കോഴിക്കോട് : അധ്വാനമികവാല് ഒമ്പതേക്കര്‍ ചതുപ്പ് പാടം പൂന്തോട്ടവും തടാകവുമാക്കി കാഴ്ചയുടെ അതുല്യ സങ്കേതമൊരുക്കിയിരിക്കുകയാണ് സിറിയക് മരിയ കളപ്പുര. 'ഇയാള്‍ തനി പ്രാന്തൻ തന്നെ.. മുഴു വട്ടൻ, ഉച്ച പ്രാന്തൻ...' എന്നൊക്കെ വിളിച്ചവര്‍ ഇപ്പോള്‍ മൂക്കത്ത് വിരല്‍വയ്ക്കുന്നു, കണ്ട് വിസ്മയിക്കുന്നു. ചെറുപ്പത്തിലേ ചെടികളോടും മരങ്ങളോടും സ്നേഹമായിരുന്നു. അതിനെയെല്ലാം പരിപാലിക്കേണ്ടതുകാരണം ക്ലാസിൽ പോലും വൈകിയാണ് എത്തിയിരുന്നത്.
ആ തുടക്കത്തിൽ നിന്നാണ് ഈ ചതുപ്പിലേക്ക് എത്തിയത്. ആർക്കും വേണ്ടാത്ത ചതുപ്പ് നിലം. കൃഷി ചെയ്യാൻ പറ്റില്ല. പിതാവ് ഭാഗം വച്ച് തന്നപ്പോൾ കിട്ടിയ ഏഴേ മുക്കാൽ ഏക്കർ. പുതുപ്പാടി ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള വഴിയേ വന്നാൽ കിടക്കുന്ന വിശാലമായ സ്ഥലം. അതിനോട് ഒന്നര ഏക്കർ കൂടി സ്വന്തമായി വാങ്ങി ചേർത്തു.
ആദ്യകാലത്ത് റബറും കവുങ്ങും തെങ്ങുമുണ്ടായിരുന്നു. സഹോദരങ്ങൾക്ക് വീതം വച്ച് കിട്ടിയ സ്ഥലമടക്കം പച്ചപിടിപ്പിച്ചതിന്റെ നല്ല അനുഭവ പരിചയമുണ്ട്. പക്ഷേ മരങ്ങളൊക്കെ വലുതായപ്പോൾ നല്ല സ്ഥലങ്ങളൊക്കെ അവർ തന്നെ സ്വന്തമാക്കി, പണിയെടുത്ത സിറിയക് ചതുപ്പിലുമായി.
പനകള്‍ അതിര്‍വരമ്പിടുന്ന തടാകവും കോടമഞ്ഞും : കിട്ടിയ സ്ഥലത്ത് കുറച്ച് കര കണ്ടെത്താൻ വേണ്ടി തുടങ്ങിയ പണിയാണ്. മഴക്കാലത്ത് കൃഷി ഒന്നും നടക്കില്ല എന്ന് മനസിലായതോടെ തല നേർത്ത വൃക്ഷങ്ങളൊക്കെ വെട്ടി മാറ്റി. പകരം ഒരുപാട് പടുവൃക്ഷ തൈകൾ നട്ടു. എന്നാൽ അതൊക്കെ നാട്ടുകാർ പുല്ലിനൊപ്പം അരിഞ്ഞുകൊണ്ടു പോയി.
ഒന്നര ലക്ഷത്തിലേറെ മുതൽ മുടക്കാണ് നാട്ടുകാർ കയ്യേറി അരിഞ്ഞ് കൊണ്ട് പോയത്. പിന്നാലെ ഇങ്ങോട്ട് സ്ഥിരതാമസമാക്കി. മനം മടുത്തതോടെയാണ് വലിയ മരങ്ങൾ വച്ച് പിടിപ്പിച്ചത്. വിവിധ തരം പനകളാണ് ആദ്യം എത്തിച്ചത്. അറുപതോളം വ്യത്യസ്ത ഇനം പനകളാണ് ഈ തടാകത്തിന് ചുറ്റും.
റെഡ്നെക്, ഫിനിക്സ്, സൈക്കസ്, ട്രയാങ്കിൾ പാം, ബിസ്മാർക്കിയ, ഫിഷ്ടെയിൽ... ഇങ്ങനെ നീളുന്നു ആ പേരുകൾ. വിവിധ സംസ്ഥാനങ്ങളിൽ ചുറ്റി സഞ്ചരിച്ചാണ് ഇവയെല്ലാം എത്തിച്ചത്. പതിമൂന്ന് വര്‍ഷം മുമ്പാണ് എല്ലാത്തിന്റെയും തുടക്കം. എംഎസ്സി പാസായ ശേഷം കൃഷിയും ബിസിനസുമൊക്കെയായി കുറേക്കാലം.
