കോഴിക്കോട് :മലബാർ മിൽമയുടെ ആറ് പുതിയ ഉത്പന്നങ്ങൾ കൂടി വിപണിയിലേക്ക് (Malabar Milmas Six more new products out). കോഴിക്കോട് വച്ച് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയാണ് ഉത്പന്നങ്ങളുടെ ലോഞ്ചിങ് നിർവഹിച്ചത്. പാൽ ഉത്പാദന രംഗത്ത് സ്വയം പര്യാപ്‌തത കൈവരിക്കുക എന്ന വലിയ ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ
മുന്നോട്ട് പോകുന്നതെന്ന് മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി
പറഞ്ഞു.
ഉന്നത ഗുണനിലവാരത്തോട് കൂടി നിർമിച്ച വൈവിധ്യമാർന്ന നിരവധി ജനപ്രിയ ഉത്പന്നങ്ങളാണ് മലബാർ മിൽമ ഇതിനോടകം വിപണിയിൽ എത്തിച്ചത്. അക്കൂട്ടത്തിലേക്കിതാ ആറ് പുതിയ ഉത്പന്നങ്ങൾ കൂടി എത്തിയിരിക്കുകയാണ്. ഉത്പന്ന ശ്രേണിക്ക് മാറ്റ് കൂട്ടുന്നതിനായി നാച്വറല്‍ ഫ്ലേവറും കളറും ചേർന്ന ചിക്കു, പിസ്‌ത, ചോക്ലേറ്റ് എന്നീ ഐസ്‌ക്രീമുകളും, മാറുന്ന ജീവിതശൈലിക്ക് അനുസൃതമായി മാംഗോ, പൈനാപ്പിൾ ഫ്ലേവറുകളിലുള്ള ഷുഗർ ഫ്രീ യോഗേർട്ടുകളും, മിൽമ നെയ് ഉപയോഗിച്ച് ഉണ്ടാക്കുന്ന കോഫി കേക്കുമാണ് വിപണിയിലേക്ക് പുതുതായി എത്തിച്ചിരിക്കുന്നത്.
സ്വയം പര്യാപ്‌തത എന്ന ലക്ഷ്യം കൈവരിക്കാൻ വ്യത്യസ്‌ത പദ്ധതികളും പരിപാടികളുമാണ് സർക്കാറും മിൽമയും മറ്റ് പ്രസ്ഥാനങ്ങളുമൊക്കെ കൂടിച്ചേർന്ന് നടത്തുന്നതെന്ന് മലബാർ മിൽമയുടെ പുതിയ ഉത്പന്നങ്ങളുടെ ലോഞ്ചിങ് നിർവഹിച്ച് മന്ത്രി ജെ ചിഞ്ചുറാണി വ്യക്തമാക്കി. രാജ്യത്ത് പാലുത്പാദന രംഗത്ത് പഞ്ചാബ് ഒന്നാം സ്ഥാനം നേടിയപ്പോൾ കേരളം രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.