കോഴിക്കോട്: പെട്രോമാക്‌സിന്‍റെ രൂപത്തിൽ എമർജൻസി എൽഇഡി ലാംപ് തീർത്ത് നടുവത്തൂർ സ്വദേശി കെസി ബാബു. മരത്തിൽ തീർത്ത ന്യൂ ജെൻ പെട്രോമാക്‌സ് ഒറ്റച്ചാർജിൽ 8 മണിക്കൂർ വരെ വെളിച്ചം തരും. ആവശ്യമെങ്കിൽ വൈദ്യുതിയിലും ചാർജ് ചെയ്യാം.
മരത്തിൽ തീർത്ത എൽഇഡി വിളക്കുമായി കോഴിക്കോട് സ്വദേശി ; ഒറ്റ ചാർജിൽ 8 മണിക്കൂർ വരെ വെളിച്ചം - ആലിലയിൽ എൽഇഡി മാജിക്
നടുവത്തൂർ സ്വദേശി ബാബുവാണ് പുത്തൻ നിർമ്മിതിക്ക് പിന്നിൽ

ഇലക്ട്രീഷ്യനായ ബാബു, 4700 രൂപ വിലയുള്ള ഒരു ചൈനീസ് ലാംപ് കണ്ടതോടെയാണ് പുതിയ നിർമിതിയിലേക്ക് എത്തിയത്. ഏത് മരത്തിലും തീർത്ത് കൊടുക്കുന്ന ബാബുവിന്‍റെ എൽഇഡി ലാംപിന് 4400 രൂപ മുതലാണ് വില. ഒരു വർഷത്തെ ഫുൾ ഗ്യാരണ്ടിയും നൽകും. നാല് ലക്ഷത്തി ഇരുപതിനായിരം രൂപ ബാങ്ക് ലോണെടുത്താണ് ബാബു ഈ സംരംഭം ആരംഭിച്ചത്.
ആദ്യം നിർമിച്ച നാൽപതോളം വിളക്കുകൾ വിറ്റുപോയതോടെ പദ്ധതി വ്യാവസായികാടിസ്ഥാനത്തിലാക്കി. എന്നാൽ മഹാമാരിയും അടച്ചിടലും ബാബുവിന്‍റെ പാതയ്ക്ക് വിലങ്ങുതടിയായി. തന്‍റെ സ്വപ്‌നങ്ങൾക്ക് ചിറക് നൽകാൻ ആരെങ്കിലും മുന്നോട്ട് വരുമെന്ന പ്രതീക്ഷയിലാണ് ഇന്ന് ഇദ്ദേഹം. പട്ടിണിക്കാലത്തും ആലിലയിൽ എൽഇഡി മാജിക് തീർക്കാനുള്ള പുതിയ പണിയും ബാബു ആരംഭിച്ചുകഴിഞ്ഞു.