'മഴയത്ത് വള്ളം വേണം, വെയിലത്ത് പറന്നും പോണം'; പൊതുമരാമത്ത് മന്ത്രി ഈ റോഡിലൂടെ ഒന്ന് വരണം കോഴിക്കോട്:യാത്രക്കാരുടെ നടുവൊടിച്ച് കോഴിക്കോട് - ഊട്ടി ഹ്രസ്വദൂര പാത. കോഴിക്കോട് - ഊട്ടി ഹ്രസ്വ ദൂര പാതയായ മാവൂർ - കൂളിമാട് - എരഞ്ഞിമാവ് റോഡിലൂടെയുള്ള യാത്ര ജനങ്ങൾക്ക് ദുരിതമാവുകയാണ്. ദിനംപ്രതി 100 കണക്കിന് വാഹനങ്ങളാണ് ഇതുവഴി ഇരു ഭാഗത്തേക്കും സഞ്ചരിക്കുന്നത് (Kozhikode - Ooty short-distance route bad condition).
എന്നാൽ ഒരു പ്രാവശ്യം ഇതുവഴി പോയാൽ പിന്നെ ആശുപത്രിയിൽ പോകേണ്ട അവസ്ഥയാണ് യാത്രക്കാര്‍ക്ക്. അത്രയേറെ കുണ്ടും കുഴിയും ചാടി കടന്ന് വേണം വിചാരിച്ച സ്ഥലത്ത് എത്താൻ. വർഷങ്ങളായി തകർന്ന് തരിപ്പണമായ അവസ്ഥയിലാണ് ഈ റോഡ്. ഓരോ ദിവസവും നിരവധി അപകടങ്ങളാണ് ഇവിടെ നടക്കുന്നത്.
മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് ആംബുലൻസ് അടക്കമുള്ളവ എത്തുന്നതും ഈ റോഡിലൂടെയാണ്. എന്നാൽ ഗുരുതരാവസ്ഥയിലുള്ള രോഗികളെ കൃത്യ സമയത്ത് ആശുപത്രികളിൽ എത്തിക്കുന്നതിന് റോഡിലെ കുണ്ടും കുഴികളും വലിയ തടസമാണ് സൃഷ്ടിക്കുന്നത്.
ഇതുവഴി സർവീസ് നടത്തുന്ന ബസുകളുടെ ഉടമകളും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
ഒരു ദിവസം സർവീസ് നടത്തി കിട്ടുന്ന വരുമാനം അടുത്ത ദിവസം വർക്ക് ഷോപ്പുകളിൽ കൊടുക്കേണ്ട അവസ്ഥയാണ്. കോഴിക്കോട് - ഊട്ടി ഹ്രസ്വ ദൂര പാതയോടുള്ള അവഗണന അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരത്തിന് ഇറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.
മരപ്പാലത്തില്‍ നിന്ന് പുതിയ മാഹിപ്പാലത്തിലേക്ക് എത്ര ദൂരം: ദേശീയ പാതയിലെ വെറുമൊരു പാലമല്ല, മറിച്ച് രണ്ടു സംസ്ഥാനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന, ചരിത്ര പ്രാധാന്യം ഏറെയുള്ള പാലമാണ് മാഹി പാലം. കണ്ണൂര്‍ - കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മാഹി പാലത്തിലൂടെ ആയിരക്കണക്കിന് വാഹനങ്ങളാണ് പ്രതിദിനം കടന്നു പോകുന്നത്.
പക്ഷേ ഇതു വഴിയുള്ള ഗതാഗതം ദുരിത പൂര്‍ണമായിട്ട് വര്‍ഷങ്ങളായി. പാലത്തിന്‍റെ ശോച്യാവസ്ഥ തന്നെ ഇതിന് കാരണം. മാഹിയുടെ ടൂറിസം - വാണിജ്യ പ്രാധാന്യം കൂടി കണക്കിലെടുത്ത് അറ്റകുറ്റപ്പണിക്ക് വേഗം കൂട്ടണമെന്നാണ് ഏറെ നാളായി നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നത്. അടിയന്തര അറ്റകുറ്റപ്പണിക്ക് വെറും 21 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും അറ്റകുറ്റപ്പണി മാത്രം നടക്കുന്നില്ല എന്നതാണ് യാഥാർഥ്യം.
നിലവിൽ ദേശീയപാത 66 ല്‍ മുഴപ്പിലങ്ങാട് മുതല്‍ മാഹി വരെയുള്ള പാതയുടെ പണി അന്തിമഘട്ടത്തിലാണ്. ഇത് ഡിസംബര്‍ മാസം പൂര്‍ത്തീകരിക്കുന്നതിലാണ് ദേശീയപാത അധികൃതരുടെ ശ്രദ്ധ മുഴുവന്‍. ഈ പാതയുടെ ഭാഗമായി മാഹിപ്പാലത്തിന് സമാന്തരമായി മറ്റൊരു പാലം തയ്യാറായിട്ടുണ്ട്. അത് തുറക്കുന്നതോടെ മാഹി പാലത്തിന്‍റെ പ്രാധാന്യം കുറയുമെന്നാണ് ദേശീയ പാത അധികൃതര്‍ കണക്ക് കൂട്ടുന്നത്. ദേശീയ പാത വഴി മാറി പുതിയ ദിക്കിലൂടെ യാഥാര്‍ഥ്യമാകുമ്പോള്‍ മാഹിപ്പാലം പോണ്ടിച്ചേരി-കേരള സര്‍ക്കാറുകള്‍ക്ക് ദേശീയപാത വിഭാഗം നല്‍കുമെന്നാണ് കരുതുന്നത്.
READ ALSO: ഇംഗ്ലീഷുകാർ നിർമിച്ച മരപ്പാലത്തില്‍ നിന്ന് പുതിയ മാഹിപ്പാലത്തിലേക്ക് എത്ര ദൂരം