കോഴിക്കോട്:രാജ്യമാകെ ശ്രദ്ധിച്ച കോഴിക്കോട് ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷറൂഖ് സെയ്‌ഫിയെ കേരളത്തിലെത്തിച്ചു. ഇന്നലെ കേന്ദ്ര ഇന്‍റലിജൻസിന്‍റെ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മുംബൈ എടിഎസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും എൻഐഎയും ചേർന്ന് പിടികൂടിയ പ്രതി ഷറൂഖ് സെയ്‌ഫിയെ ട്രാൻസിറ്റ് വാറണ്ട് വാങ്ങിയാണ് കേരള പൊലീസ് കേരളത്തിലെത്തിച്ചത്. മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ നിന്ന് പിടികൂടിയ പ്രതിയെ ഇന്ന് പുലർച്ചെയോടെ കേരളത്തിലെത്തിക്കുമെന്നായിരുന്നു ആദ്യ വിവരം.
'മാധ്യമങ്ങൾ കാണരുത്': മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതിരിക്കാൻ കേരള അതിർത്തിയിലെത്തും മുൻപേ തന്നെ പൊലീസ് ഒളിച്ചുകളി ആരംഭിച്ചിരുന്നു. എന്നാല്‍ കനത്ത സുരക്ഷ വീഴ്‌ചയാണ് കേരള അതിർത്തിയിലെത്തിയതു മുതല്‍ പ്രതിയുമായി എത്തിയ പൊലീസ് സംഘത്തിന് സംഭവിച്ചത്. ടയർ പഞ്ചറായും വാഹനം പണിമുടക്കിയും ഒരു മണിക്കൂറിലേറെ വഴിയില്‍ കിടന്ന ശേഷമാണ് പ്രതിയെ കോഴിക്കോട് എത്തിക്കാനായത്. രത്നഗിരിയിൽ നിന്നും ടൊയോട്ട ഇന്നോവയില്‍ റോഡ് മാർഗം കേരളത്തിലേക്ക് തിരിച്ച വാഹനത്തിൽ ഉണ്ടായിരുന്ന പ്രതിയെ കാസർകോട് എത്തും മുമ്പ് തന്നെ ടൊയോട്ട ഫോർച്യൂണറിലേക്ക് മാറ്റി.
പഞ്ചർ പൊലീസ്: കണ്ണൂർ കാടാച്ചിറയിൽ എത്തിയപ്പോൾ ആ വാഹനത്തിന്റെ ടയർ പഞ്ചറായി. മറ്റൊരു വാഹനം ഏർപ്പെടുത്തിയെങ്കിലും അതും ബ്രേക്ക് ഡൗണായി. ഒടുവിൽ 'എൽ' ചിഹ്നമുള്ള വാഗണർ കാറിലാണ് പ്രതിയെ കോഴിക്കോട് മാലൂർ കുന്നിലെ പൊലീസ് ക്യാമ്പിൽ എത്തിച്ചത്. പൊലീസ് ക്ലബ്ബിലോ, ഐജി ഓഫീസിലോ എത്തിക്കേണ്ട പ്രതിയെ മാധ്യമങ്ങളിൽ നിന്ന് അകറ്റി നിർത്താനാണ് പരിശീലന ക്യാമ്പിലേക്ക് എത്തിച്ചത്.
പ്രതിയെ കോഴിക്കോട്ടെ ക്യാമ്പിലേക്ക് എത്തിച്ചതിലുണ്ടായ സുരക്ഷ വീഴ്‌ച ഇതിനകം വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. പക്ഷേ കേരള അതിർത്തിയില്‍ പുലർച്ചെയുണ്ടായ സുരക്ഷ വീഴ്‌ചയ്ക്ക് ഇടയിലും മാധ്യമങ്ങളെ പൂർണമായും മാറ്റിനിർത്താനും വട്ടം കറക്കാനുമാണ് അന്വേഷണസംഘം ശ്രദ്ധ ചെലുത്തിയത്.
വഴി തടഞ്ഞ് ഒളിച്ച് കളിച്ച് പൊലീസ്:ക്യാമ്പ് സ്ഥിതി ചെയ്യുന്ന മാലൂർകുന്നിലേക്കുള്ള റോഡ് ആരംഭിക്കുന്ന സ്ഥലത്ത് തന്നെ മാധ്യമ പ്രവർത്തകരെ പൊലീസ് തടഞ്ഞു. എലത്തൂർ സ്റ്റേഷൻ പരിധിയിൽ നടന്ന കുറ്റകൃത്യമായത് കൊണ്ട് തന്നെ കോഴിക്കോട് സി.ജെ.എം ഒന്നിലാണ് പ്രതിയെ ഹാജരാക്കേണ്ടത്. ഈ പശ്ചാത്തലത്തിൽ സ്വാഭാവികമായും തൊട്ടടുത്തുള്ള ജില്ല ബീച്ച് ആശുപത്രിയിലാണ് സാധാരണഗതിയിൽ പ്രതികളെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കുന്നത്. എന്നാൽ കാത്തിരിപ്പിനൊടുവിൽ ക്യാമ്പിൽ നിന്നും ഒരു വാഹനം പുറത്തേക്ക് വരികയും അതിനു പിന്നാലെ മാധ്യമപ്രവർത്തകരുടെ വാഹനങ്ങൾ നിരനിരയായി പോവുകയും ചെയ്തു.