കോഴിക്കോട്:കുറ്റ്യാടി മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തെ വിമര്‍ശിച്ച് കെ.പി കുഞ്ഞമ്മദ് കുട്ടി. തന്‍റെ പേരില്‍ ഇത്തരത്തില്‍ പ്രതിഷേധം നടത്തരുതെന്നും മുന്നണി തീരുമാനിക്കുന്ന സ്ഥാനാര്‍ഥിയെ ആണ് അംഗീകരിക്കേണ്ടതെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ കെപി കുഞ്ഞമ്മദ് കുട്ടി പറഞ്ഞു. കുറ്റ്യാടി നിയോജക മണ്ഡലം കേരള കോണ്‍ഗ്രസ് (എം) ന് വിട്ടു നല്‍കിയ ഇടതുമുന്നണി തീരുമാനത്തിനെതിരെ ചില വ്യക്തികളും വിഭാഗങ്ങളും തന്‍റെ പേരും ഫോട്ടോയും ഉപയോഗിച്ചു നടത്തുന്ന പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് കെ.പി കുഞ്ഞമ്മദ് കുട്ടി അഭ്യര്‍ഥിച്ചു.
ഇത്തരം പ്രചരണങ്ങളില്‍ നിന്നും പ്രകടനങ്ങളില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരും അഭ്യുംദയകാംക്ഷികളും വിട്ടു നില്‍ക്കണമെന്നും കുഞ്ഞമ്മദ് കുട്ടി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്‍റെ തുടര്‍ഭരണ സാധ്യതക്ക് മങ്ങലേല്‍പ്പിക്കുന്ന ഒരു നീക്കങ്ങളിലും സഖാക്കള്‍ വീണു പോകരുതെന്നും സിപിഎം വിരുദ്ധ മാധ്യമ പ്രചരണങ്ങള്‍ക്കെതിരെ ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണിതെന്നും കുഞ്ഞമ്മദ് കുട്ടി ഓര്‍മ്മിപ്പിച്ചു.