കോഴിക്കോട്: ലോക്‌ഡൗണിലും മാഹിയില്‍ നിന്ന് മദ്യക്കടത്ത്. മാഹിയില്‍ നിന്നു സ്‌കൂട്ടറില്‍ കടത്തിയ വിദേശമദ്യവുമായി രണ്ടു പേര്‍ വടകര എക്സൈസിൻ്റെ പിടിയില്‍. വടകര പരവന്തല സ്വദേശികളായ വടക്കേപള്ളിയില്‍ വിനീഷ്‌കുമാര്‍ (48), വള്ളോളികൂടത്തില്‍ ഗിരീഷ്‌കുമാര്‍ (47) എന്നിവരെയാണ് വടകര എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ കെ.കെ ഷിജില്‍കുമാറും സംഘവും പിടികൂടിയത്. വില കൂടിയ ഇനത്തില്‍പെട്ട 24 കുപ്പി മദ്യം ഇവരിൽ നിന്ന് പിടിച്ചെടുത്തു.
മാഹിയില്‍ മദ്യക്കടത്ത്; രണ്ടു പേര്‍ എക്സൈസ് പിടിയിൽ - വടകര പരവന്തല സ്വദേശി
മാഹി ബാറില്‍ ജോലി ചെയ്തിരുന്ന വിനീഷ് കുമാര്‍ ആ പരിചയം ഉപയോഗപ്പെടുത്തി മദ്യം കടത്തി നാട്ടില്‍ വില്‍പന നടത്തുകയായിരുന്നു.
ലോക്ക്ഡൗണിനിടെ മാഹിയില്‍ നിന്നു വന്‍തോതില്‍ വിദേശമദ്യം കേരളത്തിലേക്ക് കടത്തുന്നുണ്ടെന്ന് എക്‌സൈസ് ഇൻ്റലിജന്‍സിനു കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ദേശീയപാതയില്‍ ഫയര്‍സ്റ്റേഷന്‍ റോഡ് ജങ്ഷനു സമീപത്ത് നിന്നാണ് സ്‌കൂട്ടറില്‍ വരികയായിരുന്ന ഇരുവരും പിടിയിലായത്.
മാഹി ബാറില്‍ ജോലി ചെയ്തിരുന്ന വിനീഷ് കുമാര്‍ ആ പരിചയം ഉപയോഗപ്പെടുത്തി മദ്യം കടത്തി നാട്ടില്‍ വില്‍പന നടത്തുകയായിരുന്നു. ബാറുകളും ബിവറേജ് ഔട്ട്‌ലറ്റുകളും പൂട്ടിയതിനാല്‍ വന്‍ വിലയിലാണ് കച്ചവടം. മാഹിയിലെ മദ്യഗോഡൗണുകളിൽ നിന്ന് ഇത്തരത്തിൽ മദ്യം കടത്തുന്നതെന്നും ഇക്കാര്യം മാഹി പൊലീസിൻ്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും എക്സൈസ് അധികൃതർ പറഞ്ഞു.