കോഴിക്കോട് :ആലപ്പുഴ-കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ് ട്രെയിനിൽ തീയിട്ട പ്രതിക്കായി തെരച്ചിൽ വ്യാപിപ്പിച്ച് പൊലീസ്. നോയിഡ സ്വദേശി ഷഹറൂഖ് സെയ്‌ഫിയാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് നിഗമനം. ഈ മാസം ഒന്നാം തീയതി മുതൽ ഇയാളുടെ ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു.
ഫരീദാബാദിൽ നിന്നാണ് ഇയാളുടെ ഫോൺ സ്വിച്ച്ഡ് ഓഫ് ആയത്. ഫാറൂഖ് എന്ന പേരിലാണ് ഇയാൾ സിം എടുത്തിട്ടുള്ളതെന്നും പൊലീസിന് വിവരം ലഭിച്ചു. നേരത്തെ രാജ്യത്തിൻ്റെ പലയിടങ്ങളിലും ഇയാൾ യാത്ര ചെയ്‌തതായും പൊലീസിന് വിവരമുണ്ട്.
കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തി. സംഭവം ആസൂത്രിതമാണെന്ന നിഗമനത്തിലാണ് പൊലീസ്. അന്വേഷണ പുരോഗതി വിലയിരുത്താൻ പ്രത്യേക സംഘം ഇന്ന് യോഗം ചേരും.
ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാറിന്‍റെ നേതൃത്വത്തിലാണ് ഇതുവരെയുള്ള അന്വേഷണ പുരോഗതി വിലയിരുത്തുക. പ്രതിയുടേതെന്ന് സംശയിക്കുന്ന ബാഗിൽ നിന്ന് ലഭിച്ച ഡയറിക്കുറിപ്പിലെ 'ഷഹറൂഖ് സെയ്‌ഫി കാർപെൻ്റർ' എന്ന എഴുത്തിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണത്തിൻ്റെ വഴി നീളുന്നത്. രേഖാചിത്രത്തിനോട് സാമ്യമുള്ള വ്യക്തി ഏത് പമ്പിൽ നിന്നാണ് പെട്രോൾ വാങ്ങിയതെന്നും പരിശോധിച്ച് വരികയാണ്.
വിവരം ലഭിച്ചാൽ 112 എന്ന കൺട്രോൾ റൂം നമ്പറിലേക്ക് അറിയിക്കാനും പമ്പുടമകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. രണ്ട് കുപ്പിയുടെയുടേയും അടപ്പിൽ ദ്വാരങ്ങൾ ഉണ്ടായിരുന്നെന്നും പെട്രോൾ സ്പ്രേ ചെയ്‌ത പ്രതി ഫറോക്ക് സ്റ്റേഷനിൽ ട്രെയിൻ എത്തുന്നതിന് മുമ്പ് തന്നെ വണ്ടിയില്‍ ഉണ്ടായിരുന്നെന്നും സാക്ഷി മൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതി എവിടുന്നാണ് ട്രെയിനിൽ കയറിയത് എന്നതിൽ റെയിൽവേയും വൈകാതെ വ്യക്തത വരുത്തും.
ഞായറാഴ്‌ചയാണ് അജ്ഞാതനായ ഒരാൾ ട്രെയിനിലെ യാത്രക്കാരുടെ ശരീരത്തിലേക്ക് പെട്രോൾ സ്പ്രേ ചെയ്‌ത ശേഷം തീകൊളുത്തിയത്. സംഭവത്തിൽ 9 പേർക്ക് പരിക്കേറ്റു. ട്രെയിനിൽ തീ പടർന്നതോടെ യാത്രക്കാരിൽ ഒരാൾ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. ഇതോടെ അക്രമി ട്രെയിനിൽ നിന്ന് ഓടി രക്ഷപ്പെട്ടു. ഇതിന് പിന്നാലെയാണ് മൂന്ന് പേരുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തിയത്. മട്ടന്നൂർ സ്വദേശി റഹ്‌മത്ത് (43), ഇവരുടെ അനുജത്തിയുടെ മകൾ സഹറ (2), നൗഫീഖ് (41) എന്നിവരാണ് മരിച്ചത്. ട്രെയിനിൽ തീ പടർന്നപ്പോൾ രക്ഷപ്പെടാനായി പുറത്തേക്ക് ചാടിയവരാകാം മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
Also read:അത് നോയിഡ സ്വദേശി ? ; ട്രെയിനില്‍ തീയിട്ട പ്രതിയെക്കുറിച്ച് സൂചന നല്‍കി പൊലീസ്
അക്രമിക്കും പൊള്ളലേറ്റിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. യാത്രക്കാരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് രേഖാചിത്രം തയ്യാറാക്കിയിരുന്നു. ഈ രേഖാചിത്രവുമായി സാമ്യമുള്ള ഒരാൾ കണ്ണൂർ ജില്ല ആശുപത്രിയിൽ ചികിത്സ തേടിയതായി മുമ്പ് സൂചനകൾ ലഭിച്ചിരുന്നു. മറ്റൊരു പേരിലാണ് അവിടെ എത്തിയതെന്നും കാലിന് മരുന്ന് വച്ച ശേഷം അഡ്‌മിറ്റ് ആവാൻ കൂട്ടാക്കാതെ പോകുകയും ചെയ്‌തു എന്നാണ് ഡോക്‌ടറുടെ മൊഴി.
സിസിടിവി ദൃശ്യങ്ങളുടെയും ട്രെയിനിൽ നിന്നും മറ്റും ലഭിച്ച തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലും പ്രതിക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.