കോഴിക്കോട്: 1957 മുതല്‍ 'കോഴിക്കോട്-ഒന്ന്' എന്ന പേരിലുണ്ടായിരുന്ന നിയമസഭാ മണ്ഡലമാണ് 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ 'കോഴിക്കോട് നോര്‍ത്ത്' എന്ന് പേരുമാറിയത്. കോഴിക്കോട് നഗരത്തിന്റെ നേര്‍പകുതിഭാഗം ഈ മണ്ഡലം ഉള്‍ക്കൊള്ളുന്നു. പതിവായി മാറിമറിയുന്ന തെരഞ്ഞെടുപ്പ് ഫലം നല്‍കിയിരുന്ന മണ്ഡലം കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഇടതിനൊപ്പം നിന്നു.
മണ്ഡലത്തിന്‍റെ ചരിത്രം
കേരളപ്പിറവിക്കു ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഒടി ശാരദാ കൃഷ്ണനാണ് ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മഞ്ജുനാഥറാവു ആയിരുന്നു എതിരാളി. 1960-ലെ തെരഞ്ഞെടുപ്പിലും ശാരദാ കൃഷ്ണന്‍ വിജയം ആവര്‍ത്തിച്ചു. 1965-ലെ തെരഞ്ഞെടുപ്പില്‍ ചിത്രം മാറി. സിപിഎമ്മിലെ പിസി രാഘവന്‍ നായര്‍ ആയിരുന്നു വിജയി. പരാജയപ്പെട്ടത് കോണ്‍ഗ്രസിലെ എം കമലം. 1967-ലും ഇതുതന്നെ ആവര്‍ത്തിച്ചു.1970-ല്‍ സിപിഎമ്മിലെ തായാട്ട് ശങ്കരനെ കോണ്‍ഗ്രസിലെ പിവി ശങ്കരനാരായണന്‍ തോല്‍പ്പിച്ചു. 1977-ല്‍ ശങ്കരനാരായണന്‍ പരാജയപ്പെടുകയും സിപിഎമ്മിലെ എന്‍ ചന്ദ്രശേഖരക്കുറുപ്പ് വിജയിക്കുകയും ചെയ്തു. 1980-ലും 1982-ലും എന്‍ ചന്ദ്രശേഖരക്കുറുപ്പ് വിജയം ആവര്‍ത്തിച്ചു. 1987-ല്‍ കോണ്‍ഗ്രസ്സിലെ എം.കമലത്തെ തോല്‍പ്പിച്ച് സി.പി.എമ്മിലെ എം.ദാസന്‍ വിജയിയായി.
1991-ലെ തെരഞ്ഞെടുപ്പില്‍ ചിത്രം മാറി. കോണ്‍ഗ്രസിലെ എ സുജനപാല്‍ എം ദാസനെ തോല്‍പ്പിച്ച് മണ്ഡലം തിരിച്ചുപിടിച്ചു. എന്നാല്‍, 1996-ല്‍ സുജനപാലിനെ തോല്‍പ്പിച്ച് എം ദാസന്‍ വീണ്ടും എംഎല്‍എയായി. 2001-ല്‍ പി.സതീദേവിയെ സുജനപാല്‍ തോല്‍പ്പിച്ചു. മന്ത്രിസ്ഥാനത്തെത്തിയ സുജനപാല്‍ 2006-ലെ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ എ പ്രദീപ്കുമാറിനോടു പരാജയപ്പെട്ടു. 2011-ല്‍ കോണ്‍ഗ്രസിലെ പി.വി.ഗംഗാധരനെ തോല്‍പ്പിച്ച് പ്രദീപ്കുമാര്‍ വിജയം ആവര്‍ത്തിച്ചു. 2016ലും കോൺഗ്രസിന്‍റെ പിഎം സുരേഷ് ബാബുവിനെ 27,873 വോട്ടുകൾക്ക് എൽഡിഎഫിന്‍റെ എ പ്രദീപ് കുമാർ തോല്‍പ്പിച്ച് ഹാട്രിക് ജയം നേടി.
മണ്ഡലത്തിന്‍റെ രാഷ്ട്രീയം
കാലങ്ങളായി എൽഡിഎഫിനെ പിന്തുണയ്ക്കുന്ന മണ്ഡലമാണ് കോഴിക്കോട് നോർത്ത്. ചെട്ടികുളം, എരഞ്ഞിക്കൽ, പുത്തൂർ, മൊകവൂർ, കുണ്ടൂപറമ്പ്, കരുവിശ്ശേരി, തടമ്പാട്ട്താഴം, വേങ്ങേരി, പൂളക്കടവ്, സിവിൽ സ്റ്റേഷൻ, വെള്ളിമാട്കുന്ന്, മൂഴിക്കൽ, നല്ലളം, കൊളത്തറ, കുണ്ടായിതോട്, ചെറുവണ്ണൂർ ഈസ്റ്റ്, ചെറുവണ്ണൂർ വെസ്റ്റ്, ബേപ്പൂർ, ബേപ്പൂർ പോർട്ട്, മാറാട്, നടുവട്ടം , പുഞ്ചപ്പാടം, എലത്തൂർ, മലാപറമ്പ്, പാറോപ്പടി, തിരുവണ്ണൂർ, ചേവരമ്പലം വാർഡുകൾ അടങ്ങുന്നതാണ് ഈ മണ്ഡലം. കോർപ്പറേഷൻ വാർഡുകളിൽ 22 ഇടത്ത് എൽഡിഎഫും നാലിടത്ത് യുഡിഎഫും ഒരിടത്ത് ബിജെപിയും ജയിച്ചിരുന്നു. ഇത്തവണ വിജയം തന്നെയാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. പരമാവധി വോട്ടുകൾ നേടി മണ്ഡലത്തിലെ സ്വാധീനം ശക്തമാക്കുന്നതിനെ കുറിച്ചാണ് ബിജെപി ചിന്തിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് 2011