കോഴിക്കോട്: കാത്തിരുന്ന് മടുത്ത കോഴിക്കോട്ടുകാർക്ക് ആശ്വാസവാർത്ത. ആറ് വർഷം മുൻപ് നിർമാണം പൂർത്തിയാക്കിയ കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനല്‍ കോംപ്ലക്‌സിന് ശാപമോക്ഷം. കെടിഡിഎഫ്‌സിയും കെഎസ്ആർടിസിയും തമ്മിലുള്ള തർക്കം മൂലം പ്രവർത്തനം തുടങ്ങാതിരുന്ന ബസ് ടെർമിനലിലെ വ്യവസായ സമുച്ചയത്തിന്‍റെ ധാരണ പത്രം ഗതാഗത മന്ത്രി ഒപ്പ് വെച്ച് ഓഗസ്റ്റ് 26ന് കൈമാറും.
ആറ് വർഷം കാത്തിരുന്നു, കോഴിക്കോട് ബസ് ടെർമിനല്‍ ഓഗസ്റ്റ് 26ന് പ്രവർത്തനം തുടങ്ങും - ആലിഫ് ബിൽഡേഴ്‌സ്
വ്യവസായ സമുച്ചയം ആലിഫ് ബിൽഡേഴ്‌സ് എന്ന സ്ഥാപനത്തിന് 30 വർഷത്തേക്ക് കരാർ നൽകാൻ ഒടുവിൽ തീരുമാനമായി.
തർക്കം പരിഹരിച്ചതോടെ വ്യവസായ സമുച്ചയം ആലിഫ് ബിൽഡേഴ്‌സ് എന്ന സ്ഥാപനത്തിന് 30 വർഷത്തേക്ക് കരാർ നൽകാൻ ഒടുവിൽ തീരുമാനമായി. 17 കോടി രൂപയുടെ തിരിച്ച് നൽകാത്ത നിക്ഷേപവും 43.20 ലക്ഷം രൂപ മാസവാടകയ്ക്കുമാണ് കരാർ. മൂന്ന് വർഷത്തിലൊരിക്കൽ വാടക 10 ശതമാനം വർദ്ധിക്കും. 30 വർഷം കൊണ്ട് ഏകദേശം 250 കോടിയിലധികം വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2007 ലാണ് കോഴിക്കോട് കെഎസ്ആര്‍ടിസി കോംപ്ലക്സ് നിർമിക്കാൻ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. 2016 ൽ മാവൂര്‍ റോഡിൽ 65 കോടി രൂപ ചെലവിൽ കെടിഡിഎഫ്‌സി നിര്‍മിച്ച ബഹുനില കെട്ടിടം അഞ്ച് വര്‍ഷത്തോളം നോക്കുകുത്തിയായി. കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർ സൗകര്യങ്ങളില്ലാതെ വലയുമ്പോഴും കെട്ടിടം ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു.