കോഴിക്കോട് : യുഡിഎഫ് ഭരണകാലത്ത് നിർമിച്ച കെഎസ്ആർടിസി ബസ് ടെർമിനൽ കെട്ടിടത്തിന് ബലക്ഷയമെന്ന് റിപ്പോർട്ട്. കെട്ടിടം അടിയന്തരമായി ബലപ്പെടുത്തണമെന്ന് മദ്രാസ് ഐഐടിയുടെ റിപ്പോർട്ടിൽ പറയുന്നു. കെട്ടിടം നവീകരിക്കുന്നതിനായി ബസ് സ്റ്റാൻഡ് മാറ്റാനുള്ള ആലോചനയിലാണ് അധികൃതർ.
2015ലാണ് കോഴിക്കോട് കെഎസ്ആർടിസി സമുച്ചയം നിർമിച്ചത്. കഴിഞ്ഞ ഓഗസ്റ്റിൽ വാണിജ്യ സമുച്ചയം അലിഫ് ബിൽഡേഴ്‌സിന് നടത്തിപ്പിനായി വിട്ടുനൽകിയിരുന്നു. ആറ് വർഷത്തിനുള്ളിൽ കെട്ടിടത്തിന്‍റെ പല ഭാഗങ്ങളിലും വിള്ളൽ വീണു.
തൂണുകൾക്ക് ആവശ്യമുള്ളത്ര കമ്പി ഉപയോഗിച്ചിട്ടില്ല, പല ഭാഗങ്ങളിലും ചോർച്ചയുണ്ട് തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങളാണ് മദ്രാസ് ഐഐടി സംഘം കണ്ടെത്തിയിരിക്കുന്നത്. ബലക്ഷയം പരിഹരിക്കാൻ ഏകദേശം 30 കോടിയോളം രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.