കേരളം

kerala

ETV Bharat / state

എലത്തൂര്‍ ട്രെയിന്‍ തീവയ്‌പ്പ് കേസ് : പിന്നില്‍ തീവ്രവാദ ബന്ധം, യുഎപിഎ ചുമത്തി അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ട്

കോഴിക്കോട് ട്രെയിന്‍ തീവയ്‌പ്പ് കേസില്‍ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അന്വേഷണ സംഘം യുഎപിഎ ചുമത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്

Kozhikode train arson case  train arson case investigation team charged UAPA  UAPA  എലത്തൂര്‍ ട്രെയിന്‍ തീവയ്‌പ്പ് കേസ്  തീവ്രവാദ ബന്ധം  യുഎപിഎ ചുമത്തി  യുഎപിഎ  നിയമ വിരുദ്ധ പ്രവർത്തന നിരോധന നിയമം
എലത്തൂര്‍ ട്രെയിന്‍ തീവയ്‌പ്പ് കേസ്

By

Published : Apr 17, 2023, 8:52 AM IST

Updated : Apr 17, 2023, 10:25 AM IST

കോഴിക്കോട് : എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ യുഎപിഎ ചുമത്തി അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. നിയമ വിരുദ്ധ പ്രവർത്തന നിരോധന നിയമം സെക്ഷൻ 16 ആണ് ചുമത്തിയത്. ഇന്നലെ അവധി ദിവസമായതിനാൽ കോഴിക്കോട് മജിസ്ട്രേറ്റ് ഒന്നിന്‍റെ വീട്ടിൽ എത്തിയാണ് പ്രത്യേക സംഘം റിപ്പോർട്ട് നൽകിയത്.

തീവയ്പ്പിന് പിന്നിൽ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതിനെ തുടർന്നാണ് യുഎപിഎ ചുമത്തിയത്. ഇതോടെ അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കും എന്നാണ് ലഭിക്കുന്ന വിവരം. അതിനിടെ പ്രതി ഷാറൂഖ് സെയ്‌ഫിയുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. പ്രതിയെ ആന്ധ്രാപ്രദേശിലെ തീവ്രവാദ വിരുദ്ധ സേനയും ചോദ്യം ചെയ്‌തിരുന്നു.

ഏപ്രില്‍ രണ്ടിന് രാത്രിയാണ് ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ് ട്രെയിനില്‍ ഷാറൂഖ് സെയ്‌ഫി തീയിട്ടത്. സഹയാത്രികര്‍ക്ക് മേല്‍ കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. യാത്രക്കാരില്‍ ഒരാള്‍ അപായച്ചങ്ങല വലിച്ചതോടെ ട്രെയിന്‍ കോരപ്പുഴ പാലത്തില്‍ നിന്നു. ട്രെയിന്‍ നിന്നതോടെ അക്രമി ഓടി രക്ഷപ്പെട്ടതായി യാത്രക്കാര്‍ പിന്നീട് പൊലീസിനോട് പറഞ്ഞു.

സംഭവത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതി കണ്ണൂരിലെത്തി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നാലെ മഹാരാഷ്‌ട്രയിലേക്ക് കടന്ന ഇയാളെ മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡും കേന്ദ്ര ഇന്‍റലിജന്‍സ് വിഭാഗവും ചേര്‍ന്നാണ് പിടികൂടിയത്. തീവയ്‌പ്പിന് ശേഷം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്ന് ലഭിച്ച വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും അടിസ്ഥാനമാക്കിയായിരുന്നു അന്വേഷണം. തീവയ്‌പ്പില്‍ ഷാറൂഖിനും പൊള്ളല്‍ ഏറ്റിട്ടുണ്ട് എന്ന ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊള്ളലിന് ആശുപത്രിയില്‍ ചികിത്സ തേടിയവരെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നിരുന്നു.

പ്രതിയെ കേരളത്തില്‍ എത്തിച്ചതിന് പിന്നാലെ സംഭവിച്ചത് :ഏറെ നാടകീയ രംഗങ്ങള്‍ക്ക് ശേഷം കേരളത്തിലെത്തിച്ച പ്രതിയെ ഏപ്രില്‍ 20 വരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ് സൂരജ് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിയായിരുന്നു നടപടികള്‍ പൂര്‍ത്തിയാക്കിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം തെളിവെടുപ്പിനായി ഇയാളെ കണ്ണൂരിലേക്ക് കൊണ്ടുപോയി. ഷാറൂഖ് തീവച്ച ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസിന്‍റെ ഡി 1, ഡി 2 കമ്പാര്‍ട്ട്‌മെന്‍റില്‍ അടക്കം എത്തിച്ച് തെളിവെടുത്തു.

അതേസമയം ഷാറൂഖിനെ കോടതിയില്‍ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട് അവ്യക്തത നിലനിന്നിരുന്നു. ട്രാന്‍സിറ്റ് വാറണ്ടിന്‍റെ സമയപരിധി കഴിഞ്ഞിട്ടും പ്രതിയുടെ വിശദാംശങ്ങള്‍ ഔദ്യോഗികമായി മജിസ്‌ട്രേറ്റിനെ അറിയിച്ചിരുന്നില്ല. കരള്‍ വീക്കം ഉണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇയാളെ മെഡിക്കല്‍ കോളജില്‍ അഡ്‌മിറ്റ് ചെയ്യുകയായിരുന്നു. പരിശോധനാഫലം വന്നപ്പോള്‍ കരളിന്‍റെ പ്രവര്‍ത്തനം സാധാരണ ഗതിയിലാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അന്വേഷണ സംഘം ചീഫ് മജിസ്‌ട്രേറ്റിനെ മെഡിക്കല്‍ കോളജില്‍ എത്തിച്ച് നടപടി സ്വീകരിച്ചത്.

പരസ്‌പര വിരുദ്ധമായ മൊഴികളായിരുന്നു ചോദ്യം ചെയ്യലില്‍ ഇയാള്‍ നല്‍കിയിരുന്നത്. ആക്രമണം നടത്തിയാല്‍ തനിക്ക് നല്ലത് വരുമെന്ന് തന്നോട് ഒരാള്‍ ഉപദേശിച്ചു എന്നായിരുന്നു ആദ്യഘട്ടത്തിലെ മൊഴി. അത് ആരാണെന്ന് ആവര്‍ത്തിച്ച് ചോദിച്ചിട്ടും ഇയാള്‍ വ്യക്തമായ ഉത്തരം നല്‍കിയില്ല. പിന്നീട് കേരളത്തിലേക്ക് വരുമ്പോള്‍ മുംബൈ വരെ തന്നോടൊപ്പം ഒരാള്‍ കൂടി ഉണ്ടായിരുന്നു എന്നും ഇയാള്‍ പറഞ്ഞു. പിന്നാലെ ഈ മൊഴി തിരുത്തി. ട്രെയിനില്‍ തീ വയ്‌ക്കാനായി ഷാറൂഖ് പെട്രോള്‍ വാങ്ങിയത് ഷൊര്‍ണൂരിലെ പമ്പില്‍ നിന്നാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

Last Updated : Apr 17, 2023, 10:25 AM IST

ABOUT THE AUTHOR

...view details