കോഴിക്കോട്:കുറ്റ്യാടിയില്‍ സിപിഎം പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് നേതൃത്വത്തിന് തീരുമാനം തിരുത്തേണ്ടി വന്നു. ഒടുവില്‍ കേരള കോണ്‍ഗ്രസില്‍ നിന്നും സിപിഎം തിരിച്ചെടുത്ത കുറ്റ്യാടിയില്‍ കെപി കുഞ്ഞമ്മദ് കുട്ടി തന്നെ സ്ഥാനാര്‍ഥിയായി. ജയ സാധ്യതയും പാർട്ടി കമ്മിറ്റികളുടെ അഭിപ്രായവും മാനിച്ചാണ് അദ്ദേഹത്തെ സ്ഥാനാര്‍ഥിയായി പരിഗണിച്ചത്.
പാര്‍ട്ടിയുടെ കീഴ്‌ഘടകത്തില്‍ നിന്നും അദ്ദേഹത്തിന് വേണ്ടി ശക്തമായ സമ്മര്‍ദവുമുണ്ടായിരുന്നു. കുറ്റ്യാടിയിലെ പ്രതിഷേധം അവഗണിച്ചാല്‍ സമീപ മണ്ഡലങ്ങളിലെ ഇടതുമുന്നണിയുടെ പ്രകടനത്തെയും ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലുമുണ്ടായി. ഇതെല്ലാം ഉൾക്കൊണ്ടാണ് കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് കുഞ്ഞമ്മദ് കുട്ടിയുടെ പേര് സംസ്ഥാന സമിതിയെ അറിയിച്ചത്. ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷൻ എഎ റഹീമിന്‍റെ പേരും പരിഗണനയിലുണ്ടായിരുന്നു. എന്നാൽ കുറ്റ്യാടിയിൽ ആരെയിറക്കിയാലും കുഞ്ഞമ്മദ് കുട്ടിയോളമെത്തില്ലെന്ന വിലയിരുത്തലാണ് പാർട്ടിയെ മാറ്റി ചിന്തിപ്പിച്ചത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ അപ്രതീക്ഷിത തോല്‍വിയിൽ നിന്ന് ഉടലെടുത്ത ആഭ്യന്തര പ്രശ്‌നങ്ങളാണ് കുറ്റ്യാടിയെ പ്രതിഷേധക്കളമാക്കിയത്. രണ്ട് വട്ടം എംഎല്‍എയായ കെ.കെ ലതികയ്‌ക്ക് പകരം കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ പരിഗണിക്കണമെന്നായിരുന്നു താഴെത്തട്ടിലെ അഭിപ്രായം. എന്നാല്‍ നേതൃത്വം ഈ തീരുമാനത്തിന് വഴങ്ങിയില്ല.
ഒടുവിൽ ഫലം വന്നപ്പോൾ നിലവിലെ ജില്ലാ സെക്രട്ടറി പി.മോഹനന്‍റെ ഭാര്യകൂടിയായ കെകെ ലതിക 1157 വോട്ടിന് കഴിഞ്ഞ തവണ തോറ്റു. ലതികയുടെ തോല്‍വിക്ക് കാരണക്കാരായ കുറ്റ്യാടിയിലെ പാര്‍ട്ടി പ്രവര്‍ത്തകരോട് കണക്കുതീര്‍ക്കാനെന്ന നിലയിലാണ് ജില്ലാ നേതൃത്വം ഈ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതെന്നായിരുന്നു പ്രവര്‍ത്തകരുടെ ആരോപണം.
ഒടുവിൽ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.മോഹനൻ ഇരുന്ന വേദിയിൽ വെച്ച് കഴിഞ്ഞ കാലങ്ങളിൽ നടന്ന ചില സംഭവങ്ങളിൽ മനോവിഷമമുണ്ടെന്ന് കെ.പി കുഞ്ഞമ്മദ് കുട്ടി തുറന്ന് പറഞ്ഞതോടെ പരിഹാര മാർഗങ്ങളും വന്ന് ചേർന്നു. എന്നാൽ ഒരു വിഭാഗം പ്രവർത്തകരെ രംഗത്തിറക്കി തിരിച്ച് പിടിച്ച കുറ്റ്യാടിയിൽ മറു വിഭാഗം പാലം വലിക്കുമോ എന്നതും ചോദ്യമാണ്. ഇതെല്ലാം കണ്ട് ആഹ്ളാദിച്ച ലീഗിനും സ്ഥാനാർഥിക്കും ഇനി കുറ്റ്യാടിയിൽ കുറെ വിയർപ്പൊഴുക്കേണ്ടി വരും.