കോഴിക്കോട്: കെപിസിസി കോഴിക്കോട് കടപ്പുറത്ത് ഇന്ന് (23.11.23) സംഘടിപ്പിക്കുന്ന പലസ്‌തീൻ ഐക്യദാർഢ്യ റാലിയില്‍ ശശി തരൂർ പങ്കെടുക്കും. റാലിയില്‍ നിന്ന് വിട്ടുനിൽക്കാൻ തരൂർ കാരണങ്ങൾ പറഞ്ഞിരുന്നെങ്കിലും വിട്ട് നിന്നാൽ അത് കൂടുതൽ വിവാദങ്ങൾ ഉണ്ടാക്കിയേക്കുമെന്നുള്ള തിരിച്ചറിവിൽ നിന്നാണ് മനംമാറ്റം. തരൂരിന്‍റെ സാന്നിദ്ധ്യം മുസ്ലീം ലീഗ് അണികളിലുൾപ്പെടെ ഭിന്നിപ്പുണ്ടാക്കുമെന്ന ആശങ്ക സംഘാടക സമിതി കെപിസിസി നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നു.
ലീഗ് കോഴിക്കോട്ട് നടത്തിയ പരിപാടിയിൽ ശശി തരൂരിന്‍റെ ഹമാസ് വിരുദ്ധ പരാമർശം വിവാദമായതിന് ശേഷമാണ് കോൺഗ്രസ് കോഴിക്കോട് പലസ്‌തീൻ ഐക്യദാർഡ്യ റാലി സംഘടിപ്പിക്കുന്നത്. പ്രസ്‌താവനയിൽ തരൂർ വിശദീകരണം നൽകുകയും കെപിസിസി നേതൃത്വം പാണക്കാട്ടെത്തി ലീഗ് നേതാക്കളുമായി ചർച്ച നടത്തുകയും ചെയ്‌തിരുന്നു. എന്നാൽ അതുകൊണ്ടുമാത്രം പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് കോൺഗ്രസിന്‍റെ വിലയിരുത്തൽ.
ലീഗ് നേതാക്കൾക്കൊപ്പം ശശി തരൂർ വേദി പങ്കിടുമ്പോൾ എതിർപ്പിനുളള സാധ്യതയുണ്ടെന്നാണ് സംഘാടക സമിതിയുടെ ആശങ്ക. ഇക്കാര്യമുൾപ്പെടെ നേതൃത്വത്തെ അറിയിക്കുകയും ചെയ്‌തിരുന്നു. വൈകീട്ട് നടക്കുന്ന റാലി കെ സി വേണുഗോപാൽ ഉദ്‌ഘാടനം ചെയ്യും. അരലക്ഷത്തിലേറെ പേർ എത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ. പലസ്‌തീൻ നിലപാടിൽ നിരന്തര വിമർശനം നേരിട്ട കോൺഗ്രസിന് ഇത് രാഷ്ട്രീയ മറുപടിക്കുള്ള വേദികൂടിയാക്കും.