കോഴിക്കോട്:സൈനബയെ(57) കൊലപ്പെടുത്തിയ സംഭവത്തിൽ കൂട്ടുപ്രതിയെ തേടി പൊലീസ് ഗൂഡല്ലൂരിൽ. മുഖ്യപ്രതി സമദിൻ്റെ മൊഴി അനുസരിച്ചാണ് പൊലീസ് നീക്കം. സൈനബയുടെ സ്വർണം കൈക്കലാക്കാനായി കൂട്ടുപ്രതിയായ സുലൈമാൻ തന്നെയും കൊലപ്പെടുത്തുമെന്ന് ഭയന്നാണ് ക്രൂരകൃത്യത്തിന് ശേഷം സമദ് പൊലീസിൽ കീഴടങ്ങിയത്.
കൊല്ലപ്പെട്ട സൈനബയുമായി വർഷങ്ങളായുള്ള പരിചയം ഉണ്ടായിരുന്നു എന്നാണ് 52കാരനായ സമദ് പൊലീസിന് നൽകിയ മൊഴി. ഈ പരിചയം മുതലെടുത്ത് സ്വര്‍ണവും പണവും കൈക്കലാക്കുക എന്നതായിരുന്നു ഇയാളുടെ ലക്ഷ്യം. ഒരു വീട്ടില്‍ സുഖമില്ലാതെ കിടക്കുന്ന ഒരാള്‍ക്കൊപ്പം ഒരു മണിക്കൂര്‍ കഴിയണമെന്നും 10,000 രൂപ തരാമെന്നു പറഞ്ഞാണ് സമദും സുഹൃത്ത് ഗൂഡല്ലൂര്‍ സ്വദേശി സുലൈമാനും സൈനബയെ താനൂരിലേക്ക് കാറില്‍ കയറ്റിക്കൊണ്ടുപോയത്. അവിടെ വച്ച് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുക, ശേഷം സ്വർണം കൈക്കലാക്കുക എന്നതായിരുന്നു ലക്ഷ്യം.
ടാക്‌സി കാറിന്‍റെ ഡ്രൈവറായിരുന്ന സുലൈമാനുമായി എങ്ങനെയെങ്കിലും പണമുണ്ടാക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് സമദ് സംസാരിക്കുമായിരുന്നു. ഇത് പ്രകാരമാണ് സുലൈമാനൊപ്പം താനൂര്‍ കുന്നുംപുറത്തുള്ള സമദിന്‍റെ വീട്ടില്‍ നിന്നും ഒരു പരിചയക്കാരന്‍റെ കാര്‍ വാടകയ്‌ക്കെടുത്ത് ഇരുവരും കോഴിക്കോട്ടെത്തിയത്. ബസ് സ്റ്റാന്‍ഡിന് സമീപം ഓവര്‍ ബ്രിഡ്‌ജിന്‍റെ അടുത്ത് നിന്ന് ഉച്ചയ്ക്ക് ഒന്നരയോടെ സൈനബയെ കാറില്‍ കയറ്റി.
സുലൈമാനാണ് കാര്‍ ഓടിച്ചിരുന്നത്. മറ്റ് രണ്ട് പേരും പിൻസീറ്റിലാണ് ഇരുന്നത്. സമദിന്‍റെ കുന്നുംപുറത്തുള്ള വീടിനു സമീപമെത്തി. ഇയാളുടെ ഭാര്യയും മകളും തിരൂരില്‍ ഡോക്‌ടറെ കാണാന്‍ പോകുമെന്ന് പറഞ്ഞിരുന്നു. ഇളയ മകള്‍ സ്‌കൂളില്‍ പോയിരുന്നു. വീട്ടില്‍ ആരുമില്ലാത്തതുകൊണ്ട് അവിടേക്കാണ് സൈനബയെ എത്തിച്ചത്.
എന്നാല്‍, വീടിന്‍റെ വാതില്‍ തുറന്നു കിടന്നത് കണ്ടതോടെ സുലൈമാനോടു വണ്ടി മുന്നോട്ട് നീക്കി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. പോയി നോക്കിയപ്പോള്‍ ഭാര്യയും മകളും വീട്ടില്‍ തിരിച്ചെത്തിയിരുന്നു. മൊബൈല്‍ ഫോണ്‍ വീട്ടില്‍ വച്ച് സമദ് തിരികെ വന്നു.
അസുഖബാധിതനായ ആളുടെ വീട്ടില്‍ ഇപ്പോള്‍ പോകാന്‍ കഴിയില്ലെന്നും അവിടെ ആളുണ്ടെന്നും കോഴിക്കോട്ടേക്ക് തിരിച്ചു പോകാമെന്നും സൈനബയോടു പറഞ്ഞു. കൂടെ വന്നതിന് 2,000 രൂപ തരാമെന്നും പറഞ്ഞു. കാറോടിച്ച് അരീക്കോട് വഴി വരുമ്പോള്‍ വൈകിട്ട് അഞ്ചരയോടെ മുക്കം എത്തുന്നതിനു മുന്‍പ് സൈനബ ധരിച്ചിരുന്ന ഷാള്‍ സമദ് കഴുത്തില്‍ മുറുക്കി.
ഷാളിന്റെ ഒരറ്റം ഒരു കൈകൊണ്ട് ഡ്രൈവ് ചെയ്‌തുകൊണ്ടുതന്നെ സുലൈമാനും പിടിച്ചുവലിച്ചു. സൈനബ സമദിൻ്റെ മടിയിലേക്ക് കമിഴ്ന്നു കിടന്നു. ശ്വാസം നിലച്ചെന്ന് ഉറപ്പായതോടെ സുലൈമാന്‍ കാര്‍ തിരിച്ച് വഴിക്കടവ് ഭാഗത്തേക്ക് ഓടിച്ചു.