കോഴിക്കോട്: ഐ.എസ്.ഒ. അംഗീകാരം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് കോഴിക്കോട് ശിശുസൗഹൃദ- ജനമൈത്രി പൊലീസ് സ്‌റ്റേഷൻ. ഇതോടെ രാജ്യത്തെ ആദ്യത്തെ ഐ.എസ്.ഒ. അംഗീകാരം ലഭിച്ച പൊലീസ് സ്‌റ്റേഷനായി മാറിയിരിക്കുകയാണ് ടൗൺ സ്‌റ്റേഷൻ.
കുട്ടികൾക്ക് പഠിക്കാനും വായിക്കാനും കളിക്കാനും പ്രത്യേക സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒപ്പം കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾക്കു ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. കൂടാതെ അവർക്ക് ആവശ്യമായ ബോധവൽക്കരണ ക്ലാസുകളും നൽകി വരികയാണ്. "ഹോപ്" (ഹെൽപ് അദർ ടു പ്രമോട്ട് എജ്യൂക്കേഷൻ) പദ്ധതിയിലൂടെ പത്താം ക്ലാസ് തോറ്റ കാരണത്താൽ പഠനം ഉപേക്ഷിച്ചവരെ കണ്ടെത്തി അവർക്ക് പ്രത്യേകം പരിശീലനം നൽകി പഠനം പൂർത്തിയാക്കാൻ സഹായിച്ചു. ഇങ്ങനെ പരീക്ഷ എഴുതിയ 62 കുട്ടികളിൽ 58 പേർ വിജയം കൈവരിച്ചു.
ഐ.എസ്.ഒ. അംഗീകാര നിറവിൽ കുട്ടിക്കൂട്ടങ്ങളുടെ സ്വന്തം പൊലീസ് സ്‌റ്റേഷൻ ഇത് മാത്രമല്ല ഈ പൊലീസ് സ്‌റ്റേഷന്‍റെ പ്രത്യേകത. 'ചിരി' എന്ന പദ്ധതിയിലൂടെ കുട്ടികളിലെ ആത്മഹത്യ പ്രവണത ഇല്ലാതാക്കാൻ കൗൺസലിങ് നൽകുന്നുണ്ട് .എസ്‌പിസി, ഒആർസി എന്നിവയുടെ സഹകരണത്തോടെ പൊലീസുകാർക്ക് ശിശു സൗഹൃദ പരിശീലനം ലഭിച്ചിരുന്നു. ഒഴിവ് സമയങ്ങൾ ചെലവഴിക്കുന്നതിനായി സ്‌റ്റേഷൻ വളപ്പിൽ പാർക്ക്, ലൈബ്രറി എന്നിവ ഒരുക്കി. ജനകീയ കൂട്ടായ്‌മയിലൂടെ എല്ലാ പ്രദേശങ്ങളിലും ബോധവൽക്കരണം നൽകുന്നുണ്ട്.
തെരുവിൽ കഴിയുന്ന 700ൽ അധികം ആളുകളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനായി സ്‌റ്റേഷൻ അധികൃതർ നേതൃത്വം നൽകി. സർക്കിൾ ഇൻസ്‌പെക്‌ടർ എ.ഉമേഷ്, എസ്.ഐ. കെ.ടി.ബിജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് സ്‌റ്റേഷന്‍റെ പ്രവർത്തനം നടക്കുന്നത്. 2011ൽ സംസ്ഥാനത്ത് ആദ്യമായി ഐ.എസ്.ഒ. അംഗീകാരം ലഭിച്ചതും ശിശുസൗഹൃദ- ജനമൈത്രി പൊലീസ് സ്‌റ്റേഷനാണ്.