കോഴിക്കോട് :എഴുത്തിലെ പെരുന്തച്ചന്‍ എംടി വാസുദേവന്‍ നായര്‍ നവതിയുടെ നിറവിലേക്ക്. ജൂലൈ 15 ആണ് ജനന തീയതിയെങ്കിലും കര്‍ക്കടകത്തിലെ ഉതൃട്ടാതിയെന്ന ജന്‍മനക്ഷത്ര നാളിനാണ് അദ്ദേഹം പ്രാധാന്യം നൽകാറ്. എന്നാല്‍ സാഹിത്യലോകവും വായനാസമൂഹവും അദ്ദേഹത്തിന്‍റെ നവതി ആഘോഷങ്ങള്‍ക്ക് നാളുകള്‍ക്ക് മുമ്പേ തുടക്കമിട്ടുകഴിഞ്ഞു.
മനുഷ്യ ജീവിതത്തിലെ അനിശ്ചിതത്വങ്ങളും യാദൃശ്ചികതകളും അസ്തിത്വ പ്രതിസന്ധികളുമെല്ലാം പൊള്ളുന്ന അനുഭവങ്ങളായി ആവിഷ്‌കരിച്ച നിരവധി ശ്രദ്ധേയ കഥകള്‍. ഇരുട്ടിന്‍റെ ആത്മാവ്, കുട്ട്യേടത്തി, നിന്‍റെ ഓര്‍മയ്ക്ക്, ബന്ധനം, വാരിക്കുഴി തുടങ്ങിയവ എക്കാലവും വായനക്കാരന്‍റെ ഉള്ളുലയ്ക്കുന്നു. അവഗണനയില്‍ ഉഴലുമ്പോഴും മനുഷ്യാന്തസ് ഉയര്‍ത്തിപ്പിടിക്കാന്‍ പോരാടുന്നവരുടെ തനിജീവിതം പകര്‍ത്തിവച്ച നോവലുകളും ആ തൂലികയില്‍ പിറന്നു.
കാലം, രണ്ടാമൂഴം, നാലുകെട്ട്, മഞ്ഞ് തുടങ്ങിയവ മനുഷ്യ ജീവിതത്തിലെ ആന്തരിക പ്രഹേളികകളിലേക്ക് വായനക്കാരനെ ചുഴറ്റിയിട്ടു. ബന്ധങ്ങളിലെ പൊരുത്തവും വിള്ളലുകളും ഉള്ളുതൊടുമാറ് അഭ്രപാളികളില്‍ അവതരിപ്പിച്ച ചലച്ചിത്രങ്ങളും എംടിയില്‍ നിന്ന് മലയാളികളിലേക്കെത്തി. എഴുതിയതും സംവിധാനം ചെയ്‌തവയുമായി നിര്‍മാല്യം, വൈശാലി, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്‍, താഴ്‌വാരം, സുകൃതം, പരിണയം, ഒരു ചെറുപുഞ്ചിരി ... ആ പട്ടിക നീളുന്നു.
എഴുത്തിലെ പെരുംതച്ചന്‍ :എംടി എന്ന കഥകളുടെ കുലപതി, സാഹിത്യത്തില്‍ പൂര്‍ണതയവകാശപ്പെടാവുന്ന അപൂര്‍വം പ്രതിഭകളിലൊരാളാണ്. നേരറിവുപകര്‍ന്ന അധ്യാപകന്‍, ചിന്തിപ്പിച്ച, നല്ല എഴുത്തുകള്‍ക്ക് ഇടം നല്‍കിയ പുതിയ എഴുത്തുകാരെ കൈപിടിച്ചുയര്‍ത്തിയ പത്രാധിപർ. അങ്ങനെയും നീളുന്നു ആ സര്‍ഗ്ഗജീവിതം. ആ എഴുത്തുജീവിതത്തെ ജ്ഞാനപീഠം നല്‍കി രാജ്യം ആദരിക്കുകയും ചെയ്‌തു.
