കോഴിക്കോട്:നേപ്പാളില്‍ മരിച്ച രഞ്ജിത്തിന്‍റെ വിയോഗം ഉൾക്കൊള്ളാനാകാതെ കുന്ദമംഗലം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുന്ദമംഗലം പുനത്തിൽ വീട്ടിൽ രഞ്ജിത്ത്, ഭാര്യ ഇന്ദുലക്ഷ്‌മി, മക്കളായ വൈഷ്‌ണവ്, മാധവ് എന്നിവർ നേപ്പാളിലേക്ക് വിനോദയാത്ര പോയത്. നാട്ടുകാരോട് സൗമ്യമായി മാത്രം പെരുമാറിയിരുന്ന സ്വഭാവക്കാരനായിരുന്നു രഞ്ജിത്ത്. രഞ്ജിത്തും കുടുംബവും ഇനി തിരിച്ചുവരില്ലെന്ന് വിശ്വസിക്കാൻ കുന്ദമംഗലത്തുകാർക്ക് കഴിയുന്നില്ല.
രഞ്ജിത്തിന്‍റെ വിയോഗം ഉൾക്കൊള്ളാനാകാതെ കുന്ദമംഗലം - പുനത്തിൽ വീട്ടിൽ രഞ്ജിത്ത്
രഞ്ജിത്തിന്‍റെ അച്ഛനെയും അമ്മയെയും മരണ വിവരം അറിയിച്ചിട്ടില്ല. അതിനാല്‍ തന്നെ വിവരം അറിഞ്ഞ് എത്തുന്നവരെ നാട്ടുകാര്‍ വീട്ടിലേക്ക് കടത്തിവിടുന്നില്ല
കൊച്ചി ഇൻഫോപാർക്കിലെ ജോലി രാജിവച്ച രഞ്ജിത്ത് നാട്ടിൽ സ്വന്തമായി ഐ.ടി കമ്പനി തുടങ്ങാനുള്ള ശ്രമത്തിലായിരുന്നു. ഇതിന്‍റെ അവസാനഘട്ടത്തിലാണ് മരണം രഞ്ജിത്തിനെ തേടിയെത്തിയത്. യാത്ര ഏറെ ഇഷ്ടപ്പെടുന്ന രഞ്ജിത്ത് നീണ്ട യാത്രകൾ നടത്താറുണ്ടായിരുന്നെന്നും നാട്ടുകാർ പറഞ്ഞു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. രഞ്ജിത്തിന്‍റെ അച്ഛനെയും അമ്മയെയും വിയോഗ വിവരം അറിയിച്ചിട്ടില്ല. അതിനാല്‍ തന്നെ വിവരം അറിഞ്ഞ് എത്തുന്നവരെ നാട്ടുകാര്‍ വീട്ടിലേക്ക് കടത്തിവിടുന്നില്ല. വ്യാഴാഴ്‌ച മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് ബന്ധുക്കളെ അധികൃതർ അറിയിച്ചത്. എല്ലാ നടപടികളും വേഗത്തിലാക്കുമെന്ന് ജില്ലാ കലക്ടർ എസ്. സാംബശിവ റാവുവും അറിയിച്ചിട്ടുണ്ട്.