കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെവിവിഇഎസ്) പ്രസിഡന്‍റ് ടി നസറുദ്ദീൻ (78) അന്തരിച്ചു. വ്യാഴാഴ്‌ച (10.02.2022) രാത്രി 10.30ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ട് അഞ്ചിന് കോഴിക്കോട് കണ്ണംപറമ്പ് ജുമുഅ മസ്‌ജിദിലാണ് ഖബറടക്കം. നടക്കാവിലെ വീട്ടില്‍ പൊതുദര്‍ശനമുണ്ടാകും.
വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് ടി നസറുദ്ദീന്‍ അന്തരിച്ചു വ്യാപാരി സമൂഹത്തിന്‍റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി പടപൊരുതുകയും നിര്‍ഭയമായി വ്യാപാരം ചെയ്യുന്നതിനുള്ള സാഹചര്യം നേടിയെടുക്കുകയും ചെയ്‌ത നേതാവാണ്. 40 വര്‍ഷമായി സംഘടനയുടെ മുൻനിരയിലുണ്ട്. അദ്ദേഹത്തിന് ആദര സൂചകമായി വെള്ളിയാഴ്‌ച സംസ്ഥാന വ്യാപകമായി വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അറിയിച്ചു.
1991 മുതൽ സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റാണ്. ഭാരത് വ്യാപാരസമിതി അംഗം, വാറ്റ് ഇംപലിമെൻറേഷൻ കമ്മിറ്റി മെമ്പർ, വ്യാപാരി ക്ഷേമ നിധി വൈസ് ചെയർമാൻ, കേരള മർക്കന്‍റയില്‍ ബാങ്ക് ചെയർമാൻ, ഷോപ്പ് ആൻഡ് കൊമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്‌മെന്‍റ് ക്ഷേമ നിധി ബോർഡ് മെമ്പർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1980ൽ മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് ജനറൽ സെക്രട്ടറിയായാണ് സംഘടന പ്രവർത്തനത്തിന് തുടക്കം. 1984ൽ വ്യവസായി ഏകോപന സമിതിയുടെ ജില്ല പ്രസിഡന്‍റായി. 1985ൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി.
1944 ഡിസംബർ 25ന് കോഴിക്കോട് കൂടാരപ്പുരയിൽ ടി.കെ. മുഹമ്മദിന്‍റെയും അസ്മാബിയുടെയും ആറാമത്തൈ മകനായി ജനിച്ചു. ഹിദായത്തുൽ ഇസ്‌ലാം എൽ.പി. സ്‌കൂൾ, മലബാർ ക്രിസ്ത്യൻ കോളജ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ പഠനം കഴിഞ്ഞ് വ്യാപാര മേഖലയിലേക്ക് കടന്നു. മിഠായിത്തെരുവിലെ ബ്യൂട്ടി സ്‌റ്റോഴ്‌സ് ഉടമയായിരുന്നു.
Also Read: മാധ്യമ പ്രവർത്തക റാണ അയ്യൂബിൽ നിന്ന് 1.77 കോടി രൂപ കണ്ടുകെട്ടി