മൗനത്തിന്‍റെ മൂര്‍ച്ചയും സൗന്ദര്യവും ജനനം 1933ൽ. മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന് മുഴുവന്‍ പേര്. പുന്നയൂർക്കുളത്തുകാരൻ ടി.നാരായണൻ നായരുടെയും കൂടല്ലൂരുകാരി അമ്മാളുവമ്മയുടെയും മകനായാണ് ജനനം. തൃശൂർ ജില്ലയിലെ പൂന്നയൂർക്കുളത്തും പാലക്കാട്ടെ കൂടല്ലൂരുമായിട്ടായിരുന്നു ചെറുപ്പകാലം. എംടിയുടെ അച്ഛൻ ജോലി സംബന്ധമായി സിലോണിലായിരുന്നു.
ചെറുപ്പത്തിലെ നനുത്ത വഴികളിൽ നിന്ന് പെറുക്കിയെടുത്ത ഓർമകളെമ്പാടും എംടിയുടെ എഴുത്തില്‍ ഇഴകള്‍ പാകി. നിളയോരത്തെയും നാട്ടുവഴികളിലെയും അനുഭവ മുഹൂര്‍ത്തങ്ങള്‍ കഥകളിലും നോവലുകളിലും സിനിമകളിലും അത്രമേല്‍ ഭാവതീവ്രമായി ആവിഷ്കരിക്കപ്പെട്ടു. കോപ്പൻ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലാണ് വാസുദേവൻ നായർ വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നെ, മലമക്കാവ് എലിമെന്‍ററി സ്‌കൂളിലും കുമരനെല്ലൂർ ഹൈസ്‌കൂളിലും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.
പാലക്കാട് വിക്ടോറിയ കോളജിലായിരുന്നു ഉപരിപഠനം. രസതന്ത്രമായിരുന്നു താത്പര്യം. കോളജ് വിദ്യാഭ്യാസത്തിനുശേഷം 1954-ൽ പട്ടാമ്പി ബോർഡ് ഹൈസ്‌കൂളിലും ചാവക്കാട് ബോർഡ് ഹൈസ്‌കൂളിലും അധ്യാപകനായി പ്രവർത്തിച്ചു. രണ്ടിടത്തും കണക്ക് മാഷായിരുന്നു. പിന്നീട് പാലക്കാട് എം.ബി. ട്യൂട്ടോറിയലിൽ അധ്യാപകനായി. ഇതിനിടയിൽ തളിപ്പറമ്പിൽ ഗ്രാമസേവകന്‍റെ ഉദ്യോഗം കിട്ടിയെങ്കിലും ദിവസങ്ങൾക്കകം രാജിവച്ച് എം.ബി കോളജിൽ തിരിച്ചെത്തി.
തുടർന്ന് മാതൃഭൂമിയിൽ ചേർന്നു. അത് മാറ്റത്തിൻ്റെ ശംഖൊലിയായി. കോഴിക്കോടിൻ്റെ മണ്ണിൽ നിന്ന് പടർന്നുപന്തലിക്കാനുള്ള കാല്‍വയ്‌പ്പ്.
എന്നും കരുത്തുറ്റ നിലപാട് പഠന കാലത്തുതന്നെ സാഹിത്യരചനയില്‍ അതീവ തത്പരനായിരുന്നു അദ്ദേഹം. ജയകേരളം മാസികയിലാണ് കഥകൾ അച്ചടിച്ച് വന്നിരുന്നത്. ബിരുദ പഠന കാലത്താണ് ‘രക്തം പുരണ്ട മണല്‍തരികൾ’ എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങിയത്. അംഗീകാരങ്ങള്‍ അനവധി :ചെറുകഥാമത്സരത്തിൽ ‘വളർത്തുമൃഗങ്ങൾ’ ഒന്നാം സ്ഥാനം നേടിയത് പ്രചോദനവും വഴിത്തിരിവുമായി. നോവലില്‍ 'പാതിരാവും പകൽവെളിച്ചവും' ആണ് ആദ്യമെഴുതിയത്. ആദ്യനോവലിനുതന്നെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. പക്ഷേ ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച നോവൽ നാലുകെട്ടാണ്. 1995-ൽ സാഹിത്യരംഗത്തെ സംബന്ധിക്കുന്ന ഏറ്റവും ഉയർന്ന അംഗീകാരമായ ജ്ഞാനപീഠത്തിന് എംടി അര്‍ഹനായി.
