കോഴിക്കോട്: ജനതാദൾ സെക്യുലറുമായി (ജെഡിഎസ്) ലയനത്തിനില്ലെന്ന് ലോക് താന്ത്രിക് ജനതാദൾ (എൽജെഡി). കോഴിക്കോട് ചേർന്ന എൽജെഡി സംസ്ഥാന സമിതി യോഗത്തിൻ്റേതാണ് തീരുമാനം. കർണാടക തെരഞ്ഞെടുപ്പിൽ ആരുമായും സഹകരിക്കാമെന്ന കുമാരസ്വാമിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് എൽജെഡി തീരുമാനം.
ജെഡിഎസിന് പകരം ആരുമായി സഹകരിക്കണമെന്ന് ഉടൻ തീരുമാനിക്കുമെന്നും യോഗത്തിൽ ധാരണയായി. വീരേന്ദ്രകുമാർ ചരമദിനത്തിൽ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. രാഷ്ട്രീയ ജനതാദളുമായി (ആർജെഡി) സഹകരിക്കാനായിരിക്കും എൽജെഡി തീരുമാനമുണ്ടാക്കുക.
ബിജെപി വിരുദ്ധ നിലപാടിൽ ഉറച്ച് നിൽക്കാനാണ് എൽജെഡി തീരുമാനം. എന്നാൽ കർണാടകയിൽ ഭരണത്തിലെത്താൽ ബിജെപിയുമായും സഹകരിക്കാമെന്ന കുമാരസ്വാമിയുടെ ചിന്താഗതിയാണ് എൽജെഡിയെ ലയനത്തിൽ നിന്നും പിന്തിരിപ്പിച്ചത്.
2022 ജൂണിലായിരുന്നു എൽജെഡി-ജെഡിഎസ് ലയനം പ്രഖ്യാപിച്ചത്. ലയന പ്രക്രിയ ലയന സമ്മേളനത്തോടെ പൂർത്തിയാവുമെന്ന് എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം.വി ശ്രേയാംസ് കുമാർ പ്രഖ്യാപിച്ചിരുന്നു. ചില വിയോജിപ്പുകൾ ഉണ്ടായിരുന്നെന്നും അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കഴിഞ്ഞുവെന്നും ഭാരവാഹിത്വങ്ങൾ തുല്യമായി വീതിക്കുമെന്നും അധ്യക്ഷ സ്ഥാനത്തെ ചൊല്ലി തർക്കമില്ലെന്നും ശ്രേയാംസ് കുമാർ അന്ന് പറഞ്ഞിരുന്നു.
പല സംസ്ഥാനങ്ങളിലും സോഷ്യലിസ്റ്റ് ഏകീകരണമുണ്ട്. ഇത് ദേശീയ തലത്തിൽ സോഷ്യലിസ്റ്റ് ഏകീകരണത്തിന് വഴിയൊരുക്കും. വർഗീയ ശക്തികളുമായി സോഷ്യലിസ്റ്റ് പാർട്ടികൾക്ക് വിട്ടുവീഴ്‌ചയില്ല. ഈ നിലപാടിനെ സാധൂകരിക്കുന്ന തീരുമാനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.