കോഴിക്കോട് : ജില്ലയിലെ പരിപാടികൾ കഴിഞ്ഞ് രാത്രി കണ്ണൂരിലേക്ക് തിരിച്ച മുഖ്യമന്ത്രിക്ക് നേരെ കാട്ടിലെ പീടികയിലും കരിങ്കൊടി. കെഎസ്‌യു പ്രവർത്തകരാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ചത്. സംഭവത്തില്‍ ഏഴ് പ്രവർത്തകരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.
കണ്ണൂരിലേക്ക് മടങ്ങിയ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി ; ഏഴ് കെഎസ്‌യു പ്രവർത്തകര്‍ കസ്‌റ്റഡിയില്‍ - പൊലീസ്
കോഴിക്കോട് ജില്ലയിലെ പരിപാടികള്‍ക്ക് ശേഷം തിരികെ കണ്ണൂരിലേക്ക് മടങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനത്തിന് നേരെ കെഎസ്‌യു പ്രവർത്തകര്‍ കരിങ്കൊടി കാണിച്ചു, സംഭവത്തില്‍ ഏഴുപേര്‍ പൊലീസ് കസ്‌റ്റഡിയില്‍
മുഖ്യമന്ത്രി തങ്ങിയ കോഴിക്കോട് ഗസ്‌റ്റ് ഹൗസിന് മുന്നിൽ കരിങ്കൊടി കാണിച്ച രണ്ട് യുവമോർച്ച പ്രവർത്തകരെയും പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഇതിനിടെ പ്രതിഷേധിച്ച പ്രവർത്തകരെ തടയുന്നതിനിടെ എസ്ഐയുടെ കൈക്ക് പരിക്കേറ്റു. നടക്കാവ് സ്‌റ്റേഷനിലെ പവിത്ര കുമാറിനാണ് പരിക്കേറ്റത്.
അതേസമയം പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധങ്ങള്‍ക്കിടെ കനത്ത സുരക്ഷാവലയങ്ങൾക്കിടയിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട്ട് ഒരു ദിവസത്തെ പരിപാടികള്‍ പൂർത്തിയാക്കിയത്. മാത്രമല്ല മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുപ്പിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്‌തിരുന്നു. ഇതിന്‍റെ ഭാഗമായി മീഞ്ചന്ത ഗവണ്‍മെന്‍റ് ആര്‍ട്‌സ് കോളജില്‍ രണ്ട് വിദ്യാര്‍ഥികളുടെ കറുത്ത മാസ്‌ക് പൊലീസ് അഴിപ്പിച്ചിരുന്നു.