കോഴിക്കോട്:ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ഹോസ്‌റ്റലിലെ സമയ നിയന്ത്രണത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് വിദ്യാര്‍ഥികള്‍. സംസ്ഥാനത്തെ സർക്കാർ മെഡി.കോളജ് ഹോസ്റ്റലുകളിലെ സമയ പരിധി ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ ഇന്ന് ഹൈക്കോടതിയെ സമീപിച്ചത്. കേരളത്തിലെ മുഴുവന്‍ മെഡിക്കല്‍ കോളജുകളിലെ ഹോസ്‌റ്റലുകളിലെയും സമയ പരിധി ഒഴിവാക്കണം, 24 മണിക്കൂറും റീഡിങ് റൂം തുറന്ന് പ്രവര്‍ത്തിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാര്‍ഥികള്‍ കോടതി മുമ്പാകെ അറിയിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് വനിത ഹോസ്‌റ്റലിലെ നിയന്ത്രണം; ഹൈക്കോടതിയെ സമീപിച്ച് വിദ്യാര്‍ഥികള്‍ - kerala news updates
ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് വനിത ഹോസ്റ്റലില്‍ ഏര്‍പ്പെടുത്തിയ സമയ പരിധി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചു.
കഴിഞ്ഞ ബുധനാഴ്‌ച രാത്രി പത്ത് മണിക്കാണ് ഹോസ്റ്റല്‍ അടയ്ക്കുമെന്ന് അറിയിച്ച് വിദ്യാര്‍ഥികള്‍ക്ക് വാട്‌സ്‌ആപ്പ് സന്ദേശം ലഭിച്ചത്. തുടര്‍ന്ന് രാത്രി പത്ത് മണിക്ക് ശേഷം ഹോസ്‌റ്റലിലെത്തിയ വിദ്യാര്‍ഥികള്‍ അകത്ത് കയറാന്‍ കഴിയാത്തതിനെ തുടര്‍ന്ന് റോഡിലിറങ്ങി പ്രതിഷേധിച്ചിരുന്നു. പ്രാക്‌ടിക്കല്‍ ക്ലാസുകളും രാത്രി ഡ്യൂട്ടിയുമുള്ള വിദ്യാര്‍ഥികള്‍ക്ക് സമയക്രമം പാലിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പെണ്‍കുട്ടികളുടെ കാര്യത്തില്‍ മാത്രമാണ് ഇത്തരം സമയക്രമമെന്നും ആണ്‍കുട്ടികളുടെ ഹോസ്‌റ്റലില്‍ ഇത്തരം നിയന്ത്രണങ്ങളില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. അതേസമയം ഹോസ്‌റ്റലുകള്‍ പത്ത് മണിക്ക് അടയ്ക്കണമെന്നത് സര്‍ക്കാര്‍ ഉത്തരവാണെന്നും അത് നടപ്പിലാക്കുകയാണ് ചെയ്‌തതെന്നുമാണ് കോളജ് അധികൃതരുടെ വിശദീകരണം. വിഷയം സംബന്ധിച്ച് കോളജ് അധികൃതര്‍ വിദ്യാര്‍ഥികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ആവശ്യമുന്നയിച്ച് വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചത്.