കുടുംബ വിഹിതമായി കിട്ടിയ ഭൂമിയുടെ ചുറ്റും റോഡ് പണിയാന്‍ തുടങ്ങിയതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. വയനാട്ടില്‍ നിന്നുള്ള ആദിവാസികളായ വിദഗ്ധ തൊഴിലാളികൾക്കൊപ്പം സിറിയക്കും ചെളിയിലിറങ്ങിയാണ് ഈ തടാകം നിർമിച്ചത്. അവരും സിറിയക്കും രണ്ട് വര്‍ഷത്തിലേറെക്കാലം വിശ്രമരഹിതമായി പണിയെടുത്തു. വെള്ളം കിനിഞ്ഞിറങ്ങുമ്പോള്‍ ഉടന്‍ ചെറിയ തടയണ കെട്ടാന്‍ വയനാട്ടുകാരുടെ മിടുക്ക് മറ്റാര്‍ക്കുമില്ലെന്ന് സിറിയക് പറയുന്നു.
തടാകത്തില്‍ രൂപപ്പെടുത്തിയ ദ്വീപ് സന്ദര്‍ശിച്ച സുഹൃത്തായ വിദേശമലയാളി ഒരിക്കല്‍ പരാതി പറഞ്ഞു. എന്തുണ്ടായിട്ടെന്താ, ഒരു മലയ്ക്കപ്പുറത്തുള്ള വയനാട്ടിലേതുപോലെ കോട മഞ്ഞ് ഇവിടെ ഇല്ലല്ലോ എന്ന്. സുഹൃത്ത് അടുത്തതവണ വന്നപ്പോള്‍ കണ്ടത് ഒരു ജലധാരയില്‍ നിന്ന് തടാകത്തിലെ വെള്ളം ശക്തിയോടെ ആകാശത്തേക്ക് ചീറ്റുന്നതാണ്.
സ്വിച്ച് അമര്‍ത്തിയാല്‍ ഈ ജലധാര പ്രവര്‍ത്തിച്ച് അഞ്ച് മിനിറ്റുകൊണ്ട് ഈ തുരുത്തിലാകെ ഇളംമഞ്ഞിന്റെ യവനിക സൃഷ്ടിക്കും. സൂര്യനുയർന്നാൽ അതിൽ മഴവില്ല് വിരിയും. ഇലക്ട്രീഷ്യനും പ്ലംബറുമാകുന്നതും കുമ്മായക്കൂട്ട് പൂശുന്നതും കരിങ്കല്ലും ഗ്രാനൈറ്റും മാര്‍ബിളും മുറിക്കുന്നതുമൊക്കെ സിറിയക്കുതന്നെ. മഞ്ഞുണ്ടാക്കി വയനാട് പ്രതീതി ഉണ്ടാക്കാൻ രാജ്യത്തുടനീളം പല വാട്ടർ എക്സിബിഷനുകളും പോയി കണ്ടു.
ഒടുവിൽ അത് സാധ്യമാക്കി. കന്യാകുമാരിയിലെ ശില്പികള് ദ്വീപില്‍ സുന്ദരമായൊരു മണ്ഡപം പണിതിട്ടുണ്ട്. വലിയ ഹാളുകൾ ആയിരുന്നു ആദ്യം പ്ലാൻ ചെയ്തത്. എന്നാൽ അതിൽ വായു സഞ്ചാരം കുറയും എന്ന് മനസിലാക്കി കൽ തൂണുകൾ കന്യാകുമാരിയിൽ നിന്ന് രൂപകൽപ്പന ചെയ്ത് എത്തിച്ചു. അങ്ങനെ ഇന്ത്യൻ സാംസ്കാരിക പൈതൃകത്തിന്റെ മുദ്രയും ചാര്‍ത്തി.
എതിരെ തിരിഞ്ഞ് നാട്ടുകാര്‍ : ചില പരിസ്ഥിതി വാദികളുടെ ബോറടിപ്പിക്കുന്ന യാന്ത്രികതയൊന്നും സിറിയക്കിനില്ല. പരിസ്ഥിതി ദിനാഘോഷങ്ങള്‍ക്ക് സമീപത്തെ സ്കൂളുകളില്‍ നിന്ന് വിളിച്ചാല്‍ പോകാറുമില്ല. കാരണം, പ്രസംഗമൊന്നും അത്ര വഴങ്ങില്ല. പക്ഷേ, വെള്ളവും മണ്ണും ചെടികളും മരങ്ങളും സംരക്ഷിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് സിറിയക്കിന് നന്നായറിയാം.
