കോഴിക്കോട് : ശ്രുതിതരംഗം (കോക്ലിയർ ഇംപ്ലാൻ്റ്) പദ്ധതിയിലെ ശസ്ത്രക്രിയകൾ നിർത്തി കോഴിക്കോട് മെഡിക്കൽ കോളജ്. സ്‌പീച്ച് തെറാപ്പിസ്റ്റുകൾ ഇല്ലാതായതോടെയാണ് ശസ്ത്രക്രിയകള്‍ മുടങ്ങിയത്. ഇതോടെ ശസ്ത്രക്രിയ കാത്തിരുന്ന 25 പേർ ആശങ്കയിലായി.
കഴിഞ്ഞ ഏഴ് മാസമായി തെറാപ്പിസ്റ്റുകൾക്ക് ശമ്പളം ലഭിക്കാതായതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. അവസാനമായി ജോലിയിൽ ഉണ്ടായിരുന്ന ഒരു തെറാപ്പിസ്റ്റ് കൂടി കഴിഞ്ഞ ദിവസം രാജിവച്ചു. ഇതോടെയാണ് ശസ്ത്രക്രിയ നിർത്തിയതായി കുട്ടികളുടെ രക്ഷിതാക്കളെ ആശുപത്രി അധികൃതർ അറിയിച്ചത്.
സ്‌പീച്ച് തെറാപ്പിയില്ലാതെ കോക്ലിയർ ഇംപ്ലാൻ്റ് ചെയ്‌തിട്ട് ഫലമില്ല. മെഡിക്കൽ കോളജിൽ കഴിഞ്ഞ മാസം ശസ്ത്രക്രിയ നടത്തിയ 3 കുട്ടികളുടെ ഇംപ്ലാൻ്റുകൾ തെറാപ്പിസ്റ്റ് ഇല്ലാത്ത കാരണത്താൽ ഇതുവരെ സ്വിച്ച് ഓൺ ചെയ്യാൻ കഴിഞ്ഞിട്ടില്ല. തെറാപ്പിസ്റ്റുകളെ നിയമിക്കണം എന്നാവശ്യപ്പെട്ട് രണ്ട് വർഷത്തിനിടെ സാമൂഹ്യ സുരക്ഷ മിഷന് മെഡിക്കൽ കോളജ് പലവട്ടം കത്ത് നൽകിയിരുന്നു.
എന്നാൽ, സുരക്ഷാമിഷൻ ഇതിൽ ഇടപെടാതായതോടെ മെഡിക്കൽ കോളജിന് ശസ്ത്രക്രിയ നടത്താൻ പറ്റാത്ത അവസ്ഥയായി. അതിനിടെ ശ്രുതി തരംഗം പദ്ധതി സ്റ്റേറ്റ് ഹെൽത്ത് മിഷനിലേക്ക് മാറ്റി തീരുമാനമായിരുന്നു. എന്നിട്ടും മുടങ്ങിയ ശമ്പളം കിട്ടാതായതോടെയാണ് തെറാപ്പിസ്റ്റുകൾ പണി അവസാനിപ്പിച്ച് വേറെ ജോലി നോക്കിയത്.
അതിനിടെ ശ്രുതിതരംഗം പദ്ധതി പ്രകാരം കോക്ലിയർ ഇംപ്ലാന്‍റേഷൻ സർജറിയുമായി ബന്ധപ്പെട്ട് ലഭിച്ച 52 അപേക്ഷകളിൽ 44 കുട്ടികൾക്ക് അടിയന്തര ശസ്‌ത്രക്രിയ നടത്തുന്നതിനുള്ള അംഗീകാരം നൽകിയതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു. അപേക്ഷ ലഭിക്കുന്ന മുറയ്‌ക്ക് കാലതാമസമില്ലാതെ പരിശോധന നടത്തി തീരുമാനമെടുക്കാനും സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് നിർദേശം നൽകിയിരുന്നു. പരമാവധി കുട്ടികൾക്ക് പരിരക്ഷയൊരുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
സാമൂഹ്യ സുരക്ഷാമിഷൻ കൈമാറിയ ലിസ്റ്റ് പ്രകാരമുള്ള 25 കുട്ടികളുടെ കോക്ലിയർ ഇംപ്ലാന്‍റേഷൻ മെഷീന്‍റെ അപ്ഗ്രഡേഷന് 60 ലക്ഷം രൂപയും സാമൂഹ്യ സുരക്ഷ മിഷന് അനുവദിച്ചിരുന്നു. 2010 ജൂലൈ ആറിനാണ് എൽഡിഎഫ് സർക്കാർ ‘താലോലം’ പദ്ധതിയുടെ ഭാഗമായി കോക്ലിയര്‍ ഇംപ്ലാൻ്റേഷൻ ആരംഭിച്ചത്. എന്നാൽ പിന്നീട് അധികാരത്തിൽ വന്ന ഉമ്മൻ ചാണ്ടി സർക്കാരാണ് 'ശ്രുതിതരംഗം' എന്ന പേരിൽ പദ്ധതി വ്യാപകമാക്കിയത്. ജനസമ്പർക്ക പരിപാടിയിലൂടെ നൂറ് കണക്കിന് കുട്ടികൾക്കാണ് കേൾവി ശക്തി തിരിച്ച് കിട്ടിയത്. ഇപ്പോഴും നൂറുകണക്കിന് കുരുന്നുകളാണ് കേൾവി ശക്തി തിരിച്ച് കിട്ടുന്നതും പ്രതീക്ഷിച്ച് കഴിയുന്നത്.