2005-ൽ എം. ടി. യെ പത്മഭൂഷൺ ബഹുമതി നൽകി രാഷ്ട്രം ആദരിച്ചു. 2013-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പും ലഭിച്ചു. 1986-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം 1973ൽ നിർമ്മാല്യത്തിലൂടെ ലഭിച്ചു. നാലുതവണയാണ് മികച്ച തിരക്കഥയ്ക്കുള്ള ദേശീയപുരസ്കാരം നേടിയത്. ഒരു വടക്കൻ വീരഗാഥ 1990, കടവ് 1992, സദയം 1993, പരിണയം 1995.എന്നിവയ്ക്കായിരുന്നു കേന്ദ്രാംഗീകാരങ്ങള്‍.
മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം ബന്ധനം (1978), കടവ് (1991) എന്നിവ നേടി. മികച്ച തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന പുരസ്കാരം ബന്ധനം (1978), കേരള വർമ്മ പഴശ്ശിരാജ (2009) എന്നിവയ്ക്ക് ലഭിച്ചു. 2011ല്‍ എഴുത്തച്ഛൻ പുരസ്കാരവും 2013ല്‍ ജെ.സി. ഡാനിയേൽ പുരസ്കാരവും നേടി. 1965-ൽ എഴുത്തുകാരിയും വിവർത്തകയുമായ പ്രമീളയെയും ശേഷം 1977-ൽ പ്രശസ്ത നർത്തകി കലാമണ്ഡലം സരസ്വതിയെയും അദ്ദേഹം വിവാഹം കഴിച്ചു.
കോഴിക്കോട് നടക്കാവിൽ രാരിച്ചൻ റോഡിലെ 'സിതാര'യിലാണ് താമസം. മൂത്തമകൾ സിതാര ഭർത്താവിനൊപ്പം അമേരിക്കയിൽ ബിസിനസ് എക്‌സിക്യുട്ടീവാണ്. ന്യൂജഴ്‌സിയിൽ താമസിക്കുന്നു. രണ്ടാമത്തെ മകൾ അശ്വതി പ്രശസ്ത നർത്തകിയാണ്. നവതിയുടെ നിറശോഭയിലും എം ടി 'അസ്വസ്ഥ'നാണ്. പ്രിയ ചങ്ങാതിമാർ കൂടൊഴിയുന്നതിലെ വേദനയാവാം, ഇനിയും എഴുതി തീരാത്ത കഥകള്‍ ഓര്‍ത്തുമാകാം.
'മലയാളമാണ് എന്‍റെ ഭാഷ, അതെനിക്ക് വീടാണ്, എന്‍റെ ആകാശമാണ്, ഞാന്‍ കാണുന്ന നക്ഷത്രമാണ്, എന്നെ തഴുകുന്ന കാറ്റാണ്, ദാഹം ശമിപ്പിക്കുന്ന കുളിര്‍ വെള്ളമാണ്, അമ്മയുടെ തലോടലും ശാസനയുമാണ്. ഏതുനാട്ടിലെത്തിയാലും ഞാന്‍ സ്വപ്‌നം കാണുന്നത് എന്‍റെ ഭാഷയിലാണ്, അത് ഞാന്‍ തന്നെയാണ്'. എംടി പറഞ്ഞുവച്ചിട്ടുണ്ട്. ആ അക്ഷരകുലപതിയെ വർണ്ണിക്കാൻ വാക്കുകൾ തികയാതെ വരും. അത് അടിവരയിട്ട് നവതിയാഘോഷങ്ങളുടെ പ്രൗഢിയും മഹിമയും ഇനിയുള്ള നാളുകളിലും തുടരും. മലയാളത്തിന് സുകൃതമായ അപൂര്‍വനിധിയായി എംടി എന്നും ജ്വലിക്കും.