കോഴിക്കോട്: കോഴിക്കോട് എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ പ്രതി ഷഹറൂഖ് സെയ്‌ഫി പിടിയില്‍. മഹാരാഷ്ട്രയില്‍ നിന്നാണ് പ്രതിയെന്ന് സംശയിക്കുന്നയാളെ പിടികൂടിയത്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡും കേന്ദ്ര ഇന്റലിജന്‍സും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇയാള്‍ പിടിയിലായത്.
തീവയ്പ്പ് നടത്തിയ ശേഷം ഉപേക്ഷിച്ച നിലയില്‍ ലഭിച്ച ബാഗില്‍ നിന്നും ശേഖരിച്ച വിവരങ്ങളും പൊലീസ് തയാറാക്കിയ രേഖ ചിത്രവും അടിസ്ഥാനമാക്കി കേന്ദ്ര ഇന്റലിജന്‍സ് നിരീക്ഷണം കര്‍ശനമാക്കിയിരുന്നു. രാജ്യത്തെ വിവിധ റെയില്‍വേ സ്റ്റേഷനുകളുടെ സമീപത്തെ ആശുപത്രികളിലടക്കം നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് മഹാരാഷ്ട്രയിലെ രത്‌നഗിരി സ്റ്റേഷന് അടുത്തുളള ആശുപത്രിയില്‍ പൊള്ളലേറ്റ നിലയില്‍ ഒരാള്‍ ചികിത്സയിലുള്ളതായി വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡും കേന്ദ്ര ഇന്റലിജന്‍സ് സംഘവും പ്രതിയെ അറസ്റ്റ് ചെയ്തത്.
രത്‌നഗിരിയിലെ ആശുപത്രിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. ഇയാളുടെ മുഖത്തും ശരീരത്തിലും പൊള്ളലേറ്റ നിലയിലാണ്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ കസ്റ്റഡിയിലാണ് ഇയാള്‍ ഇപ്പോഴുള്ളത്. നിലവില്‍ ഇയാളെ ഇന്റലിജന്‍സ് സംഘങ്ങള്‍ ചോദ്യം ചെയ്ത് വരികയാണ്. കേരളത്തില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘവും രത്‌നഗിരിയില്‍ എത്തിയിട്ടുണ്ട്. പ്രത്യേക സംഘവും ഇന്ന് തന്നെ ഇയാളെ ചോദ്യം ചെയ്യും.
പഴുതടച്ച അന്വേഷണം: ട്രെയിനില്‍ നടത്തിയ ആക്രമണത്തിനിടെ ഇയാള്‍ക്ക് പൊള്ളലേറ്റിരുന്നുവെന്നായിരുന്നു ദൃക്‌സാക്ഷികള്‍ അന്വേഷണ സംഘത്തോട് പ്രതികരിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊള്ളലേറ്റ് ചികിത്സ തേടിയവരെ കുറിച്ച് പരിശോധന നടത്തിയത്. പ്രതി ഉത്തരേന്ത്യൻ സ്വദേശിയാണെന്ന് കണ്ടെത്തിയതിനു ശേഷം നിരവധി കേന്ദ്രങ്ങളില്‍ കേന്ദ്ര ഇന്റലിജന്‍സിന്റെയും തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെയും നേതൃത്വത്തില്‍ പരിശോധന നടത്തിയതിന് ശേഷമാണ് മഹാരാഷ്ട്രയില്‍ ഇയാളുണ്ടെന്ന് വിവരം ലഭിക്കുന്നത്.
സംഭവം നടന്ന് നാലാം ദിനമാണ് പ്രതി പിടിയിലാകുന്നത്. ട്രെയിനില്‍ തീവയ്പ്പ് നടത്തിയതിന്റെ കാരണം, ഇയാൾക്ക് തീവ്രവാദ ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ കൂടുതല്‍ ചോദ്യം ചെയ്യലിലില്‍ നിന്ന് വ്യക്തമാകുകയുള്ളൂ. കേന്ദ്ര -സംസ്ഥാന ഏജന്‍സികളുടെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് പ്രതിയെ വേഗത്തില്‍ പിടികൂടാന്‍ സാധിച്ചത്. തീവയ്പ്പിന് ശേഷം സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ട പ്രതി മറ്റ് ഏതെങ്കിലും സ്റ്റേഷനില്‍ നിന്നും ട്രെയിനില്‍ രക്ഷപ്പെടാനുള്ള സാധ്യതയാണ് അന്വേഷണ ഏജന്‍സികള്‍ ആദ്യം മുതലേ പരിശോധിച്ചത്.
കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളില്‍ രക്ഷപ്പെടാനുള്ള സാധ്യതയും ആദ്യം മുതലേ അന്വേഷണ ഏജന്‍സികള്‍ ഉറപ്പാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് ഫലം കണ്ടത്. സംഘടിതമായ ആസൂത്രണം ആക്രമണത്തിനു പിന്നിലുണ്ടന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. അതിനാല്‍ വിശദമായ പരിശോധന തന്നെ ഇക്കാര്യത്തില്‍ നടക്കും. പ്രതിക്കെതിരെ യുഎപിഎ ചുമത്താന്‍ തീരുമാനമായിട്ടുണ്ട്. ഷഹറൂഖ് സെയ്ഫിയുടെ കുടുംബാഗങ്ങളേയും വിവിധ ഏജന്‍സികള്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
ട്രെയിനില്‍ തീവയ്പ്പ് നടന്നു എന്നത് രാജ്യത്തെ തന്നെ ആശങ്കയിലാക്കിയ സംഭവമായിരുന്നു. അതിനാല്‍ യാത്രക്കാരുടെ സുരക്ഷയെ ചോദ്യചെയ്യുന്ന തരത്തിലുള്ള ആക്രമണത്തിനു പിന്നിലെ കാരണം വ്യക്തമായി കണ്ടെത്താനാണ് ശ്രമം. കേന്ദ്രസര്‍ക്കാറും ഇക്കാര്യത്തെ ഗൗരവമായാണ് കൈകാര്യം ചെയ്തത്. അതിനാലാണ് വിവിധ ഏജന്‍സികള്‍ സംയുക്തമായി വേഗത്തില്‍ അന്വേഷിച്ചത്.
അസാധാരണം ഈ അക്രമം: ഏപ്രില്‍ രണ്ടിന് രാത്രിയാണ് ആലപ്പുഴ - കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനില്‍ തീവയ്പ്പ് നടന്നത്. യാതൊരു പ്രകോപനവുമില്ലാതെ യാത്രക്കാര്‍ക്ക് നേരെ പെട്രോള്‍ ഒഴിച്ച് തീവെയ്ക്കുയായിരുന്നു. രണ്ട് വയസുകാരി ഉള്‍പ്പെടെ മൂന്ന് പേരാണ് സംഭവത്തില്‍ മരിച്ചത്. മരിച്ചവരുടെ മൃതദ്ദേഹങ്ങള്‍ റെയില്‍വേ ട്രാക്കിലാണ് കണ്ടെത്തിയത്. അക്രമത്തില്‍ നിന്ന രക്ഷപ്പെടാന്‍ പുറത്തേക്ക് ചാടിയതോണോ അതോ അക്രമി തള്ളിയിട്ടതാണോയെന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. കൂടുതല്‍ ചോദ്യം ചെയ്യലില്‍ മാത്രമേ ഇക്കാര്യങ്ങളില്‍ വ്യക്തതയുണ്ടാകുകയുള്ളൂ.
പെട്രോൾ ഒഴിച്ച് തീകൊളുത്തിയതിനെ തുടർന്ന് ഒൻപത് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. എഡിജിപി എം.ആര്‍.അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. റെയില്‍വെ പൊലീസും അന്വേഷണം നടത്തുന്നുണ്ട്. ദേശീയ അന്വേഷണ ഏജൻസി അടക്കം കോഴിക്കോട് എത്തി പ്രാഥമിക പരിശോധനയും വിവര ശേഖരണവും നടത്തിയിരുന്നു.