കോഴിക്കോട് : ഹർഷിനക്ക് പിന്നാലെ മെഡിക്കല്‍ കോളജ് ഐസിയുവിൽ പീഡനത്തിന് ഇരയായ യുവതിയും പ്രത്യക്ഷ സമരത്തിന് (Medical College ICU Harassment Case complainant to protest). കേസിൽ നീതി ലഭിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫിസിന് മുന്നിൽ സമരം നടത്താനാണ് തീരുമാനം. അതിനിടെ മെഡിക്കൽ കോളജ് പൊലീസ് അവരുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും. ഇൻസ്പെക്‌ടർ ആയിരിക്കും രേഖപ്പെടുത്തുക (Kozhikode Medical College ICU Harassment Case).
പീഡനക്കേസിൽ മാതൃസംരക്ഷണ വിഭാഗത്തിലെ ഡോക്‌ടർക്ക് മുൻപാകെ യുവതി മൊഴി നൽകിയിരുന്നു. എന്നാൽ താൻ പറഞ്ഞ കാര്യങ്ങൾ അല്ല പകരം അവർക്ക് ഇഷ്‌ടമുള്ള കാര്യങ്ങളാണ് മൊഴിയില്‍ രേഖപ്പെടുത്തിയതെന്ന് ആശുപത്രി സൂപ്രണ്ടിന് അതിജീവിത പരാതി നൽകുകയുണ്ടായി. കൂടാതെ ഡോക്‌ടർക്കെതിരെ മുഖ്യമന്ത്രിക്കും സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകിയിരുന്നു.
ആദ്യം പരാതി സ്വീകരിക്കാൻ കമ്മിഷണർ തയ്യാറായില്ല എന്ന് കാണിച്ച് ഡിജിപിക്കും പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താൻ പൊലീസ് തീരുമാനിച്ചത്. അതിനിടെ യുവതിയുടെ പരാതിയിൽ മെഡിക്കൽ കോളജ് സൂപ്രണ്ടിനോടും മൊഴി രേഖപ്പെടുത്തിയ ഡോക്‌ടറോടും പ്രിൻസിപ്പൽ വിശദീകരണം തേടി. തുടർ നടപടികൾക്കായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർക്കും വിവരം കൈമാറിയിട്ടുണ്ട്.
ശസ്‌ത്രക്രിയ കഴിഞ്ഞ യുവതിയെയാണ് ആശുപത്രിയിലെ അറ്റന്‍ഡറും വടകര സ്വദേശിയുമായ ശശീന്ദ്രന്‍ പീഡനത്തിന് ഇരയാക്കിയത്. തൈറോയിഡ് ശസ്‌ത്രക്രിയയ്‌ക്ക് വിധേയയായതായിരുന്നു യുവതി. ശേഷം ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് യുവതിയെ സ്‌ത്രീകളുടെ സര്‍ജിക്കല്‍ ഐസിയുവിലേക്ക് മാറ്റിയിരുന്നു. അറ്റന്‍ഡറായ ശശീന്ദ്രനാണ് യുവതിയെ ഐസിയുവില്‍ എത്തിച്ചത്.