കേരളം

kerala

ETV Bharat / state

Paragon Restaurant | ലോകത്തെങ്ങും 'പാട്ടായി' കോഴിക്കോട്ടെ ബിരിയാണിപ്പെരുമ ; മികച്ച രുചിപ്പട്ടികയില്‍ പാരഗണും, നേട്ടം മൂന്നാംവട്ടം - ട്രാവല്‍ ഓണ്‍ലൈന്‍ ഗൈഡായ വെബ്‌സൈറ്റ്

ക്രൊയേഷ്യയിലെ ട്രാവല്‍ ഓണ്‍ലൈന്‍ ഗൈഡായ വെബ്‌സൈറ്റ് പുറത്തുവിട്ട പട്ടികയിലാണ് കോഴിക്കോട്ടെ പാരഗണ്‍ റെസ്റ്റോറന്‍റിന് നേട്ടം

Etv Bharat
Etv Bharat

By

Published : Jun 25, 2023, 7:27 PM IST

സാഗ്രെബ് (ക്രൊയേഷ്യ) / കോഴിക്കോട്:മലബാറിന്‍റെ രുചിയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവര്‍ വിട്ടുപോവാതെ പറയുന്ന ഒരു പേരുണ്ട്, കോഴിക്കോട്ടെ പാരഗണ്‍. ഈ ഹോട്ടലിലെ ബിരിയാണിപ്പെരുമ കേരളത്തില്‍ മാത്രമല്ല, ലോകത്ത് തന്നെ ഇപ്പോള്‍ 'പാട്ടാ'യിരിക്കുകയാണ്. ട്രാവല്‍ ഓണ്‍ലൈന്‍ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് പുറത്തുവിട്ട പട്ടികയില്‍ ലോകത്തെ 150 ഐതിഹാസിക റെസ്റ്റോറന്‍റുകളില്‍ 11ാം സ്ഥാനമാണ് പാരഗണ്‍ സ്വന്തമാക്കിയത്. ഇവിടുത്തെ ബിരിയാണി തന്നെയാണ് പാരഗണിന് ഈ നേട്ടം കൈവരിക്കാന്‍ വഴിയൊരുക്കിയത്.

പട്ടികയില്‍ ഒന്നാമത് വിയന്നയിലെ ഫിഗ്‌മുള്ളര്‍ എന്ന സ്ഥാപനമാണ്. ഇവിടുത്തെ 'ഷ്‌നിട്‌സെല്‍ വീനര്‍ ആര്‍ട്ടാണ്' ലോകത്തെ രുചിയുള്ള ഭക്ഷണങ്ങളില്‍ നമ്പര്‍ വണ്‍. ന്യൂയോര്‍ക്ക് സിറ്റിയിലെ കാട്‌സ്‌ ഡെലികാറ്റ്‌സ്സെന്‍ എന്ന ഹോട്ടലാണ് രണ്ടാമത്. ഇവിടുത്തെ 'പാസ്‌ട്രാമി ഓണ്‍ റൈ' എന്ന വിഭവമാണ് രണ്ടാമതുള്ളത്. പുറമെ പട്ടികയില്‍ ബെംഗളൂരു മാവേലി ടിഫിൻ റൂംസിന്‍റെ 'റവ ഇഡ്ഡലി' 39ാം സ്ഥാനം സ്ഥന്തമാക്കിയിട്ടുണ്ട്.

2018ൽ ക്രൊയേഷ്യ ആസ്ഥാനമായി തുടക്കമിട്ടതാണ് ഈ ഓണ്‍ലൈന്‍ ഗൈഡായ ടേസ്റ്റ് അറ്റ്ലസ്. ഈ വെബ്‌സൈറ്റിന്‍റെ റാങ്കിങ്ങില്‍ മൂന്ന് വർഷമായി ഇന്ത്യയിൽ ഒന്നാമത് പാരഗൺ തന്നെയാണ്. ഭക്ഷണമേഖലയിൽ ആധികാരികമായ പഠനം നടത്തിയാണ് ഈ റാങ്കിങ് ഒരുക്കുന്നത്. ലേഖനങ്ങളും റിവ്യൂകളും സർട്ടിഫിക്കറ്റുകളുമടക്കം പരിശോധിച്ചാണ് മാര്‍ക്ക് ഇടുന്നത്.

