് കുമാർ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്നും 1.75 കോടി കോർപ്പറേഷൻ ഫണ്ടിൽ നിന്നുമാണ് ലഭ്യമാക്കുന്നത്.
കാത്തിരിപ്പിനു വിരാമമിട്ട് മാവൂർറോഡ് ശ്മശാന നവീകരണം - ശ്മശാനം
കോഴിക്കോട് നഗരത്തിന്‍റെ പ്രതിസന്ധികളിൽ ഒന്നായ മാവൂർറോഡ് ശ്മശാനത്തിന്‍റെ നവീകരണം യാഥാർത്ഥ്യമാക്കുന്നു. നോർത്ത് നിയോജകമണ്ഡലം വികസനപദ്ധതിയുടെ ഭാഗമായി 4.5 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്.
പിഡബ്ല്യുഡി ആർക്കിടെക്ചർ വിഭാഗം തയ്യാറാക്കിയ രൂപരേഖ അനുസരിച്ചാണ് നവീകരണം. ആദ്യഘട്ടമായി എംഎൽഎയുടെ 50 ലക്ഷവും കോർപ്പറേഷൻ്റെ 75 ലക്ഷവും ഉപയോഗിച്ചുള്ള ജോലികളാണ് തുടങ്ങുന്നത്. ഈ പദ്ധതിക്ക് പുറമേ നിലവിൽ ഇവിടെ പ്രവർത്തിക്കുന്ന വൈദ്യുതി ശ്മശാനത്തിനോട് ചേർന്ന് സ്പോണസർഷിപ്പിൽ മറ്റൊരു ഗ്യാസ് ശ്മശാനം കൂടി സ്ഥാപിക്കാനും സാധ്യത തെളിയുന്നുണ്ട്. കൂടാതെ മൃതദേഹങ്ങൾ ദഹിപ്പിക്കാനായി ആധുനികരീതിയിലുള്ള മൂന്ന് ഗ്യാസ് ചേംബറുകൾ നിർമ്മിക്കും. പുക പോകാനായി ഉയരം കൂടിയ ചിമ്മിനികളും അന്തരീക്ഷ മലിനീകരണം തടയാൻ പ്രത്യേക നടപടികളും എടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പുക പുറത്തേക്ക് വിടുന്നത് ഫിൽറ്ററിങ്ങിനു ശേഷമായിരിക്കും. ഇപ്പോൾ ശ്മശാനത്തിൽ ശുചിമുറികൾ, കുളിമുറി, സ്റ്റോറേജ് സൗകര്യങ്ങളൊന്നുമില്ല. എന്നാൽ ഈ പദ്ധതിയിൽ ഇവയൊക്കെ അടങ്ങിയിട്ടുണ്ട്. അനുശോചന യോഗം ചേരുന്നതിനു പറ്റിയ ഹാളും നിർമിക്കുന്നതാണ്. വാഹന പാർക്കിങ് സൗകര്യവും നടപ്പാത, ഉദ്യാനം, അലങ്കാര വിളക്കുകൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുറെ കാലത്തെ കാത്തിരിപ്പിനു ശേഷമാണ് മാവൂർറോഡ് ശ്മശാന നവീകരണം തുടങ്ങുന്നത്. ശുചിത്വത്തിന് ഏറെ പ്രാധാന്യം നൽകിയാണ് ശ്മശാന നവീകരണ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.