കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലത്ത് കെഎസ്‌ആർടിസിയുടെ ഗ്രാമവണ്ടി പദ്ധതിക്ക് തുടക്കം. ഗ്രാമവണ്ടി ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു ഫ്ലാഗ് ഓഫ് ചെയ്‌തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ഗ്രാമപഞ്ചായത്തുകളിൽ ആരംഭിക്കുന്ന പ്രത്യേക കെഎസ്‌ആര്‍ടിസി ബസ് സര്‍വിസാണ് ഗ്രാമവണ്ടി പദ്ധതി. പൊതുഗതാഗത സൗകര്യം കുറവുള്ള സ്ഥലങ്ങളിലേക്കും, ഗ്രാമപ്രദേശങ്ങളിലേക്കും, സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്ന മേഖലകളിലേക്കും പൊതുഗതാഗത സൗകര്യം ലഭ്യമാക്കുന്നതാണ് പദ്ധതി.
ചാത്തമംഗലത്ത് ഇനി ഗ്രാമവണ്ടി; ഫ്ലാഗ് ഓഫ് ചെയ്‌ത് മന്ത്രി ആന്‍റണി രാജു - ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു
ചാത്തമംഗലം ഗ്രാമപഞ്ചായത്തുമായി ചേർന്നാണ് കോഴിക്കോട് ജില്ലയിൽ ആദ്യമായി ഗ്രാമവണ്ടി പദ്ധതി ഉദ്‌ഘാടനം ചെയ്‌തത്.
ഉള്‍പ്രദേശങ്ങളിൽ ഇന്ധന ചെലവിന് പോലും വരുമാനമില്ലാത്ത സര്‍വിസുകളാണ് ഗ്രാമവണ്ടി സര്‍വിസ് ആക്കി മാറ്റുന്നത്. ഈ സര്‍വിസ് നടത്തുന്ന ബസുകള്‍ക്ക് ഡീസലോ, അതിന് വേണ്ടിയുള്ള തുകയോ മാത്രം തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കിയാല്‍ മതിയാകും.
നഷ്‌ടത്തിന്‍റെ കണക്ക് പറഞ്ഞ് എത്ര കാലം പൊതുഗതാഗതത്തിൽ നിന്നും ചില പ്രദേശങ്ങളെ പൂർണമായി ഒഴിവാക്കാനാവുമെന്നും അതിനൊരു പരിഹാരമായിട്ടാണ് ഗ്രാമവണ്ടി പദ്ധതി നടപ്പിലാക്കുന്നതെന്നും ചടങ്ങിൽ മന്ത്രി ആന്‍റണി രാജു പറഞ്ഞു. പൊതുഗതാഗതം ഇല്ലാത്തതിന്‍റെ പേരിൽ ആരും ബുദ്ധിമുട്ടരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.