കൂടുതലറിയാം ടേസ്റ്റ് അറ്റ്‌ലസിനെക്കുറിച്ച്: ആധികാരികമായ പാചകക്കുറിപ്പുകൾ, ഭക്ഷണത്തെക്കുറിച്ചുള്ള വിശ്വാസയോഗ്യമായ റിവ്യൂകള്‍, വിഭവങ്ങളെക്കുറിച്ച് ഗവേഷണ ലേഖനങ്ങൾ എന്നിവയടക്കം ഈ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 'പരമ്പരാഗത വിഭവങ്ങൾ, പ്രാദേശിക ചേരുവകൾ, ആധികാരിക ഭക്ഷണശാലകൾ എന്നിവയുടെ ഒരു ലോക അറ്റ്ലസ്' എന്നാണ് ഈ വെബ്‌സൈറ്റ് സ്വയം പരിചയപ്പെടുത്തുന്നത്. ലോകത്തിലെ ഏകദേശം 10,000 വിഭവങ്ങളും പാനീയങ്ങളും കൂടാതെ 9,000 റെസ്റ്റോറന്‍റുകളുമാണ് ഈ വെബ്‌സൈറ്റില്‍ ലഭ്യമാവുമാവുക.

2015ൽ ക്രൊയേഷ്യൻ പത്രപ്രവർത്തകനും വ്യവസായിയുമായ മാജിത ബാബിക്കാണ് ഈ വെബ്‌സൈറ്റിന് തുടക്കം കുറിച്ചത്. 2018ന്‍റെ അവസാനത്തിലാണ് വെബ്‌സൈറ്റ് ലോഞ്ച് ചെയ്‌തത്. മൂന്ന് വർഷത്തിലധികം ഗവേഷണം നടത്തുകയും മറ്റ് ശ്രദ്ധേയമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുമാണ് സൈറ്റ് പുറത്തിറക്കിയത്. ഏകദേശം 5,000 വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയാണ് 2018ന്‍റെ തുടക്കത്തിൽ സൈറ്റ് ലോഞ്ച് ചെയ്‌തത്. 2018ല്‍ പ്രൊഫഷണൽ വെബ് ഡിസൈൻ, വെബ് ഡെവലപ്‌മെന്‍റ് എന്നിവയിലെ മികവ് കണക്കിലെടുത്ത് Awwwards Online SLന്‍റെ പ്രത്യേക പരാമര്‍ശം ലഭിച്ചിരുന്നു.

പാരഗണ്‍ എന്നാല്‍..?:1939ല്‍ പാരഗൺ ബേക്കിങ് കമ്പനിയായാണ് ഇന്നത്തെ പാരഗണിന്‍റെ തുടക്കം. പി ഗോവിന്ദന്‍, മകൻ പിഎം വത്സന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്ഥാപനം ആരംഭിച്ചത്. 1977ല്‍ വത്സന്‍ മരിച്ചതോടെ ഭാര്യ സരസ്വതി ഹോട്ടലിന്‍റെ ചുമതല ഏറ്റെടുക്കുകയും പിന്നീട് 1985ൽ ചുമതല മകൻ സുമേഷ് ഗോവിന്ദിന്‍റെ കൈകളിലെത്തുകയുമായിരുന്നു. പാരഗണിന് പുറമെ സത്‌കാര, എംഗ്രിൽ, ബ്രൗൺടൗൺ കഫേ എന്നിങ്ങനെ 25 സ്ഥാപനങ്ങളുണ്ട് ഈ കമ്പനിക്ക് കീഴില്‍. ബെംഗളൂരുവിലും ഗൾഫ് മേഖലകളിലുമടക്കമാണ് ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

ABOUT THE AUTHOR

...view details