കോഴിക്കോട്:'കുറുന്തോട്ടിയില്ലാത്ത കഷായമില്ല' എന്ന് പഴമക്കാര്‍ പറയാറുണ്ട്. അത്രക്ക് ഔഷധ ഗുണമുള്ള സസ്യമാണ് കുറുന്തോട്ടി. പണ്ട് പറമ്പിലും മറ്റും സമൃദ്ധമായി കണ്ടിരുന്ന കുറുന്തോട്ടി ഇന്ന് 'മരുന്നിന് പോലും' കിട്ടാനില്ല എന്നതാണ് വാസ്‌തവം. ഈ സാഹചര്യത്തില്‍ കുറുന്തോട്ടിയെ വലിയ വരുമാന മാർഗമാക്കിയിരിക്കുകയാണ് മാവൂരിലെ കുടുംബശ്രീ കൂട്ടായ്‌മ. കുറുന്തോട്ടി കൃഷിയെ കുറിച്ച് കേട്ടറിഞ്ഞ സംഘം പരീക്ഷണാടിസ്ഥാനത്തില്‍ ചെയ്‌ത കൃഷിയാണ് വന്‍ വിജയമായത് (Sida Rhombifolia Farming). കൈത്തൂട്ടി മുക്കിൽ പരുത്തിപ്പാറ മലയില്‍ ഇറക്കിയ കൃഷിയാണ് ലാഭം കൊയ്യുന്നത്.
പൊതുസ്ഥലങ്ങളിലും റോഡ് അരികുകളിലും വളര്‍ന്ന് നില്‍ക്കുന്ന കുറുന്തോട്ടികള്‍ ശേഖരിച്ച് രണ്ട് ഏക്കര്‍ സ്ഥലത്താണ് സംഘം കൃഷിയിറക്കിയത്. നാല് മാസം മുമ്പ് നട്ടുപിടിപ്പിച്ച ചെടികള്‍ ഇപ്പോള്‍ തഴച്ച് വളര്‍ന്നിട്ടുണ്ട്. വ്യത്യസ്‌തമായ കൃഷിയായതു കൊണ്ട് തന്നെ നിരവധി പേരാണ് ദിവസം കൃഷിയിടത്തിലെത്തുന്നത്. മാത്രമല്ല വൈദ്യ ശാലകളില്‍ നിന്നും കുറുന്തോട്ടിക്ക് ഓര്‍ഡറുകളും ലഭിച്ചു തുടങ്ങിയിട്ടുണ്ട് (Kozhikode Sida Rhombifolia Farming).