കോഴിക്കോട്:മലയോരത്ത് പെയ്‌ത കനത്ത മഴയില്‍ വിഷ്‌ണുമംഗലം ബണ്ട് കരകവിഞ്ഞൊഴുകി. ഇന്നലെ രാത്രിയോടെ പെയ്‌ത കനത്ത മഴയിലാണ് വിഷ്‌ണുമംഗലം ബണ്ട് കരകവിഞ്ഞൊഴുകിയത്. വടകര ഉള്‍പ്പെടെയുള്ള ഏഴ് പഞ്ചായത്തുകളില്‍ കുടി വെള്ളം പമ്പ് ചെയ്യുന്ന ജല അതോറിറ്റിയുടെ കീഴിലുള്ള ബണ്ടിന്‍റെ ഷട്ടറുകള്‍ വേനലെത്തിയതോടെ അടച്ച നിലയിലായിരുന്നു. ഇതോടെ വെള്ളം ഒഴുകി പോവാതെ ബണ്ടില്‍ മഴ വെള്ളം കെട്ടിക്കിടക്കുകയും പ്രദേശം വെള്ളപ്പൊക്ക ഭീഷണിയിലാവുകയും ചെയ്‌തു.
വിഷ്‌ണുമംഗലം ബണ്ട് കരകവിഞ്ഞൊഴുകി; പ്രദേശവാസി മാധ്യമങ്ങളോട് Also Read:സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത ; 5 ജില്ലകളിൽ യെല്ലോ അലർട്ട്
വളയം പഞ്ചായത്തിലെ ചെറുമോത്ത് ഭാഗങ്ങളില്‍ ജലനിരപ്പ് ഉയർന്ന് പ്രദേശത്തെ 15 ഓളം വീടുകളില്‍ വെള്ളം കയറുന്ന അവസ്ഥയിലാണ്. വേനലില്‍ ബണ്ടിന്‍റെ ഷട്ടറുകള്‍ അടക്കുകയും മഴക്കാലമെത്തുമ്പോള്‍ ഷട്ടറുകള്‍ തുറന്ന് വിടുകയുമാണ് പതിവ്. കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പ് ലഭിച്ചിട്ടും ഷട്ടറുകള്‍ തുറക്കാതിരുന്നത് പ്രതിഷേധത്തിനിടയാക്കി. ഇതോടെ നാട്ടുകാര്‍ ജല അതോറിറ്റി ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും ഷട്ടര്‍ തുറക്കുന്നതിന് തൊഴിലാളികളെ കിട്ടാനില്ലെന്ന മറുപടിയാണ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ചതെന്നും ആരോപണമുണ്ട്.
Also Read:ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അടുത്ത നാല് ദിവസം അതിശക്തമായ മഴ
നാദാപുരം എംഎല്‍എയുടെ ഓഫീസില്‍ നിന്ന് ഇന്ന് രാവിലെ ഷട്ടറുകള്‍ തുറക്കുമെന്നും പുഴയോരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം ലഭിച്ചെങ്കിലും ജല അതോറിറ്റി ഉദ്യോഗസ്ഥരോ ആരും തന്നെ സ്ഥലത്ത് എത്തിയില്ലെന്ന് പ്രദേവാസികള്‍ പറഞ്ഞു. ഇന്നും മഴ തുടരുകയാണെങ്കില്‍ മേഖലയിലെ വീടുകളും മറ്റും വെള്ളത്തിനടിയിലാവുമെന്ന ഭീതിയിലാണ് പരിസരവാസികളായ നാട്ടുകാര്‍.