കോഴിക്കോട്: സംസ്ഥാനത്ത് വിദ്യാലയങ്ങളില്‍ ശനിയാഴ്‌ച പ്രവൃത്തി ദിനമാക്കുന്നതിനെതിരെ എല്‍ജെഡി നേതാവ് സലീം മടവൂര്‍. തലയിൽ ആൾപ്പാർപ്പില്ലാത്ത ഏതോ ബുദ്ധിജീവികളുടെ മണ്ടയില്‍ നിന്നുദിച്ച തീരുമാനമാണിത്. ശനി, ഞായർ ദിവസങ്ങളിൽ കുട്ടികൾ കളിച്ചുവളരട്ടെ. കളിച്ചു വളരേണ്ട പ്രായത്തിൽ പിടിച്ച് കൂട്ടിലിട്ട് അനങ്ങാൻ വിടാതെ പഠിപ്പിക്കാൻ ശ്രമിക്കുന്നത് വിപരീത ഫലങ്ങങ്ങളേ ഉണ്ടാക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഇത് വിപരീത ഫലങ്ങളേ ഉണ്ടാക്കുകയുള്ളൂ എന്നതിനെക്കുറിച്ച് ഈ ബുദ്ധിജീവികൾ അറിയുന്നുണ്ടോ. യൂറോപ്യൻ രാജ്യങ്ങൾ ആഴ്‌ചയിൽ നാല് ദിവസം പ്രവൃത്തി ദിനങ്ങൾ എന്നതിനെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്. നാം അത് ആറാക്കുന്നതിനെക്കുറിച്ചും. എങ്കിൽ പിന്നെ പാഠപുസ്‌തകങ്ങളും കുറയ്‌ക്കേണ്ട. വലിയൊരു പെട്ടി തന്നെ കൊടുത്തയക്കാം. കുട്ടികൾക്ക് പഠനത്തോട് വിരക്തിയുണ്ടാക്കിയിട്ട് ഏഴ് ദിവസങ്ങളും പ്രവൃത്തി ദിനങ്ങളാക്കിയിട്ട് എന്ത് കാര്യമെന്നും ഇടതുപക്ഷ മുന്നണിയിലെ കക്ഷിയായ എൽജെഡിയുടെ നേതാവ് ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:വിദ്യാലയങ്ങളിൽ ശനിയാഴ്‌ചകൾ പ്രവൃത്തി ദിനങ്ങളാക്കാനുള്ള തീരുമാനം തലയിൽ ആൾപ്പാർപ്പില്ലാത്ത ഏതോ ബുദ്ധിജീവികളുടെ തലയിൽ നിന്നുദിച്ചതാണ്. ശനി, ഞായർ ദിവസങ്ങളിൽ കുട്ടികൾ കളിച്ചുവളരട്ടെ. കളിച്ചുവളരേണ്ട പ്രായത്തിൽ പിടിച്ച് കൂട്ടിലിട്ട് അനങ്ങാൻ വിടാതെ പഠിപ്പിക്കാൻ ശ്രമിക്കുന്നത് വിപരീത ഫലങ്ങളേ ഉണ്ടാക്കൂവെന്ന് ഈ ബുദ്ധിജീവികൾ അറിയുന്നുണ്ടോ?. യൂറോപ്യൻ രാജ്യങ്ങൾ ആഴ്‌ചയിൽ നാല് ദിവസം പ്രവൃത്തി ദിനങ്ങൾ എന്നതിനെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്.
ALSO READ |സ്‌കൂള്‍ പ്രവൃത്തി ദിനം വര്‍ധിപ്പിക്കല്‍; തീരുമാനവുമായി മുന്നോട്ടെന്ന് മന്ത്രി, കടുത്ത എതിര്‍പ്പില്‍ അധ്യാപക സംഘടനകള്‍
നാം അത് ആറാക്കുന്നതിനെക്കുറിച്ചും. എങ്കിൽ പിന്നെ പാഠപുസ്‌തകങ്ങളും കുറയ്‌ക്കേണ്ട. വലിയൊരു പെട്ടി തന്നെ കൊടുത്തയക്കാം. കുട്ടികൾക്ക് പഠനത്തോട് വിരക്തിയുണ്ടാക്കിയിട്ട് ഏഴ് ദിവസങ്ങളും പ്രവൃത്തി ദിനങ്ങളാക്കിയിട്ട് എന്ത് കാര്യം?. വിദൂരങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകരിൽ മിക്കവരും ശനിയാഴ്‌ച അവധിയായിരിക്കും. കഴിഞ്ഞ വർഷം പ്രവൃത്തി ദിനങ്ങളാക്കിയ ശനിയാഴ്‌ചകൾ പരിശോധിച്ചാൽ അധ്യാപകരിൽ വലിയൊരു വിഭാഗവും കുറേയേറെ കുട്ടികളും അവധിയായിരുന്നെന്ന് കാണാം.
ഫലത്തിൽ ക്ലാസ് നടക്കുന്നില്ല. റെക്കോഡ് പുസ്‌തകങ്ങളിൽ പ്രവൃത്തി ദിനമായി കാണിക്കാമെന്നതിലപ്പുറം ഇതൊരു തുഗ്ലക്ക് പരിഷ്‌കാരമായി മാറുമെന്ന് ചിന്തിക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ട. ഫ്രാൻസിൽ 160 പ്രവൃത്തി ദിനങ്ങളും ബ്രിട്ടനിൽ 190 പ്രവൃത്തി ദിനങ്ങളും മാത്രമുള്ളപ്പോഴാണ് നാം അവധി ദിനങ്ങൾ കവർന്നെടുക്കാൻ ശ്രമിക്കുന്നത്. ഇനി മധ്യവേനലവധി വേണ്ടെന്നുവയ്‌ക്കുന്ന ചില അല്‍പബുദ്ധികളുടെ തീരുമാനം കൂടെ വരും നാളുകളിൽ പ്രതീക്ഷിക്കാം.
തീരുമാനവുമായി മുന്നോട്ടെന്ന് വിദ്യാഭ്യാസ മന്ത്രി:അധ്യാപക സംഘടനകളുടെ എതിർപ്പ് ഉയരുന്ന സാഹചര്യത്തിലും സ്‌കൂൾ പ്രവൃത്തി ദിനത്തിന്‍റെ തീരുമാനവുമായി മുന്നോട്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ പുതിയ പരിഷ്‌കാരമായ പ്രവൃത്തി ദിനം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി ശനിയാഴ്‌ച ക്ലാസെടുക്കാനുള്ള തീരുമാനത്തിനെതിരെ ഇടതുപക്ഷ അധ്യാപക സംഘടനയായ കെഎസ്‌ടിഎ അടക്കം രംഗത്ത് വന്നിരുന്നു. എന്നാൽ ഏത് അധ്യാപക സംഘടനക്കും അവരുടെ അഭിപ്രായം പറയാമെന്നും സർക്കാർ തീരുമാനം നടപ്പിലാക്കി കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.