കോഴിക്കോട്: ലോക്ക്‌ഡൗൺ കാലം പലതിനുമുള്ള പരീക്ഷണ കാലമായി ഉപയോഗപ്പെടുത്തുന്നവരുണ്ട്. അതിലൊരാളാണ് കോഴിക്കോട് തോട്ടുമുക്കം സ്വദേശി ടിൻസ് എം.തോമസ്. പലതരത്തിലുള്ള അമ്പും വില്ലും നിർമിച്ച് ശ്രദ്ധയാകര്‍ഷിക്കുകയാണ് ഈ യുവാവ്. വീടുകളിലും സ്ഥാപനങ്ങളിലും പൂന്തോട്ടങ്ങൾ ഒരുക്കിയാണ് ടിന്‍സ് ഉപജീവനം നടത്തിയിരുന്നത്. അങ്ങനെ പോകുമ്പോഴാണ് കൊവിഡും ലോക്ക്‌ഡൗണും എത്തുന്നത്. എല്ലാവരെയും പോലെ കഴിഞ്ഞ വർഷത്തെ അടച്ചിടല്‍ കാലത്ത് പ്രതിസന്ധികളിലൂടെയാണ് ടിൻസും കടന്നുപോയത്.
പലപ്പോഴും ജോലി കുറവായിരുന്നു. അങ്ങനെ വീട്ടിലിരിക്കുന്ന ദിവസങ്ങളിൽ പഴശ്ശിരാജ, ബാഹുബലി പോലുള്ള സിനിമകൾ കാണുന്നതിനിടെയാണ് അതില്‍ ഉപയോഗിച്ചിരിക്കുന്നതുപോലെയുള്ള അമ്പുകളും വില്ലുകളും രൂപകല്‍പ്പന ചെയ്താലോയെന്ന ആശയം ഉദിച്ചത്. പിന്നീട് അതിനായുള്ള കഠിന ശ്രമങ്ങൾ ആയിരുന്നു. ആദ്യമൊക്കെ സംഗതി പരാജയം ആയിരുന്നെങ്കിലും പിന്തിരിയാൻ മനസില്ലാത്തതിനാൽ പരിശ്രമം തുടര്‍ന്നു.
പലതരം അമ്പും വില്ലുമായി ടിന്‍സ് പലരിൽ നിന്നും ചോദിച്ചറിഞ്ഞും യൂട്യൂബിൽ കണ്ടുമാണ് നിർമാണം ആരംഭിച്ചത്. ഇപ്പോൾ ടിൻസിന്‍റെ വീട് മുഴുവൻ പലതരത്തിലുള്ള അമ്പുകളും വില്ലുകളും ആണ്. പണ്ട് കാലത്ത് ആദിവാസികളും മറ്റും നായാട്ടിന് ഉപയോഗിരുന്നവ, ഒരേ സമയം മൂന്നുനാല് അമ്പുകൾ വിടാവുന്ന ഊത്തമ്പ് അഥവാ ഓത്തുളി, മീൻ പിടിക്കാനും മറ്റും ഉപയോഗിക്കുന്ന പറങ്കി പാത്തി, തോക്ക് തെറ്റാലി എന്നറിയപ്പെടുന്ന ഫിഷിങ് ഗൺ തുടങ്ങിയവ നിര്‍മ്മിച്ചു. സ്പോർട്‌സ് താരങ്ങൾ ഉൾപ്പെടെയുള്ളവർക്ക് പരിശീലനത്തിന് വേണ്ടിയുള്ളവ നിർമിച്ചുകൊടുക്കുക്കുകയും ചെയ്യുന്നു. കൂടാതെ മൂന്നായി മടക്കി എവിടെയും കൊണ്ടു പോകാൻ കഴിയുന്ന ഫോൾഡബിളും ടിൻസിന്‍റെ കരവിരുതിൽ യാഥാര്‍ഥ്യമായി.
വെറുതെ അമ്പും വില്ലും നിർമിക്കുക മാത്രമല്ല ടിൻസ് ചെയ്യുന്നത്. താൻ നിർമിച്ച എല്ലാ അമ്പിന്‍റെയും വില്ലിന്‍റെയും കൃത്യത പരിശോധിക്കുന്നതിനായി അമ്പെയ്‌ത്തും പഠിച്ചു. ഇപ്പോൾ 30 മീറ്റർ മുതൽ 50 മീറ്റർ വരെ വളരെ കൃത്യമായി അമ്പെയ്യാൻ ടിൻസിന് സാധിക്കുന്നുണ്ട്. വീട്ടി, കമുക്, മുള എന്നിവ ഉപയോഗിച്ചാണ് നിർമാണം. കാഞ്ചിയും മറ്റും നിർമിക്കുന്നത് പോത്തിന്‍റെ കൊമ്പ് കൊണ്ടാണ്. മൂന്നുനാല് ദിവസം എടുക്കും നല്ല ഫിനിഷിംഗിൽ പണി പൂർത്തിയാകാൻ.
2000 രൂപ മുതൽ 15,000 രൂപയ്‌ക്ക് വരെയാണ് ഇവ നിർമ്മിച്ച് നൽകുന്നത്. സോഷ്യൽ മീഡിയയിലും മറ്റും വൈറൽ ആയതോടെ നിരവധിയാളുകളാണ് ടിൻസിനെ തേടിയെത്തുന്നത്. എന്നാൽ ആവശ്യക്കാർ കൂടുമ്പോഴും അനാവശ്യമായി ഉപയോഗിക്കാൻ ആർക്കും താൻ അമ്പും വില്ലും നിർമ്മിച്ച് നല്‍കില്ലെന്നാണ് ടിൻസ് പറയുന്നത്. കൊവിഡും ലോക്ക്‌ഡൗണും സൃഷ്‌ടിക്കുന്ന പ്രതിസന്ധികൾക്കിടയിലും ഈ കാലയളവിനെ എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താം എന്നതില്‍ മാതൃകയാവുകയാണ് ഈ യുവാവ്.