തിരുവനന്തപുരം : കേസ് ഫയല്‍ ചെയ്‌ത് കൃത്യം അഞ്ചുവര്‍ഷവും 12 ദിവസവും പിന്നിടുമ്പോള്‍ വന്ന ലോകായുക്ത വിധിയില്‍ മുഖ്യമന്ത്രിക്ക് താത്‌കാലികാശ്വാസമെങ്കിലും അലോസരമുണ്ടാക്കുന്ന കോടതി വ്യവഹാരം അവസാനിക്കുന്നില്ലെന്ന സൂചനയാണ് ഹര്‍ജിക്കാരന്‍ നല്‍കുന്നത്. 2018 നവംബര്‍ 1നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം രാഷ്ട്രീയ ലാഭത്തിന് വേണ്ടി ദുരുപയോഗം ചെയ്‌തു എന്ന പരാതിയുമായി സേവ് യൂണിവേഴ്‌സിറ്റി ഫോറം കണ്‍വീനര്‍ ആര്‍ എസ് ശശികുമാര്‍ ലോകായുക്തയെ സമീപിക്കുന്നത്. ഒന്നാം പിണറായി സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതികളാക്കിയായിരുന്നു ശശികുമാറിന്‍റെ ഹര്‍ജി.
ഒന്നാം പ്രതി സംസ്ഥാന സര്‍ക്കാരും രണ്ടാം പ്രതി പിണറായി വിജയനും മൂന്ന് മുതല്‍ 18 വരെ പ്രതികള്‍ അന്നത്തെ പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുമായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്‌തെന്ന ഹര്‍ജിയില്‍ നിരവധി ആക്ഷേപങ്ങളാണ് ശശി കുമാര്‍ ഉന്നയിച്ചത്.
ആര്‍എസ് ശശികുമാറിന്‍റെ ആരോപണങ്ങള്‍:2017 ജൂലൈ 27 ലെ മന്ത്രിസഭായോഗത്തില്‍ അജണ്ടയ്ക്ക് പുറത്തുള്ള വിഷയമായി എന്‍സിപി നേതാവായിരിക്കെ മരിച്ച ഉഴവൂര്‍ വിജയന്‍റെ രണ്ടുമക്കളുടെ വിദ്യാഭ്യാസ ചെലവിന് 10 ലക്ഷം രൂപ വീതവും അദ്ദേഹം ജീവിച്ചിരിക്കെ നടത്തിയ ചികിത്സയ്‌ക്ക് 5 ലക്ഷം രൂപയും ഉള്‍പ്പടെ 25 ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കുടുംബത്തിന് നല്‍കി.
2017 ഒക്‌ടോബര്‍ 4ലെ മന്ത്രിസഭായോഗത്തില്‍ അജണ്ടയ്ക്ക് പുറത്തുള്ള വിഷയമായി മുന്‍ ആഭ്യന്തര മന്ത്രിയും അന്നത്തെ പാര്‍ട്ടി സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്‌ണന്‍റെ എസ്‌കോര്‍ട്ട് ഡ്യൂട്ടിയ്ക്കിടെ വാഹനാപകടത്തില്‍ മരിച്ച പി പ്രവീണ്‍ എന്ന സിവില്‍ പൊലീസ് ഓഫിസറുടെ ആശ്രിതര്‍ക്ക് 20 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ചു. മരിച്ച സിവില്‍ പൊലീസ് ഉദ്യോഗസ്ഥന് നിയമ പ്രകാരം പൊലീസ് വകുപ്പില്‍ നിന്നും സര്‍ക്കാരില്‍ നിന്നും ലഭിച്ച ആനുകൂല്യങ്ങള്‍ക്ക് പുറമെയാണിത്.
2018 ജനുവരി 24 ലെ മന്ത്രിസഭായോഗത്തില്‍ ചെങ്ങന്നൂര്‍ എംഎല്‍എ ആയിരിക്കെ മരിച്ച കെകെ രാമചന്ദ്രന്‍ നായരുടെ മകന് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള സര്‍ക്കാര്‍ ജോലി നല്‍കാനും കുടുംബത്തിന്‍റെ വായ്‌പ ബാധ്യത തീര്‍ക്കാനും ആവശ്യമായ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാനും തീരുമാനിച്ചു. ഇതും അജണ്ടയ്‌ക്ക് പുറത്തുള്ള വിഷയമായാണ് പരിഗണിച്ചത്.
