കോഴിക്കോട്: കോഴിക്കോട് മാവൂരില്‍ ബലക്ഷയത്തെത്തുടര്‍ന്ന് പൊളിച്ച പാലം പുതുക്കി പണിയാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തില്‍. പുതുക്കിപണിയാനായി പാലം പൊളിച്ചിട്ട് ഒന്നര വർഷം കഴിഞ്ഞിട്ടും യാഥൊരു നിർമാണ പ്രവർത്തനവും നടന്നില്ല. ഏറെക്കാലത്തെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ബലക്ഷയം ഉള്ള പാലം പൊളിച്ച് പുതിയ പാലം പണിയാന്‍ അധികൃതര്‍ തയാറായത്.
പാലം തകർന്നതോടെ മാവൂർ -ചാത്തമംഗലം പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള മുഴാപ്പാലത്തുകാരുടെ അവസ്ഥ ദുരിതത്തിലാണ്. ഗതാഗത ഭീഷണിയിലായ പാലം പുതുക്കിപ്പണിയാനുള്ള നടപടിക്കായി മാവൂർ നിവാസികൾ കാത്തിരുന്നത് അഞ്ചുവർഷമാണ്. ഒടുവിൽ ഫണ്ട് അനുവദിച്ചശേഷം പുതുക്കിപ്പണിയാൻ പാലം പൊളിച്ചുനീക്കിയിട്ട് ഒരു വർഷവും എട്ട് മാസവും പിന്നിട്ടിട്ടും പണി തുടങ്ങിയിടത്തുതന്നെയാണ്.
2016ലാണ് കരിങ്കൽ ഭിത്തി തകർന്ന് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചത്. തുടർന്ന് പൊതുമരാമത്ത് വകുപ്പ് 1.4 കോടി രൂപ അനുവദിച്ചു. പുതിയ പാലം നിർമിക്കാനായി 2021 ജനുവരിയിൽ നിലവിലെ പാലം പൊളിച്ചുനീക്കുകയും ചെയ്‌തു. എന്നാൽ, നിർമാണ പ്രവർത്തനം തുടങ്ങിയില്ല.