കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഇന്നലെ (സെപ്റ്റംബർ 17) രാത്രി രണ്ട് അപകടങ്ങളാണ് നടന്നത് (Kozhikode Thamarassery Churam Accidents). രണ്ട് അപകടങ്ങളിലും ആളപായമില്ല. ചുരത്തിലെ രണ്ട് ഇടങ്ങളിലായി പാഴ്‌സൽ ലോറിയും കാറുമാണ് അപകടത്തിൽപ്പെട്ടത് (Car and lorry met with accident in Thamarassery Churam). ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന പാഴ്‌സൽ ലോറി രാത്രി 11 മണിയോടെയാണ് കൊക്കയിലേക്ക് മറിഞ്ഞത്. ചുരം ഒൻപതാം വളവിലായിരുന്നു അപകടം.
നിയന്ത്രണംവിട്ട ലോറി സംരക്ഷണ ഭിത്തി തകർത്ത് മരത്തിലിടിച്ച് കൊക്കയിലേക്ക് മറിയുകയായിരുന്നു. കർണാടക സ്വദേശികളായ രണ്ട് പേരാണ് ലോറിയിൽ ഉണ്ടായിരുന്നത്. ഇരുവരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ലോറി മരങ്ങളിൽ തങ്ങിനിന്നതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.
എട്ടാം വളവിൽ രാത്രി എട്ടുമണിയോടെയാണ് ഇന്നോവ കാർ സംരക്ഷണ ഭിത്തിയിലേക്ക് പാഞ്ഞു കയറിയത്. എട്ടാം വളവിന് മുകളിൽ തകരപ്പാടിക്ക് സമീപമായിരുന്നു അപകടം. ചുരം കയറുകയായിരുന്ന കാറിന് നേരെ എതിർദിശയിൽ നിന്ന് മറ്റൊരു കാർ വന്നതോടെ ഇടത്തോട്ട് വെട്ടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാർ സംരക്ഷണഭിത്തിയുടെ മുകളിലേക്ക് ഇടിച്ചുകയറി. കാർ മതിലിൽ തട്ടി നിന്നതോടെ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.
കൽപ്പറ്റയിൽ വാഹനാപകടം, ഒരാൾക്ക് പരിക്ക്: വയനാട് കൽപ്പറ്റയിൽ ഇന്നലെ (സെപ്‌റ്റംബര്‍ 17) ജീപ്പ് ഇടിച്ച് ഒരാൾക്ക് പരിക്കേറ്റിരുന്നു. കല്‍പ്പറ്റ-പിണങ്ങോട് റോഡിലെ മലബാര്‍ ബേക്കറിയിലേക്ക് ജീപ്പ് ഇടിച്ച് കയറുകയായിരുന്നു. കല്‍പ്പറ്റ പുഴമുടി സ്വദേശി കൃഷ്‌ണന്‍കുട്ടിക്കാണ് (58) പരിക്കേറ്റത്. കൃഷ്‌ണൻകുട്ടി ബേക്കറിയില്‍ സാധനം വാങ്ങുന്നതിനിടെയാണ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറിയത് (Jeep Rammed Into Bakery).