സര്‍ക്കാര്‍ സഹായം ലഭിച്ച ഈ മൂന്ന് വ്യക്തികളുടെയും കുടുംബാംഗങ്ങളാരും സഹായത്തിന് അപേക്ഷ നല്‍കുക പോലും ചെയ്യാതെയാണ് ദുരിതാശ്വാസ നിധിയില്‍ നിന്ന് ഇത്രയധികം തുക നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ഇതിലൂടെ സര്‍ക്കാര്‍ അഴിമതിയും സ്വജന പക്ഷപാതവുമാണ് നടത്തിയതെന്നും ഇതുവഴി പൊതു സേവകന്‍ എന്ന പദവി മുഖ്യമന്ത്രിയും മന്ത്രിമാരും ദുര്‍വിനിയോഗം ചെയ്‌തുവെന്നും പദവി ദുര്‍വിനിയോഗം ചെയ്‌ത മുഖ്യമന്ത്രിയ്‌ക്കും മന്ത്രിമാര്‍ക്കും തത്‌സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നുമായിരുന്നു ഹര്‍ജിയിലെ ആരോപണം.
എന്നാല്‍ ഭരണഘടനയുടെ അനുച്ഛേദം 162 പ്രകാരം ഇത്തരം കാര്യങ്ങള്‍ എക്‌സിക്യുട്ടീവിന്‍റെ അധികാര പരിധിയുടെ ഭാഗമാണെന്നും ഇത്തരത്തില്‍ നിരവധി പേര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം അനുവദിച്ചിട്ടുണ്ടെന്നും അന്ന് സര്‍ക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി ലോകായുക്തയെ അറിയിച്ചു. കേസിന്‍റെ മുന്നോട്ടുള്ള നാള്‍വഴികളില്‍ വാദ പ്രതിവാദങ്ങള്‍ തുടരുന്നതിനിടെയാണ് മന്ത്രി പദത്തിലിരുന്ന് അധികാര ദുര്‍വിനിയോഗവും സ്വജന പക്ഷപാതവും മന്ത്രി കെടി ജലീല്‍ നടത്തിയെന്ന നിരീക്ഷണം ലോകായുക്ത ഒന്നാം പിണറായി സര്‍ക്കാരിന്‍റെ അവസാന നാളുകളില്‍ നടത്തിയത്.
ഇതോടെ മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ കെ ടി ജലീല്‍ നിര്‍ബന്ധിതനായി. സമാന സംഭവത്തില്‍ വിധി കാത്തിരിക്കെയാണ് ലോകായുക്ത വിധി നടപ്പിലാക്കേണ്ടത് സംബന്ധിച്ച ഭേദഗതിയുമായി പുതിയ ലോകായുക്ത നിയമം 2022 ഓഗസ്റ്റില്‍ നിയമസഭ പാസാക്കിയത്. ഇത് അഴിമതി നിരോധന സംവിധാനമായ ലോകായുക്തയുടെ ചിറകരിയുന്നതിനും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരായ അഴിമതി കേസുകളില്‍ നിന്ന് രക്ഷപ്പെടുന്നതിനുമായിരുന്നു എന്നാണ് പ്രതിപക്ഷത്തിന്‍റെ വിമര്‍ശനം.
also read:ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസ് : 'ലോകായുക്ത മുട്ടിലിഴയുന്നു' ; രൂക്ഷ വിമര്‍ശനവുമായി പരാതിക്കാരന്‍
ബില്‍ നിയമസഭ പാസാക്കി ഗവര്‍ണര്‍ക്ക് അയച്ചെങ്കിലും ഗവര്‍ണര്‍ ഈ ബില്ലില്‍ ഒപ്പിടാന്‍ തയ്യാറായിട്ടില്ല. ഇത് ഉള്‍പ്പടെയുള്ള ബില്ലുകളുടെ ഭാവി ഇപ്പോള്‍ സുപ്രീംകോടതിയില്‍ കേരളം ഫയല്‍ ചെയ്‌ത കേസിനെ അടിസ്ഥാനപ്പെടുത്തിയാകും. ലോകായുക്തയില്‍ നിന്ന് മുഖ്യമന്ത്രിക്ക് ആശ്വാസ വിധി ലഭിച്ചെങ്കിലും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെയും വേണ്ടി വന്നാല്‍ സുപ്രീംകോടതിയെയും സമീപിക്കുമെന്ന് ഹര്‍ജിക്കാരനായ ആര്‍ എസ് ശശികുമാര്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേസില്‍ തീയും പുകയും ഉടനെ അണയാന്‍ സാധ്യതയില്ലെന്നാണ് നിയമ വിദഗ്‌ധരുടെ കണക്കുകൂട്ടല്‍.