കോഴിക്കോട്:വെള്ളച്ചാട്ട ദൃശ്യമനോഹാരിതയാൽ സമ്പന്നമായ കോഴിക്കോട്ടെ തുഷാരഗിരിയും അരിപ്പാറയും ആഭ്യന്തര വിദേശ വിനോദ സഞ്ചാരികൾക്ക് ഇഷ്ട കേന്ദ്രങ്ങളാണ്. ലോക്ക്ഡൗൺ തീർത്ത പ്രതിസന്ധിയെ തുടർന്ന് സഞ്ചാരികളുടെ വരവ് നിലച്ചതോടെ താൽക്കാലിക ജീവനക്കാരുടെ വരുമാനവും നിലച്ചു .കൊവിഡ് നിയമങ്ങൾ പാലിച്ച് സഞ്ചാരികൾക്കായി ഈ കേന്ദ്രങ്ങൾ തുറക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.
കോഴിക്കോട് ടൂറിസം കേന്ദ്രങ്ങൾ ലോക്ക്ഡൗൺ പ്രതിസന്ധിയിൽ കാടും കള കളാരവവും നിറഞ്ഞ അന്തരീക്ഷത്തിൽ ഓരോ ചുവടും സഞ്ചാരികൾക്ക് വലിയ ഉന്മാദമാണ് തുഷാരഗിരി, അരിപ്പാറ വെള്ളച്ചാട്ടങ്ങൾ സമ്മാനിക്കുന്നത്. പ്രകൃതി കനിഞ്ഞരുളിയ ദൃശ്യമനോഹാരിത ഒരു തവണയെങ്കിലും ആസ്വദിക്കാൻ സഞ്ചാരികള്‍ ഇവിടെയെത്താറുണ്ട്. പ്രതിദിനം 500ഓളം സഞ്ചാരികൾ വരെ ഇവിടങ്ങളിൽ എത്തിച്ചേരാറുണ്ടെന്നാണ് കണക്ക്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി സഞ്ചാരികളുടെ വരവ് നിലച്ചു. ഇതോടെ താൽക്കാലിക ജീവനക്കാരുടെ ജീവിതവും ഇരുളിലായി. ഒപ്പം പ്രദേശത്ത് ചെറിയ കച്ചവടങ്ങൾ ചെയ്തിരുന്നവരുടെയും ജീവിതം വഴിമുട്ടി. കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി പഞ്ചായത്തിലാണ് തുഷാരഗിരി. കോഴിക്കോട് നഗരത്തിൽ നിന്നും 54 കിലോമീറ്റർ സഞ്ചരിച്ചാൽ തുഷാരഗിരിയിലെത്താം.
തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലാണ് അരിപ്പാറ വെള്ളച്ചാട്ടം. നിരവധി സഞ്ചാരികളാണ് ദിവസവും ഇവിടെ എത്തിയിരുന്നത്. കൊവിഡിൽ കർശന നിയന്ത്രണങ്ങളുണ്ടങ്കിലും അത് ലംഘിച്ച് ചിലരെല്ലാം എത്തുന്നതും പതിവാണ്.
സഞ്ചാരികളുടെ പ്രവേശനം സംബന്ധിച്ച് ജില്ല ടൂറിസം അധികൃതർക്ക് മുൻപിൽ ആവശ്യം വന്നെങ്കിലും അധികൃതർ അനുമതി നൽകിയിട്ടില്ല. അതേ സമയം ഓരോ പഞ്ചായത്തിലും ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുമെന്ന ടൂറിസം മന്ത്രിയുടെ പ്രസ്താവന മലയോര ജനത വലിയ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.