കോഴിക്കോട്: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കല്ല്യാണം കഴിച്ച നവദമ്പതികൾക്ക് പോലീസിന്‍റെ മംഗളപത്രം. കോഴിക്കോട് റൂറൽ പൊലീസാണ് ദമ്പതികളെ മംഗളപത്രം നൽകി അനുമോദിച്ചത്. വൈക്കിലശ്ശേരി സ്വദേശി കാവ്യയും നടക്കുതാഴ സ്വദേശി ലിന്‍റോയ്‌ക്കുമാണ് റൂറൽ എസ്.പി. ഡോ.എ. ശ്രീനിവാസ് നേരിട്ടെത്തി മംഗളപത്രം നൽകി ആശംസകൾ അറിയിച്ചത്. ഇതോടെ 'കൊവിഡ് കാലത്തെ കല്ല്യാണം' പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് കല്ല്യാണം നടത്തുന്നതെന്ന് പൊലീസിന്‍റെ പരിശോധനയിൽ ബോധ്യപ്പെട്ടാൽ ഉദ്യോഗസ്ഥർ നേരിട്ട് കല്ല്യാണവീട്ടിലെത്തി വധൂവരന്മാർക്ക് മംഗളപത്രം നൽകുന്ന പദ്ധതിയാണ് കൊവിഡ് കാലത്തെ കല്യാണം.
"ഈ വിശിഷ്ടമായ ദിവസം താങ്കൾ വളരെ ഉത്തരവാദപ്പെട്ട രീതിയിൽ സർക്കാർ ഇറക്കിയ മാനദണ്ഡം പാലിച്ചുകൊണ്ടാണ് പ്രവർത്തിച്ചത്. ഈ കാര്യത്തിൽ നവദമ്പതിമാരായ നിങ്ങളെ ഹൃദയത്തിന്‍റെ ഭാഷയിൽ കേരള പൊലീസിനു വേണ്ടി അഭിനന്ദിക്കുന്നു’ ഇങ്ങനെയാണ് മംഗളപത്രം അവസാനിക്കുന്നത്. ആരോഗ്യ വകുപ്പിൻ്റെ കൊവിഡ് മാനദ്ദണ്ഡങ്ങൾ പാലിച്ച് വിവാഹിതരായ എടച്ചേരി നോർത്തിലെ സിഞ്ചു- ദിൽന ദമ്പതികൾക്കും എസ്‌പിയുടെ നിർദ്ദേശ പ്രകാരം എടച്ചേരി എസ് ഐ അരുൺകുമാർ വീട്ടിലെത്തി മംഗളപത്രം കൈമാറി.