കോഴിക്കോട്: ട്രെയിനില്‍ നിന്ന് വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു. ആന്ധ്രാപ്രദേശ് സ്വദേശി റഫീക്ക് (23) ആണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. മൂന്നു വയസില്‍ ആന്ധ്രയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ ഇയാൾ ചില്‍ഡ്രൻസ് ഹോമിലായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
ചില്‍ഡ്രൻസ് ഹോമില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം പലയിടത്തായി ജീവിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ഞായറാഴ്‌ച രാത്രി പത്തരയോടെയാണ് മംഗളൂരു തിരുവനന്തപുരം മലബാർ എക്‌സ്‌പ്രസിൽ നിന്ന് കൊയിലാണ്ടിക്കടുത്ത് ആനക്കുളം റെയിൽവേ ഗേറ്റിന് സമീപം യുവാവിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്നതായി പൊലീസിന് വിവരം ലഭിച്ചത്. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തില്‍ തമിഴ്‌നാട് ശിവഗംഗ സ്വദേശിയായ സോനു മുത്തു(48) എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ മരിച്ചയാളെ തിരിച്ചറിഞ്ഞിരുന്നില്ല.
ശേഷം അന്വേഷണ സംഘം സംഭവ സ്ഥലത്തു നിന്ന് രക്തത്തിന്‍റെയും മുടിയുടേയും സാമ്പിളുകൾ ശേഖരിക്കുകയും റെയിൽവേ ജീവനക്കാരടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു. ഐ.ആർ പി സിഐ സുധീർ മനോഹർ, സൈന്‍റിഫിക് ഓഫീസർ നബില കെ വി എന്നിവരായിരുന്നു പരിശോധന നടത്തിയിരുന്നത്. ഇതിനിടയിലാണ് ട്രെയിനിലെ സഹയാത്രികർ എടുത്ത വീഡിയോ ദൃശ്യങ്ങളും പൊലീസ് പങ്കുവെച്ച ഫോട്ടോയും കണ്ട് ചില്‍ഡ്രൻസ് ഹോം സൂപ്രണ്ടാണ് റഫീക്കിനെ തിരിച്ചറിഞ്ഞത്. മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ സോനു മുത്തുവും റഫീക്കും ട്രെയിനിന്‍റെ വാതില്‍പ്പടിയില്‍ നിന്ന് പരസ്‌പരം തർക്കിക്കുന്ന ദൃശ്യങ്ങൾ ഇടിവി ഭാരതും വാർത്തയായി നേരത്തെ നല്‍കിയിരുന്നു.