കോഴിക്കോട് : മോന്‍സൺ മാവുങ്കലിന്‍റെ അടുത്ത് ചികിത്സയുമായി ബന്ധപ്പെട്ട് പോയിട്ടുണ്ടെന്നതല്ലാതെ മാധ്യമങ്ങൾ പറയുന്നത് പോലൊരുബന്ധം അദ്ദേഹവുമായി ഇല്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരൻ. തെറ്റ് ചെയ്‌താൽ തുറന്നുപറയുന്ന ആളാണ് താൻ. ഫോട്ടോകളിൽ കാണുന്ന പ്രമുഖരോട് മാധ്യമങ്ങൾ ഇക്കാര്യം ചോദിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
'തന്നെ കാണിച്ച് പണമിടപാട് നടത്തിയെന്ന് സംശയമുണ്ട്'
മോന്‍സണിനെതിരെ നിയമ നടപടിയ്ക്ക് ശ്രമിക്കും. ഇയാളുടെ കൈയ്യിൽ നിന്നും ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല. അദ്ദേഹം ഒരു ഒരു കള്ളനാണെന്ന് വ്യക്തമായി. പൊലീസുകാരും വി.ഐ.പികളും ക്യാമ്പ് ചെയ്യുന്ന ഒരിടത്ത് ചികിത്സയ്ക്കാണ് പോയിട്ടുള്ളത്.
ബെന്നി ബഹനാൻ പറയുന്നത് പോലെ എന്ത് ജാഗ്രത ആണ് പാലിക്കേണ്ടിയിരുന്നത്. പാതിരാത്രിയിൽ അല്ല മോൻസണിന്‍റെ അടുത്ത് പോയത്. വ്യാജ ചികിത്സ നടത്തിയതിന് കേസ് കൊടുക്കണ്ട എന്ന് തീരുമാനിച്ചിരുന്നു. പക്ഷേ, ആരോപണം ഉയരുന്ന സാഹചര്യത്തിൽ നടപടികൾ സ്വീകരിക്കും.
തന്നെ കാണിച്ച് പണമിടപാട് നടത്തി എന്ന് സംശയിക്കുന്നുണ്ട്. എന്നാൽ അതുമായി ബന്ധപ്പെട്ട് ഒരാൾ പോലും വിളിച്ചിട്ടില്ല. പ്രതിക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കും. മന്ത്രിമാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും പേര് പുറത്തുവന്നിട്ടുണ്ട്. എന്തുകൊണ്ട് മാധ്യമങ്ങൾ അതൊന്നും അന്വേഷിക്കുന്നില്ല.