കോഴിക്കോട് : മിച്ചഭൂമി കേസിൽ മുൻ എംഎൽഎയും സിപിഎം നേതാവുമായ ജോർജ് എം തോമസിനെതിരെ ലാൻഡ് ബോർഡ് റിപ്പോർട്ട് (Land board against Ex CPM MLA George M Thomas). സർക്കാരിലേക്ക് കണ്ടുകെട്ടേണ്ട മിച്ചഭൂമി മുൻ എംഎൽഎ മറിച്ച് വിറ്റതായാണ് ലാൻഡ് ബോർഡ് റിപ്പോർട്ട്. മിച്ചഭൂമി തിരിച്ചുപിടിക്കാൻ ലാൻഡ് ബോർഡ് നടപടി തുടങ്ങിയതോടെ 2001ൽ അഗസ്റ്റിൻ എന്നയാൾക്ക് ഭൂമി കൈമാറി.
പിന്നീട് 2022ൽ ഇതേ ഭൂമി ഭാര്യയുടെ പേരിൽ ജോർജ് എം തോമസ് തിരിച്ച് വാങ്ങുകയായിരുന്നു. ഇതേ ഭൂമിയിൽ പുതിയ വീട് നിർമിക്കുകയും ചെയ്‌തു (Ex MLA George M Thomas land case). കോടതിയെ കബളിപ്പിക്കാനുള്ള നീക്കമാണ് ജോർജ് നടത്തിയതെന്ന സൈദലവിയുടെ പരാതിയിലാണ് അന്വേഷണം നടന്നത്. 16 ഏക്കറിലേറെ മിച്ച ഭൂമി ജോർജ് കൈവശംവച്ചു എന്നായിരുന്നു പരാതി.
മിച്ചഭൂമിയിൽ ഉൾപ്പെട്ട ഒരേക്കർ കശുമാവിൻതോട്ടമാണ് അഗസ്റ്റിൻ എന്നയാളുടെ പേരിലേക്ക് മാറ്റിയത്. ഈ ഭൂമി തന്‍റെയോ കുടുംബാംഗങ്ങളുടെയോ അവകാശത്തിലോ കൈവശത്തിലോ വരുന്ന വസ്‌തു അല്ലെന്നും ഭൂമിയുമായി ഒരു ബന്ധവുമില്ലെന്നും മിച്ചഭൂമി പട്ടികയിൽ നിന്ന് ഒഴിവാക്കിത്തരണമെന്നും ആവശ്യപ്പെട്ട് ജോർജ് എം തോമസ് സർക്കാരിന് അപേക്ഷയും നൽകിയിരുന്നു.
Also Read: George M Thomas| സാമ്പത്തിക ക്രമക്കേടും പാർട്ടി അച്ചടക്ക ലംഘനവും; മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസിന് സിപിഎം സസ്പെൻഷൻ
അഗസ്റ്റിന് നൽകിയ ഭൂമി കഴിഞ്ഞ വർഷം ജോർജ് എം തോമസിന്‍റെ ഭാര്യയുടെ പേരിലേക്ക് എഴുതിനൽകി. ജോർജ് എം തോമസിന്‍റെ നടപടി ലാൻഡ് ബോർഡിനെ തെറ്റിദ്ധരിപ്പിക്കുന്നതും സർക്കാർഭൂമി സ്വന്തമാക്കാനുള്ള ശ്രമമാണെന്നുമായിരുന്നു പരാതി. തട്ടിപ്പിന് ഉദ്യോഗസ്ഥർ കൂട്ട് നിന്നെന്ന് കാണിച്ച് പരാതിക്കാരൻ ലാൻഡ് ബോർഡിന് കത്ത് നൽകിയിട്ടുണ്ട്. പാർട്ടി നിലപാടിന് ചേരാത്ത നടപടികളുടെ പേരിൽ ജോർജ് എം തോമസിനെ സിപിഎമ്മില്‍ നിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്‌തിരുന്നു.