കോഴിക്കോട്: മാവൂർ ഹെൽത്ത് ഇൻസ്പെക്‌ടറെ ചെറൂപ്പ ആശുപത്രി ഓഫിസിൽ കയറി മർദിച്ചയാളെ മാവൂർ പൊലീസ് അറസ്റ്റ് ചെയ്‌തു. കണ്ണിപറമ്പ് കുഴിമന ആനന്ദനെയാണ്(43) മാവൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്. പരിക്കേറ്റ ഹെൽത്ത് ഇൻസ്പെക്‌ടർ നരിക്കുനി കിഴക്കേമീളംപാറചാലിൽ കെ.സി പ്രജിത്തിനെ(31) ചെറൂപ്പ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കിണറിൽ സെപ്റ്റിക് മാലിന്യം കലർന്ന വിഷയത്തിൽ നടപടിയെടുത്തില്ലെന്ന് ആരോപിച്ചായിരുന്നു ഏതാനും പേർ ഹെൽത്ത് ഇൻസ്പെക്‌ടറെ മർദിച്ചത്. സമീപത്തെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്നുള്ള മാലിന്യം വീട്ടുകിണറ്റിൽ എത്തുന്നു എന്നാരോപിച്ച് സുനന്ദ മാസങ്ങൾക്കു മുമ്പ് പരാതി നൽകിയിരുന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കിണറിലെ വെള്ളം ശേഖരിച്ച് അയച്ച പരിശോധനയിൽ കിണറിൽ ഇ-കോളി ബാക്‌ടീരിയയുടെ സാന്നിധ്യം കണ്ടെത്താനായില്ല.
വീട്ടുകാർ സ്വന്തമായി സ്വന്തമായി സാമ്പിളെടുത്ത് അയച്ചപ്പോൾ ഇ-കോളി ബാക്‌ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്രെ. റിപ്പോർട്ടിലെ വൈരുധ്യം കാരണം ആരോഗ്യ വകുപ്പ് അധികൃതർ എത്തി വീണ്ടും സാമ്പിൾ ശേഖരിച്ചെങ്കിലും വീട്ടുകാർ പരിശോധനക്ക് അയച്ചില്ല. വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം ബ്ലോക്ക് പട്ടികജാതി വികസന ഓഫിസറും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഗ്രാമപഞ്ചായത്ത് പ്രതിനിധികളും ജീവനക്കാരും അടക്കമുള്ളവർ വീട്ടിലെത്തിയിരുന്നു.