കോഴിക്കോട്:കോണ്‍ഗ്രസ് പുറത്താക്കിയ കെ വി തോമസിനെ കാബിനറ്റ് റാങ്കില്‍ ദില്ലിയില്‍ കേരള സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായി നിയമിച്ച തീരുമാനത്തില്‍ അതൃപ്‌തി പരസ്യമാക്കി എൽഡിഎഫ് ഘടകകക്ഷി എല്‍ജെഡി രംഗത്ത്. വൻ തുക പെൻഷൻ പറ്റുന്ന കെ വി തോമസ് ശമ്പളമില്ലാതെ ജോലി ചെയ്യുകയാണെങ്കിൽ അദ്ദേഹത്തിന്‍റെ നിയമനത്തെ സ്വാഗതം ചെയ്യുന്നു. ശമ്പളം വാങ്ങിയാണെങ്കിൽ പുച്ഛം തോന്നുന്നുവെന്ന് എല്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം മടവൂര്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
ഇന്നലെ ചേർന്ന മന്ത്രിസഭായോഗമാണ് തോമസിന്‍റെ നിയമനം അംഗീകരിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം നിഷേധിച്ചതുമുതല്‍ കോണ്‍ഗ്രസുമായി കെ വി തോമസ് ഇടഞ്ഞ് നില്‍ക്കുകയായിരുന്നു. പിന്നീട് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് തോമസും കോണ്‍ഗ്രസും തമ്മില്‍ തെറ്റിയത്.
പിന്നാലെ തോമസ് കൂടുതല്‍ കോണ്‍ഗ്രസ് വിരുദ്ധ നിലപാടെടുത്തതോടെ അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് മുമ്പാണ് തോമസിനെ കോണ്‍ഗ്രസ് പുറത്താക്കിയത്. ഉപതെരഞ്ഞെടുപ്പിലടക്കം ഇടത് സ്ഥാനാര്‍ഥിക്കായി സജീവമായി തോമസ് രംഗത്തിറങ്ങിയിരുന്നു. എന്നാല്‍, എട്ട് മാസം കഴിഞ്ഞിട്ടും കെ വി തോമസിന് പദവി നല്‍കാത്തതിനെ കോണ്‍ഗ്രസടക്കം പരിഹസിച്ചിരുന്നു. ഇവയെല്ലാം പരിഗണിച്ചാണ് ഉന്നത പദവി തന്നെ തോമസിന് നല്‍കിയിരിക്കുന്നത്.