എന്നാൽ ചുറ്റുപാടുള്ളവർക്ക് അത് അറിയില്ലായിരുന്നു. അവർ സിറിയക്കിനെതിരെ ഭീമ ഹർജി നൽകി. വെള്ളം ഊറ്റിയെടുത്ത് ചുറ്റുപാടുമുള്ള കിണറുകൾ വറ്റിക്കുന്നതാണ് ഈ പദ്ധതിയെന്ന് അവർ പരാതി എഴുതി. എന്നാൽ അന്നത്തെ ജില്ല കലക്ടറായിരുന്ന പി ബി സലിം പരാതിക്കാരെ നിജസ്ഥിതി ബോധിപ്പിച്ചു. ഇതൊരു ജലസംഭരണിയാണെന്നും ചുറ്റുപാടിന് ഇത് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അത് ഇന്ന് യഥാർഥ്യമായെന്ന് സിറിയക് പറയുന്നു.
ഭ്രാന്തനെന്ന് വിളിച്ചവര്‍ മാറ്റി പറഞ്ഞു: അന്ന് ഭ്രാന്തൻ എന്ന് വിളിച്ചവർക്ക് കാര്യങ്ങൾ ബോധ്യപ്പെട്ട് വരുന്നുണ്ട്. കോട്ടയം മേലുകാവില്‍ നിന്ന് കോഴിക്കോട്ടെ ഈ മലയോര ഗ്രാമത്തിലേക്ക് പതിറ്റാണ്ടുകള്‍ക്കുമുമ്പ് കുടിയേറിയ കളപ്പുര തോമാച്ചന് അറിയപ്പെടുന്ന കര്‍ഷകനായിരുന്നു. അദ്ദേഹത്തിന്റെ മകന് ഇന്ന് പ്രായം 65 കഴിഞ്ഞു. ഫാന്റസിയേത് യാഥാര്‍ഥ്യമേത് എന്ന് വേര്‍തിരിച്ചറിയാന്‍ കഴിയാത്ത ജീവിതമാണ് സിറിയക്കിന്റേത്. ഈ മനുഷ്യന് സ്വപ്നം കണ്ടുകൊണ്ടേയിരിക്കുന്നു.
സ്വപ്നങ്ങള്‍ നൂറുമേനിയായി വിളയുന്ന ഒമ്പത് ഏക്കറിന്റെ ഓരത്തെ വീട്ടില്‍ എല്ലാ കാര്യങ്ങള്‍ക്കും പിന്തുണയുമായി ഭാര്യ ലീലയും മൂന്ന് മക്കളും ഒപ്പമുണ്ട്. മകള്‍ എമി റോസ് ഹോട്ടല്‍ മാനേജ്മെന്റ് പഠനം പൂര്‍ത്തിയാക്കി. തോമസ് ബെന്നും തോമസ് സിന്നും കോളജിലോ സ്കൂളിലോ പോകുന്നില്ല. വീട്ടില്‍ നിന്നുതന്നെയാണ് പഠനം. ബെന്‍ ഡിഗ്രിക്ക് പഠിക്കുന്നു. ഇളയവന് സിന് അടുത്തവര്‍ഷം പത്താം ക്ലാസ് പരീക്ഷയെഴുതും. സ്കൂളിലും കോളജിലും പോയില്ലെങ്കിലും അവര്‍ പഠനത്തില്‍ മിടുക്കന്മാരാണെന്ന് സിറിയക് പറയുന്നു.
മുളകള്ക്കിടയിലൊരു ഫൈവ് സ്റ്റാര്‍ റസ്റ്റോറന്റ് :മൂന്ന് മക്കളുടേയും പേരിന്റെ തുടക്കമാണ് ഈ തടാകത്തിന് നൽകിയിരിക്കുന്നത് അതേ രൂപകൽപനയും - എബിസി ജെൽ. എമിയുടെ എ, ബെന്നിന്റെ ബി, സിന്നിന്റെ സി. തടാകത്തിലെ വെള്ളത്തിൽ നിറയെ മീനുകളാണ്. വെള്ളത്തിലെ പായലും പുല്ലും തിന്നുതീർക്കുന്ന ജോലി അവരാണ് ചെയ്യുന്നത്.
