കോഴിക്കോട്:ഹജ്ജ് കർമങ്ങൾക്കായി കേരളത്തില്‍ നിന്ന് അപേക്ഷ നല്‍കിയ നിരവധി പേര്‍ക്ക് ഇത്തവണ അവസരം നഷ്ടപ്പെടും. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തീർഥാടകരുടെ എണ്ണം സൗദി അറേബ്യ വെട്ടിക്കുറച്ചതാണ് കാരണം. ഇന്ത്യയില്‍ നിന്ന് മൊത്തം അയ്യായിരം പേര്‍ക്ക് മാത്രമാണ് അവസരം ലഭിക്കുക. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദി അറേബ്യ 45,000 വിദേശികള്‍ക്ക് മാത്രമാണ് ഹജ്ജിന് അനുമതി നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്ത് നിന്ന് കഴിഞ്ഞ തവണ 1,75,000 പേര്‍ ഹജ്ജിൽ പങ്കെടുത്ത സ്ഥാനത്ത് ഇത്തവണ 6506 പേരാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി അപേക്ഷ നല്‍കിയത്. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും അവസരം നഷ്ടപ്പെടും. അഞ്ഞൂറ് പേര്‍ക്ക് മാത്രമായിരിക്കും അവസരമെന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച് ഒരാഴ്ചക്കുള്ളില്‍ വ്യക്തത വരും. 18നും 60നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായിരിക്കും ഹജ്ജിന് അവസരം. ഹജ്ജ് യാത്ര ചെയ്യുന്നതിന് മുമ്പുള്ള ആറ് മാസത്തില്‍ ഏതെങ്കിലും ആശുപത്രിയില്‍ കിടത്തി ചികിത്സക്ക് വിധേയരായവര്‍ ആകരുത് എന്ന നിബന്ധനയും സൗദി അറേബ്യ മുന്നോട്ട് വച്ചിട്ടുണ്ട്.