ഗ്രാസ് കാർപ്പ്, കട്ല, രോഹു, മൃഗാൽ.. പുല്ല് നീക്കാൻ ലക്ഷങ്ങൾ ചെലവ് വരുന്നിടത്താണ് ഭീമൻ മീനുകൾ ആ പണി ചെയ്യുന്നത്. 32 ഇനം മുളവർഗങ്ങൾ ഉണ്ട് ഇവിടെ. ഗോൾഡൻ, ബുദ്ധ, ബാൽകോവ, ബീമ ബാംബു.. അങ്ങിനെ നീളുന്നു ആ പേരുകൾ. കേരളത്തിൽ തന്നെ ഇത്രയേറെ വ്യത്യസ്ത ഇനങ്ങൾ വേറെയില്ലെന്നാണ് സിറിയക് വിശ്വസിക്കുന്നത്.
മുളകൾക്കിടയിൽ 5 സ്റ്റാർ റസ്റ്റോറന്റാണ് ലക്ഷ്യം. തൂണുകൾ ഉയർന്നിട്ടുണ്ട്. കേരളത്തിൽ തന്നെ ഇത്രയും വ്യത്യസ്തത വേറെ ഇല്ല എന്ന് സിറിയക് അവകാശപ്പെടുന്നു. അതിനിടയിൽ പൂത്ത് വിടർന്ന് നിൽക്കുന്ന നിരവധി വ്യത്യസ്ത ചെടികൾ, പൂക്കൾ. ഇലയുടെ സവിശേഷതയുള്ള കൃഷ്ണമരം. കാഴ്ചകളുടെ വർണ ഭൂമികയാണ് സിറിയക്കിന്റെ ഈ കൈയൊപ്പ്.
ചെളിയില്‍ കളിച്ച് നേടിയ ഡിഗ്രികള്‍: കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ എംഎസ്സിക്ക് ഒപ്പം പഠിച്ചവരില്‍ മിക്കവരും വലിയ ഉദ്യോഗങ്ങളില്‍ നിന്ന് വിരമിച്ചുകഴിഞ്ഞു. താനിപ്പോഴും ജീവിതം തുടങ്ങിയിട്ടേ ഉള്ളൂ എന്ന് സിറിയക് പറയുന്നു. കാടും തടാകവും സൃഷ്ടിക്കുന്ന തിരക്കിനിടെ പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ എംഎ എടുത്തു. ഒപ്പം എല്‍എല്‍ബിയും. സൈക്കോളജിയില്‍ എംഎസ്സിയും. മധുര കാമരാജ് യൂണിവേഴ്സിറ്റിയില്‍ നിന്ന് മാസ്റ്റര്‍ ഇന്‍ ടൂറിസം മാനേജ്മെന്റ് ബിരുദവുമെടുത്തു. എല്ലാം ഈ ചെളിയിൽ കളിയ്ക്കുന്നതിനിടെ തന്നെയാണ് സ്വന്തമാക്കിയത്.
എല്ലാ ആശയങ്ങൾക്കും അടിത്തറ പാകി കഴിഞ്ഞു സിറിയക്. ഇനി എല്ലാം ഉയർന്ന് പൊങ്ങിയാൽ മതി. ബാങ്കിൽ ലക്ഷങ്ങളുടെ ബാധ്യതയുണ്ട്. എന്നാൽ പണമില്ലാത്തത് കൊണ്ട് ഒന്നും ഇവിടെ മുടങ്ങിപ്പോയിട്ടുമില്ല. ഇനിയും മുന്നോട്ട് പോകാൻ ഈ പദ്ധതിയിൽ താൽപര്യമുള്ളവർക്ക് പങ്കുചേരാം എന്ന് സിറിയക് പറയുന്നു.
വട്ടാണെന്ന് പറഞ്ഞവർക്ക് ഇപ്പോൾ കാര്യങ്ങൾ ബോധ്യപ്പെട്ടു. ചുരത്തിന്റെ താഴ്വരയിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു സങ്കൽപം. ഭാര്യയും രണ്ട് മക്കളും സദാ സമയം കൂടെയുണ്ട്. കുറച്ചുകൂടി പണമിറക്കിയാൽ ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് എല്ലാം പൂർത്തിയാകും. എല്ലാം ഇവിടെ വരെ എത്തിയ സ്ഥിതിക്ക് അതും നടക്കും. പ്രതീക്ഷ തെറ്റാതെ സിറിയക് പറയുന്നു.